ഞങ്ങളുടെ പറമ്പിലെ തെങ്ങിന്റെ ഓലകള്‍ മടലോടുകൂടി താഴേക്ക് ഒടിയുന്നു. ഒരു വര്‍ഷം മുമ്പ് 5 വര്‍ഷം മൂപ്പുളള തൈ കൂമ്പോടുകൂടി ചീഞ്ഞ് ഒടിഞ്ഞുപോയിരുന്നു. ഉപ്പും പൂഴിയും കലര്‍ത്തി തൈകളുടെ കൊരലില്‍ ഇടാന്‍ കൃഷിഭവനില്‍ നിന്നു പറഞ്ഞു. എല്ലാത്തിനും ഇതു ചെയ്തു. പക്ഷെ ഇപ്പോഴും തൈത്തെങ്ങുകളുടെ ഓലകള്‍ ഒടിഞ്ഞു താഴുന്നു. ഇതിന് കാരണം എന്ത്? പ്രതിവിധി എന്താണ്? തെങ്ങിന് ഉപ്പിട്ടാല്‍ നല്ലതാണോ? മാതൃഭൂമി കാര്‍ഷിക രംഗത്തില്‍ മറുപടി പ്രതീക്ഷിക്കുന്നു. - ബാലാമണി, കാരയാട്, മേപ്പയ്യൂര്‍ , കോഴിക്കോട് 
 
തെങ്ങോലകള്‍ ഒടിഞ്ഞുതൂങ്ങുന്നത് പ്രധാനമായും കുമിള്‍വരുത്തുന്ന മൂന്നു രോഗാവസ്ഥകളിലാണ്. ഇതിലൊന്ന് ചെന്നീരൊലിപ്പ് എന്ന കുമിള്‍ രോഗമാണ്. ചെന്നീരൊലിപ്പില്‍ മറ്റു പ്രധാന ലക്ഷണങ്ങള്‍ക്കു പുറമെ പുതുതായി വിരിയുന്ന ഓലകളുടെ വലിപ്പം കുറയുന്നതിനോടൊപ്പം രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ അടിയോലകള്‍ ഒടിഞ്ഞുതൂങ്ങാറുണ്ട്. 

മറ്റൊന്ന് കുമിള്‍ രോഗമായ കൂമ്പുചീയലാണ്. ഇതില്‍ നാമ്പോലകള്‍ മഞ്ഞളിച്ച് രോഗം മൂര്‍ച്ഛിക്കുന്നതോടെ നാമ്പോല ഉണങ്ങി വാടുകയോ ഒടിഞ്ഞു തൂങ്ങുകയോ ചെയ്യാറുണ്ട്. 

തഞ്ചാവൂര്‍ വാട്ടം എന്ന കുമിള്‍ രോഗത്തിലും പ്രധാന ലക്ഷണത്തോടൊപ്പം പുറം മടലുകള്‍ ഉണങ്ങി ഒടിഞ്ഞു തൂങ്ങുക പതിവുണ്ട്. 

ചോദ്യത്തില്‍ പറഞ്ഞിരിക്കുന്ന സൂചനകളില്‍ നിന്നും തെങ്ങുകള്‍ക്ക് കൂമ്പുചീയല്‍ ബാധിച്ചതായി കാണുന്നു. പ്രത്യേകിച്ച് പ്രായം കുറഞ്ഞ തെങ്ങുകളില്‍. ഈ സാഹചര്യത്തില്‍ കുമിള്‍ബാധ നിയന്ത്രണ വിധേയമാക്കാനുളള ശാസ്ത്രീയമാര്‍ഗ്ഗങ്ങളാണ് ഇവിടെ ഇനിയും താമസിയാതെ ചെയ്യേണ്ടത്.

ഒടിഞ്ഞു തൂങ്ങിയ ഓലകള്‍ നീക്കി തെങ്ങിന്‍മണ്ട വൃത്തിയാക്കി ഒരു ശതമാനം വീര്യമുളള ബോര്‍ഡോമിശ്രിതം തളിക്കുക.

 100 ഗ്രാം തുരിശും 100 ഗ്രാം ചുണ്ണാമ്പും വെവ്വേറെ 500 മി. ലി. വീതം വെളളത്തില്‍ കലക്കി ലയിപ്പിച്ച് ഒരു ലിറ്റര്‍ ബോര്‍ഡോ കുഴമ്പ് തയാറാക്കി വൃത്തിയാക്കിയ ഭാഗങ്ങളില്‍ മണ്ടയില്‍ പുരട്ടുകയും ചെയ്യാം.

കുമിള്‍ നാശിനിയായ മാങ്കോസെബ് രണ്ടു ഗ്രാം വീതം തുണിയില്‍ കിഴി കെട്ടിയോ പോളിത്തീന്‍ പാക്കറ്റിലാക്കി സുഷിരങ്ങളിട്ടോ കൂമ്പിനു തൊട്ടുതാഴെയുളള ഓലക്കവിളുകളില്‍ ചരടു കൊണ്ട് കെട്ടിയിടണം. ചുറ്റുമുളള തെങ്ങുകള്‍ക്കും ഒരു ശതമാനം വീതമുളള ബോര്‍ഡോ മിശ്രിതം പ്രതിരോധമായി തളിക്കണം. 

20 ഗ്രാം സ്യൂഡോമോണസോ പി.ജി.പി.ആര്‍ 2 മിശ്രിതമോ ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി മണ്ട കുതിര്‍ക്കെ ഒഴിക്കുന്നത് കുമിള്‍ ബാധകള്‍ പ്രതിരോധിക്കും. 

തെങ്ങൊന്നിന് 50 കി. ഗ്രാം എന്ന തോതില്‍ ജൈവവളം ചേര്‍ക്കുക

മൂന്നു മാസത്തിലൊരിക്കല്‍ തെങ്ങിന്‍ തടത്തില്‍ തെങ്ങിന്റെ ചുവട്ടില്‍ നിന്ന് 1.5 മീറ്റര്‍ വിട്ട് ഒരു മീറ്റര്‍ ആഴത്തിലും 50 സെ.മീ. വീതിയിലും ചാലെടുത്ത് തടം നനയ്ക്കുക. എന്നിട്ട് ഒരു ശതമാനം വീര്യമുളള ബോര്‍ഡോ മിശ്രിതം 40 ലിറ്റര്‍ വീതം തടത്തില്‍ ഒഴിച്ചു കൊടുക്കണം. 

മണ്ണിലാണ് കുമിളുകളില്‍ പലതും സുഷുപ്താവസ്ഥയില്‍ കഴിയുന്നത് എന്നതിനാല്‍ മണ്ണിന്റെ പുളിരസം കുറയ്ക്കാന്‍  ഒരു തെങ്ങിന് ഒരു വര്‍ഷം ഒരു കി. ഗ്രാം ഡോളോമൈറ്റോ കുമ്മായമോ ചേര്‍ക്കാം. 
   
തെങ്ങിന്‍ തടത്തില്‍ ഉപ്പു ചേര്‍ക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് മഴക്കാലത്ത്. മറ്റു ജൈവവളങ്ങളോടൊപ്പം ഒരു കിലോ കറിയുപ്പ് ഒരു വര്‍ഷം നല്കാം. 

കറിയുപ്പില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങളായ സോഡിയം, ക്ലോറിന്‍ എന്നിവയുടെ പ്രയോജനവും തെങ്ങിന് ലഭിക്കും. എന്നാല്‍ അമിതമായ കറിയുപ്പ് ഉപയോഗം ഓലകള്‍ ഒടിഞ്ഞു തൂങ്ങാന്‍ കാരണമാകും എന്നറിഞ്ഞിരിക്കുക. 

കാലാവസ്ഥയ്ക്കും സാഹചര്യത്തിനും അനുസൃതമായി മേല്‍പറഞ്ഞ ശാസ്ത്രീയ രീതികള്‍ പ്രയോഗിച്ച് തെങ്ങിന്റെ ഓലകള്‍ ഒടിഞ്ഞുതാഴുന്നത് ഫലപ്രദമായി തടയാന്‍ കഴിയും.

Content Highlights: cocunut palm, farm care