ശീതകാല പച്ചക്കറി കൃഷിക്ക് കേരളത്തിലും പ്രചാരം ഏറിവരുന്നു. കാബേജ്, കോളിഫ്ലവര്‍, ബീറ്റ്റൂട്ട് മുതലായ മഞ്ഞുകാല പച്ചക്കറികള്‍ മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടവയാണ്.

കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും, നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയത്ത് ഇവ വിജയകരമായി കൃഷിചെയ്യുന്നതിന് സാധിക്കുന്നു. തൈ നട്ട് ഏകദേശം രണ്ടേകാല്‍ മാസംകൊണ്ട് വിളവെടുക്കാന്‍ സാധിക്കും.

കൃഷിരീതി: നവംബര്‍ മാസത്തില്‍ തൈകള്‍ നട്ടു കൃഷി ആരംഭിക്കാം. അതിനായി ഒക്ടോബര്‍ പകുതിയോടെ നഴ്സറികളിലോ പ്രോട്രേകളിലോ വിത്ത് പാകി തൈകള്‍ ഉത്പാദിപ്പിച്ച് 20-25 ദിവസം പ്രായമാകുമ്പോള്‍ പറിച്ച് നട്ടാണ് കാബേജും കോളിഫ്ലവറും കൃഷിചെയ്യുന്നത്. 

കരുത്തുറ്റ നല്ല തൈകള്‍ പോട്രേകളില്‍ പാകി ഉത്പാദിപ്പിക്കുന്നതാണ് നല്ലത്. പ്രോട്രേകളില്‍ ചകിരി കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്  എന്നിവ 3:1  എന്ന അനുപാതത്തില്‍ ചേര്‍ത്തു നിറയ്ക്കണം. ട്രേയിലെ ഓരോ കുഴിയിലും ഓരോ വിത്ത് വീതം പാകണം. 4-5 ദിവസംകൊണ്ട് വിത്ത് മുളയ്ക്കും. മിശ്രിതം നിറച്ച് വിത്തുപാകിയ ട്രേകള്‍ കീടരോഗബാധ ഏല്‍ക്കാത്തവിധത്തില്‍ 20-25 ദിവസം വെള്ളവും വളവും നല്കി പരിചരിക്കണം. രോഗങ്ങള്‍ നിയന്ത്രിക്കാനും വളര്‍ച്ച ത്വരിതപ്പെടുത്താനും സ്യൂഡോമോണസ് ലായനി തളിച്ചുകൊടുക്കണം.

കൂടാതെ വെള്ളത്തില്‍ അലിയുന്ന ജൈവവളക്കൂട്ടുകള്‍ നേര്‍പ്പിച്ച് ഒഴിച്ചുകൊടുക്കണം. പത്തു ദിവസങ്ങള്‍ക്കകം മുളയ്ക്കുന്ന വിത്തുകള്‍ നാലില പ്രായമാകുമ്പോള്‍ പറിച്ചുനടാം. ഇപ്പോള്‍ ആരോഗ്യമുള്ള നല്ല തൈകള്‍ ഫാമുകളില്‍ ലഭ്യമാകുന്നുണ്ട്.

ചട്ടികളിലും, ഗ്രോ ബാഗുകളിലും മേല്‍മണ്ണും ജൈവവളവും ചേര്‍ത്ത് പോര്‍ട്ടിംഗ് മിശ്രിതം തയ്യാറാക്കാം. വലിയ രീതിയില്‍ കൃഷി ചെയ്യുന്നവര്‍ ചാലുകളില്‍ മേല്‍മണ്ണും ജൈവവളവും (ഒരു സെന്റിന് 100 കി.ഗ്രാം എന്നതോതില്‍) ചേര്‍ത്ത്  ചാലുകള്‍ മുക്കാല്‍ ഭാഗത്തോളം മൂടണം. ഈ തയ്യാറാക്കിയ ചാലുകളില്‍ രണ്ടടി അകലത്തില്‍ തൈകള്‍ നടാം. തൈകള്‍ നട്ട് 3-4 ദിവസത്തേക്ക് തണല്‍ നല്കണം. (അമ്ലാംശം കൂടുതലുള്ള പ്രദേശമാണെങ്കില്‍ നിലമൊരുക്കുമ്പോള്‍ സെന്റിന് 4.5 കിലോഗ്രാം കുമ്മായമോ 3.4 കി.ഗ്രാം. ഡോളമൈറ്റോ ചേര്‍ക്കണം. ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം പരിഹരിക്കാന്‍ വൈകുന്നേരങ്ങളില്‍ നനയ്ക്കുകയാണ് ഉചിതം. വെയിലിന്റെ കാഠിന്യമനുസരിച്ച് നനദിവസങ്ങളില്‍ ഒന്ന്, രണ്ട് തവണകളായി വര്‍ധിപ്പിക്കണം.

മണ്ണിരക്കമ്പോസ്റ്റ് കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് മുതലായ ജൈവവളങ്ങള്‍ തുല്യ അളവില്‍ കൂട്ടിക്കലര്‍ത്തി,  മൂന്നാഴ്ച പ്രായമാകുമ്പോള്‍ തൈ ഒന്നിന് 50 ഗ്രാം വീതം നല്കിയതിനുശേഷം മണ്ണ് കയറ്റിക്കൊടുക്കണം. ആഴ്ചതോറും ചാണകം, കടലപ്പിണ്ണാക്ക്, ഗോമൂത്രം എന്നിവ ചേര്‍ത്ത്  പുളിപ്പിച്ച മിശ്രിതം നാല് ഇരട്ടി നേര്‍പ്പിച്ച് ചെടിയുടെ ചുവട്ടില്‍ കൊടുക്കുന്നത് ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. തൈകള്‍ നട്ട് 1-1.5 മാസം കൊണ്ട് കോളിഫ്‌ളവറില്‍ കാര്‍ഡും രണ്ടു മാസംകൊണ്ട് കാബേജില്‍ ഹെഡും കണ്ടുതുടങ്ങും.

കാര്‍ഡുകളും ഹെഡുകളും 10-15 ദിവസംകൊണ്ട് പൂര്‍ണ വളര്‍ച്ചയെത്തും. ഭംഗിയുള്ള കോളിഫ്ലവറും കാബേജും ലഭിക്കുന്നതിന് പകുതി മൂപ്പെത്തുമ്പോള്‍ അവ ചെടിയുടെ തന്നെ ഇലകള്‍ കൊണ്ട് പൊതിഞ്ഞും നിര്‍ത്തണം. രോഗങ്ങളും കീടങ്ങളും പൊതുവേ കുറവാണ്. ഇലതീനിപ്പുഴുക്കളുടെ ആക്രമണം കാണുകയാണെങ്കില്‍ ജൈവകീടനാശിനിയായ ഡൈപെന്‍ ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുകയോ വേപ്പിന്‍കുരു സത്ത് ഉപയോഗിക്കുകയോ ചെയ്യാം.

രണ്ടാഴ്ച കൂടുമ്പോള്‍ രണ്ടുശതമാനം വീര്യത്തില്‍ സ്യൂഡോമോണസ് ലായനി ചെടികളില്‍ തളിച്ചുകൊടുക്കുന്നത് അഴുകല്‍ രോഗത്തില്‍ നിന്ന് ചെടികളെ സംരക്ഷിക്കും. കൂടാതെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. രണ്ടര മാസത്തിനകം വിളവു നല്കുന്ന ഇവരില്‍ ഇലതീനിപ്പുഴുക്കളുടെ ശല്യമുണ്ടായാല്‍ രണ്ടുശതമാനം വീര്യമുള്ള വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം തളിച്ച് നിയന്ത്രിക്കാവുന്നതാണ്. എന്തെങ്കിലും കാരണത്താല്‍ കാബേജിന്റെ തലകള്‍ നഷ്ടപ്പെട്ടാല്‍ വശങ്ങളില്‍ നിന്നും ഒട്ടേറെ ചെറിയ തലകള്‍ കിളിര്‍ത്തുവരുന്നത് കാണാം. അപ്പോള്‍ വലിയതും യോഗ്യമായതുമായ ഒന്നിനെ വളരാന്‍ അനുവദിച്ച് ബാക്കിയുള്ളവയെ നീക്കം ചെയ്യണം. എന്നാല്‍, മാത്രമേ ഗുണമേന്മയുള്ള കാബേജ് ലഭിക്കുകയുള്ളൂ. 

ഹെഡുകള്‍ മാറ്റി നട്ടാല്‍ അവ വേറെ ചെടികള്‍ ആയി വളര്‍ന്നു ഫലം നല്കും .ചുരുങ്ങിയ സമയത്തിനകം ആദായം നല്‍കുന്ന ശീതകാല പച്ചക്കറികൃഷി നമുക്കും ഒരു ശീലമാക്കാം. ശ്രദ്ധയോടെ പരിചരിച്ചാല്‍ കീടനാശിനി വിമുക്തമായ കാബേജും കോളിഫ്ലവറും സ്വന്തം വീടുകളില്‍ ഉത്പാദിപ്പിക്കാം.