'ഞാന്‍ ഒമ്പത് വര്‍ഷമായി തൃശൂരില്‍ സ്ഥിരതാമസം തുടങ്ങിയിട്ട്. കേരള സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്നു . അബുദാബിയിലും നൈജീരിയയിലുമെല്ലാം മെഡിക്കല്‍ ലൈബ്രേറിയനായി ജോലി നോക്കിയിട്ടുണ്ട്. തിരിച്ച് നാട്ടില്‍ വന്നപ്പോള്‍ പഴങ്ങളോട് തോന്നിയ കമ്പം കാരണം കിട്ടാവുന്നിടത്തുനിന്നെല്ലാം വിവിധയിനം പഴച്ചെടികള്‍ തേടിപ്പിടിച്ചുകൊണ്ടുവന്നു. തൃശൂരിലെ ഏതാണ്ട് മൂവായിരത്തോളം ഫാമുകളില്‍ ഞാന്‍ കയറിയിറങ്ങിയിട്ടുണ്ട്. പുതിയ പഴങ്ങള്‍ മിക്കവാറും കൊണ്ടുവരുന്നത് ആന്ധ്രയില്‍ നിന്നുമാണ്. ഞങ്ങള്‍ പാരമ്പര്യമായി കൃഷിക്കാരാണ്. ' തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകരയിലുള്ള വീട്ടില്‍ പഴച്ചെടികളും പച്ചക്കറികളും വളര്‍ത്തുന്ന മനോമോഹന്‍ദാസിന് മണ്ണ് തന്റെ വിശ്വസ്ത മിത്രമാണ്. 

പഴച്ചെടികളുടെ സാമ്രാജ്യം

ബര്‍മീസ് ഗ്രെയ്പ്, സന്യാസിപ്പഴം,മിറക്കിള്‍ ഫ്രൂട്ട്, പാഷന്‍ ഫ്രൂട്ട്, കുംകാറ്റ്, സബര്‍ജല്ലി, സ്ട്രോബെറി, കാരമ്പോള സ്റ്റാര്‍ ഫ്രൂട്ട്, മില്‍ക്കി ഫ്രൂട്ട്,ലിച്ചി,വെല്‍വെറ്റ് ആപ്പിള്‍, കിവി എന്നിവയെല്ലാമടങ്ങിയ പഴച്ചെടികളുടെ സാമ്രാജ്യമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. ചാമ്പയില്‍ തന്നെ ഏഴോളം വ്യത്യസ്തയിനങ്ങളുണ്ട്. റെഡ് ഹൈബ്രിഡ്,സാദാ റെഡ്.വെള്ള പച്ച, കശുമാങ്ങ, ഹൈബ്രിഡ് പച്ച, ആപ്പിള്‍ ചാമ്പ എന്നിങ്ങനെ പോകുന്നു ചാമ്പയിലെ താരങ്ങള്‍. Agriculture

വയലറ്റ് പേര, കിലോ പേര നാടന്‍ പേര, പൈന്‍ആപ്പിള്‍ പേര, സര്‍ദാര്‍ പേര, തായ്ലാന്റ് പേര, മുന്തിരി, ചെറിപ്പേര, ചുവപ്പ് പേര എന്നിവയാണ് പേരയിലെ വ്യത്യസ്തയിനങ്ങള്‍. 

നാരകം എത്ര വിധമുണ്ടെന്നറിയണോ? ഗണപതി നാരകം, ബബ്ലൂസ് നാരകം, ഒടിച്ചുകുത്തി നാരകം, ഇസ്രായേല്‍ ഓറഞ്ച്, ചെറുനാരകം, വടുകപ്പുളി, മുസമ്പി, ഓറഞ്ച് എന്നിവയെല്ലാം മനോമോഹന്‍ദാസ് തേടിപ്പിടിച്ചുകൊണ്ടുവന്ന നാരകങ്ങളാണ്. 

Agriculture

നാടന്‍,റെഡ്,വയലറ്റ്,മഞ്ഞ എന്നിങ്ങനെയുള്ള പാഷന്‍ ഫ്രൂട്ടുകളും ഇവിടെയുണ്ട്. ബറാബ, പൂച്ചപ്പഴം,കാരപ്പഴം,ലൂവി, എഗ് ഫ്രൂട്ട്, ആത്തച്ചക്ക, ബ്രിട്ടീഷ് ചെറി, വുഡ് ആപ്പിള്‍, റംബുട്ടാന്‍,മാങ്കോസ്റ്റിന്‍,നോനി എന്നിവയും മുറ്റത്തുള്ള ചട്ടികളില്‍ നട്ടുവളര്‍ത്തുന്നുണ്ട്.

തീര്‍ന്നില്ല ഇദ്ദേഹത്തിന്റെ വീട്ടുവളപ്പിലെ വിശേഷങ്ങള്‍. പിസ്ത, മലബാര്‍ ചെസ്റ്റ് നട്ട്, കൂവളം, ഞാവല്‍, കിളിഞാവല്‍, അബിയു, ജംബോട്ടിക്കാബ, മൂട്ടിപ്പഴം, കോകം, എലന്തപ്പഴം, പീനട്ട് ബട്ടര്‍, സീതപ്പഴം, അവക്കാഡോ എന്നിങ്ങനെ നമ്മള്‍ ഒരിക്കലെങ്കിലും കേട്ടതോ ഒരിക്കല്‍പ്പോലും കേള്‍ക്കാത്തതോ ആയ നിരവധി ഇനത്തില്‍പ്പെട്ട പഴവര്‍ഗങ്ങള്‍ മനോമോഹന്‍ദാസ് നട്ടുനനച്ചു വളര്‍ത്തുന്നു. ഓരോന്നും തമ്മില്‍ മാറിപ്പോകാതിരിക്കാന്‍ പ്രത്യേകം പ്രത്യേകം പേരെഴുതി ചെടിയോടൊപ്പം ചേര്‍ത്തുവെച്ചിട്ടുമുണ്ട്. 

Agriculture

 ജാതിക്കൃഷി

ഏകദേശം 150 ഓളം ജാതിയിനങ്ങള്‍ മനോമോഹന്‍ദാസിന്റെ വീട്ടുവളപ്പിലുണ്ട്. ഏഴാമത്തെ വര്‍ഷം മുതല്‍ ജാതിയില്‍ നിന്ന് ആദായം ലഭിച്ചു തുടങ്ങി. 45 മുതല്‍ 50 വര്‍ഷം വരെ ജാതിക്കൃഷിയില്‍ നിന്ന് ലാഭം കിട്ടും. Jathi

'പത്ത് നാടന്‍ ജാതി തൈകള്‍ നട്ടാല്‍ അഞ്ചെണ്ണം പുരുഷജാതിയും അഞ്ചെണ്ണം സ്ത്രീജാതിയുമായിരിക്കും. ആറാമത്തെ വര്‍ഷം മുതല്‍ കായ്ച്ചു തുടങ്ങുമ്പോള്‍ മാത്രമേ ഇത് മനസ്സിലാക്കാന്‍ കഴിയുകയുള്ളു. കേരള കാര്‍ഷിക സര്‍വകലാശാലയിലെ പരിശീലന പരിപാടിയില്‍ പങ്കെടുത്തതിനുശേഷം ഗ്രാഫ്റ്റ് ചെയ്ത  ജാതിതൈകള്‍ വീട്ടില്‍ നട്ടുവളര്‍ത്താന്‍ തുടങ്ങി. പുരുഷജാതിയെ എളുപ്പത്തില്‍ സ്ത്രീ ജാതിയാക്കി മാറ്റാന്‍ കഴിയും. Top cutting രീതി ഉപയോഗിച്ചാല്‍ മതി. മുകളില്‍ നിന്ന് പൊടിച്ച് വരുമ്പോള്‍ 'ഫീമെയ്ല്‍ ബഡ'് വെച്ച് പിടിപ്പിച്ച് പെണ്‍ജാതിയാക്കി മാറ്റാം.' മനോമോഹന്‍ദാസ് ജാതിക്കൃഷി ചെയ്തുള്ള അനുഭവത്തില്‍ നിന്ന് വ്യക്തമാക്കുന്നു. 

25 രൂപ കൊടുത്താല്‍ ഇന്ന് ജാതിയുടെ തൈകള്‍ വാങ്ങാന്‍ കിട്ടും. 400 രൂപ കൊടുത്ത് ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ വാങ്ങുന്നതിനു പകരം വിത്തുമുളപ്പിച്ച തൈകള്‍ വാങ്ങി Top cutting ഉപയോഗിച്ച് പെണ്‍ജാതിയാക്കിയാല്‍ മതി. 

agriculture

 അക്വാപോണിക്സ്

'രാസവസ്തുക്കള്‍ വിതറി മാസങ്ങളോളം ഫ്രഷ് ആക്കി നിര്‍ത്തുന്ന മത്സ്യങ്ങള്‍ കഴിക്കേണ്ട കാര്യമുണ്ടോ? വിഷമില്ലാത്ത മത്സ്യം കിട്ടാന്‍ അക്വാപോണിക്സ് ഉപയോഗിച്ചുള്ള മത്സ്യം വളര്‍ത്തലിലൂടെ സാധിക്കും. ഒരു സെന്റ് കുളത്തില്‍ നിന്നും മൂന്ന് സെന്റ് കൃഷിഭൂമിയില്‍ നിന്നുള്ള പച്ചക്കറിയും ലഭിക്കും. 3500 ഓളം മത്സ്യങ്ങളെ അക്വാപോണിക്സിലൂടെ വളര്‍ത്തുന്നുണ്ട്. ഒന്നര ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച ടാങ്കിലാണ് മത്സ്യങ്ങള്‍ വളരുന്നത്. ഇതുകൂടാതെ നടുമുറ്റത്ത് പായസം വെക്കാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ചരക്കില്‍ 500 ഓളം മീനുകളുണ്ട്.' 

അക്വാപോണിക്സും പച്ചക്കറി കൃഷിയും വന്‍വിജയമായി മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചാണ് മനോമോഹന്‍ദാസ് പറയുന്നത്. മത്സ്യം വളര്‍ത്തുന്നതില്‍ നിന്നുള്ള വെള്ളമാണ് തൊടിയിലെ പച്ചക്കറികള്‍ക്ക് വളമായി ഉപയോഗിക്കുന്നതെന്നതാണ് പ്രധാനപ്പെട്ട കാര്യം.

Agriculture

 ജൈവകൃഷിയുടെ പക്ഷത്താണ് ഞാന്‍; ജാതിക്ക് പൊട്ടാഷ് നിര്‍ബന്ധം

ആട്ടിന്‍കാഷ്ഠവും ചാണകവുമാണ് വളമായി ഉപയോഗിക്കുന്നത്. ജാതി ഒഴിച്ചുള്ള വിളകള്‍ക്കെല്ലാം കൊല്ലത്തില്‍ രണ്ടുതവണ ചാണകം മാത്രമേ ഉപയോഗിക്കാറുള്ളു. ജാതിക്കൃഷിക്ക് പൊട്ടാഷ് കുറഞ്ഞാല്‍ കായ്കള്‍ക്ക് വലുപ്പം കുറയും. ജാതി പൂക്കുന്നതിനു മുമ്പ് മിതമായ രീതിയില്‍ പൊട്ടാഷ് ഉപയോഗിക്കുന്നത് നല്ലതാണ്. 

ഇംഗ്ലീഷ് മരുന്നും ആയുര്‍വേദ മരുന്നും ഉപയോഗിക്കുന്നതുപോലെയാണ് ജൈവവളവും രാസവളവും തമ്മിലുള്ള വ്യത്യാസം. പൊട്ടാഷ് വിതറുന്നത് മണ്ണ് പതുക്കെ ഒന്ന് മാറ്റിയതിനുശേഷമാണ്. യഥാര്‍ഥത്തില്‍ ഇതുമൂലം മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ദ്ധിപ്പാക്കാന്‍ സഹായിക്കുന്ന ഇരകള്‍ പിടഞ്ഞു ചാകുകയാണ് ചെയ്യുന്നത്. എന്നാല്‍ ചാണകമിടുമ്പോള്‍ മണ്ണിന്റെ ഘടന മാറുന്നില്ല. Agriculture

വിവിധയിനം പഴവര്‍ഗങ്ങള്‍ കൂടാതെ ഇരുമ്പന്‍പുളി,നാടന്‍പുളി,കോവല്‍പുളി,മധുരവാളന്‍ പുളി, നെല്ലിപ്പുളി, കുടമ്പുളി എന്നിവയും വിവിധയിനം മാവുകളും വൃക്ഷങ്ങളും വീട്ടുവളപ്പിലുണ്ട്.

ഈ കൃഷിക്കാരന് പറയാനുള്ളത് മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്, ' നമ്മള്‍ കൃഷിയോട് കാണിക്കുന്ന സമീപനമനുസരിച്ചായിരിക്കും കൃഷി ചെയ്തുണ്ടാകുന്ന വിജയം. മണ്ണ് ചതിക്കില്ലെന്നാണ്‌ എന്റെ വിശ്വാസം'

Contact number: 99479  930 00