നീലേശ്വരം: കൃഷിയോട് താത്പര്യമുണ്ടെങ്കില്‍ എന്തും വിളയിച്ചെടുക്കാം. സ്ഥലവും സൗകര്യവും അതിനൊരു തടസ്സമല്ല ചെങ്കല്‍പ്പാറയില്‍ മുന്തിരിവിളയിച്ച രാജന്‍ പറയുന്നു. 

കരിന്തളം ബാങ്ക് പരിസരത്തെ എ.വി.രാജന് തിരക്കൊഴിഞ്ഞ നേരമില്ല. കാര്‍ഷിക ക്ഷീരകര്‍ഷക മേഖലയിലെ അറിയപ്പെടുന്ന കര്‍ഷകനാണ് അദ്ദേഹം. രാജന്റെ വീട്ടിലേക്ക് കയറിച്ചെല്ലുന്നവരെ വരവേല്‍ക്കുന്നത് വിളഞ്ഞുനില്‍ക്കുന്ന മുന്തിരിക്കുലകളാണ്. മൂന്നുവര്‍ഷം മുന്‍പ് പടന്നക്കാട് കാര്‍ഷിക കോളേജില്‍നിന്നാണ് രാജന്‍ മുന്തിരിച്ചെടി വാങ്ങിയത്. കഴിഞ്ഞവര്‍ഷം കായ്ച്ചുതുടങ്ങി. എന്നാല്‍, ഈ വര്‍ഷം ചെടിയില്‍ നിറയെ മുന്തിരിക്കുലകളാണ്. 

20 സെന്റ് പാറപ്രദേശം മണ്ണിട്ടുനികത്തി രാജന്‍ നടത്തുന്ന ജൈവ പച്ചക്കറികൃഷി ശ്രദ്ധേയമാണ്. ചീര, വെണ്ട, പയര്‍, നരമ്പന്‍, കക്കിരി, വഴുതിന തുടങ്ങി ധാരാളം പച്ചക്കറികള്‍ ഇവിടെ കൃഷിചെയ്യുന്നുണ്ട്. കൂടാതെ ആറുപശുക്കളെയും വളര്‍ത്തുന്നുണ്ട്. നിത്യവും 30 ലിറ്റര്‍ പാല്‍ ലഭിക്കും. കരിന്തളം ക്ഷീരസംഘത്തിലാണ് പാല്‍ എത്തിക്കുന്നത്.

പച്ചക്കറികൃഷിക്കാവശ്യമായ ജൈവവളം പശുവളര്‍ത്തലിലൂടെ ലഭിക്കുന്നതും അനുഗ്രഹമാണ്. ഇതിനുപുറമെ ദിവസേന 500 റബ്ബര്‍ ചെത്തുകയും ചെയ്യും. പുലര്‍ച്ചെമുതല്‍ ആരംഭിക്കുന്ന ജോലിക്ക് വിരാമം രാത്രി ഏറെ വൈകിയാണ്. കൃഷിഭവനും ഫാര്‍മേഴ്‌സ് ക്ലബ്ബും രാജനെ മികച്ച കര്‍ഷകനായി ആദരിച്ചിട്ടുണ്ട്. കൃഷി നഷ്ടമാണെന്നും ചെയ്യാന്‍ കഴിയില്ലെന്നും പറയുന്നവര്‍ രാജനെ കണ്ട് പഠിക്കണം. ഭാര്യ സുജിതയുടെയും മക്കളായ ഐശ്വര്യ, അശ്വിന്‍രാജ്, സഹോദരി തമ്പായി എന്നിവരുടെയും പൂര്‍ണ സഹകരണവും രാജന് മുതല്‍ക്കൂട്ടാണ്.