വഴുതന കൃഷി ചെയ്യുന്നവര്‍ക്കായി ചില പൊടിക്കൈകള്‍

1. നട്ടാല്‍ രണ്ടു വര്‍ഷം വരെ തുടര്‍ച്ചയായി വിളവെടുക്കാവുന്ന പച്ചക്കറി.

2. മഴയെ ആശ്രയിച്ചാണെങ്കില്‍ മെയ്-ജൂണും,ജലസേചിത കൃഷിയായി സെപ്തംബര്‍-ഒക്‌ടോബറും നടാം.

3. ഓരോ പ്രാവശ്യത്തെ വിളവെടുപ്പിന് ശേഷവും കൊമ്പ് കോതി വളം ചെയ്യണം.

4. സൂര്യ, ശ്വേത, ഹരിത, നീലിമ, പൂസാ പര്‍പ്പിള്‍ ലോംഗ്, പൂസാ പര്‍പ്പില്‍ റൗണ്ട് എന്നിവ അത്യുല്‍പ്പാദന ശേഷിയുള്ള വഴുതനയിനങ്ങള്‍.

5. വിറ്റാമിന്‍ ബി, ബി 6, വിറ്റാമിന്‍ കെ, മാംഗനീസ്, കോപ്പര്‍ എന്നിവ വഴുതിനയെ പ്രതിരോധനിരയിലെ നായികയാക്കുന്നു.

6. പോഷക സമ്പന്നവും ഔഷധഗുണവുമുള്ള വഴുതന കരള്‍ രോഗങ്ങള്‍ക്ക് ഉത്തമം.

7. ഹൃദയപേശികള്‍ക്ക് ശക്തി പകരുന്നതിനും ഔഷധം.

8. ഹൃദ്‌രോഗത്തിനെതിരെ പൊരുതാനും വഴുതനയ്ക്ക് കഴിവുണ്ട്.

9. വഴുതന പറിച്ചു നടേണ്ട വിളയാണ്.

10. ഒരു സെന്റിലേക്ക് 2ഗ്രാം വിത്ത് ധാരാളം. സൂര്യപ്രകാശം ധാരാളമുള്ള സ്ഥലത്ത് അഴുകിപ്പൊടിഞ്ഞ കാലിവളവും മേല്‍മണ്ണും ചേര്‍ത്ത് തവാരണയൊരുക്കി വിത്ത് പാകാം.

11. വിത്ത് പാകിയ ഉടന്‍ പച്ചിലകൊണ്ട് പുതയൊരുക്കണം. മുളച്ചു തുടങ്ങിയാല്‍ പുതമാറ്റാം.

12. വാട്ടരോഗത്തെ ചെറുക്കുന്നതിനായി 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കണം.

13. നേര്‍പ്പിച്ച പച്ചചാണകമോ ഗോമൂത്രമോ തളിക്കുന്നത് തൈകളുടെ പുഷ്ടി കൂട്ടും.

14. ഒരു മാസമായ തൈകള്‍ പറിച്ചുനടാം.നടുന്ന സ്ഥലം രണ്ടാഴ്ച്ച മുന്‍പേ കിളച്ചൊരുക്കി സെന്റിന് രണ്ട് കിലോഗ്രാം എന്ന തോതില്‍ കുമ്മായം മണ്ണുമായി ഇളക്കി യോജിപ്പിക്കണം.

15. സെന്റൊന്നിന് 100കിലോഗ്രാം എന്ന തോതില്‍ അഴുകിപ്പൊടിഞ്ഞ ജൈവവളം ചേര്‍ത്ത് ചാലുകള്‍ കീറി തൈകള്‍ നടാം.

16. പറിച്ചു നടുന്നതിന് മുന്‍പായി കാല്‍ കിലോഗ്രാം സ്യൂഡോമോണാസ് മുക്കാല്‍ ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായിനിയില്‍ അര മണിക്കൂര്‍ നേരം വേര് മുക്കിവെക്കണം.

17. വാട്ടരോഗത്തിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ ട്രൈക്കോഡര്‍മ്മ സമ്പുഷ്ടീകരിച്ച കാലിവളം ചേര്‍ക്കുന്നത് നന്ന്.

18. പെട്ടെന്ന് ചെടികള്‍ വാടി നശിക്കുന്ന ബാക്ടീരിയല്‍ വാട്ടത്തിനെ പ്രതിരോധിക്കാന്‍ 20 ഗ്രാം സ്യൂഡോമോണാസ് ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായിനി ആഴ്ച്ചയിലൊരിക്കല്‍ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുക.

19. രോഗവ്യാപനം തടയാന്‍ ബ്ലീച്ചിംഗ് പൗഡര്‍ കിഴികെട്ടി ചെടികള്‍ക്ക് ഇടയില്‍ കുഴിച്ചിടാം.

20. കായും തണ്ടും തുരക്കുന്ന പുഴുക്കള്‍ക്കെതിരേ വേപ്പെണ്ണ എമല്‍ഷന്‍ ആദ്യ ഡോസായും ഒരാഴ്ച്ചയ്ക്ക് ശേഷം 20 ഗ്രാം ബ്യുവേറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായിനിയും തളിക്കണം.

21. മുഞ്ഞയും മണ്ഡരിയും ആമവണ്ടും ചെറിയ തോതില്‍ വഴുതനയെ ആക്രമിക്കാറുണ്ട്. വെര്‍ട്ടിസീലിയം 20ഗ്രാംഒരു ലിറ്റര്‍വെള്ളത്തില്‍ കലക്കി തളിക്കുന്നതാണ് നല്ലത്.

22. സ്യൂഡോമോണാസ് ,ട്രൈക്കോഡര്‍മ്മ,വെര്‍ട്ടിസീലിയം ,ബ്യുവേറിയ തുടങ്ങിയ ജൈവ കീടരോഗനിയന്ത്രണ ഉപാധികള്‍ ഓരോ ബ്ലോക്കിലുമുള്ള ബയോ ഫാര്‍മസിയില്‍ നിന്നും ലഭ്യമാണ്. വഴുതന വിത്ത് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളിലും കൃഷിഭവനിലും ലഭിക്കും. 

Content highlights: Brinjal cultivation, Agriculture, Organic farming