വീടിന്റെ ചുട്ടുപൊള്ളുന്ന മട്ടുപ്പാവുകൊണ്ട് എന്തു ചെയ്യാനാണ് എന്ന് ചോദിച്ചാല്‍ തന്റെ ഒറ്റനില വീടിന്റെ മുകള്‍തട്ടിലേക്ക് വിളിച്ചുവരുത്തി, വിളഞ്ഞു നില്‍ക്കുന്ന മുന്തിരിത്തോട്ടത്തിലേക്ക് വിരലുചൂണ്ടി ഷണ്മുഖന്‍ പറയും എന്തും വിളയിക്കാമെന്ന്. 2014ല്‍ കോഴിക്കോട്ടുനിന്നു വാങ്ങിച്ച മുന്തിരി വിത്തുകള്‍ നടുമ്പോള്‍ കണ്ടുനിന്നവര്‍ പറഞ്ഞു 'വളരില്ല.. വിളയില്ല..' ഇന്നത് വളര്‍ന്നുവലുതായി മുന്തിരി വിളഞ്ഞുനില്‍ക്കുന്നു. അന്ന് മുടക്ക് പറഞ്ഞവര്‍ക്ക് ഒരുകെട്ട് മധുര മുന്തിരി നല്‍കിയാണ് ഷണ്മുഖന്‍ മറുപടി പറഞ്ഞത്. 

കഴിഞ്ഞവര്‍ഷം 10 കിലോ മുന്തിരിയാണ് വിളഞ്ഞത്. ഇക്കുറി അതിനേക്കാളുമുണ്ട്. മീനും ശര്‍ക്കരയും ഒരേ അളവിലെടുത്ത് ചാണകവും ചേര്‍ത്ത് നിര്‍മിക്കുന്നതാണ് ആകെയുള്ള വളം. തീര്‍ത്തും ജൈവം. 500 ചതുരശ്ര അടി സ്ഥലത്താണ് കൃഷി. ഭാര്യ ഷീനയും മക്കള്‍ സംഗീതും സ്വാഗതുമാണ് സഹായികള്‍.

 മട്ടുപ്പാവില്‍ കൃഷി ചെയ്യുന്നത് ഷണ്മുഖന് പുതിയ കാര്യമല്ല. തക്കാളി, പച്ചമുളക് എന്നുവേണ്ട ഒരു വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ സ്വന്തം നിലയ്ക്ക് വിളയിച്ചെടുത്തിട്ടുണ്ട്. ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചാല്‍ ആത്മവിശ്വാസത്തോടെ ഷണ്മുഖന്‍ പറയും കൃത്യമായ പരിചരണവും നിശ്ചയദാര്‍ഢ്യവും മാത്രംമതി എന്തും എവിടെയും വിളയിക്കാമെന്ന്.