- സമുദ്രനിരപ്പില്‍ നിന്നും ഉയര്‍ന്ന ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ഈര്‍പ്പമുള്ള കാലാവസ്ഥയാണ് വാഴക്കൃഷിക്കനുയോജ്യം. മഴക്കാല വിളയായി ഏപ്രില്‍ - മേയ് മാസങ്ങളിലും ജലസേചന സൗകര്യമുണ്ടെങ്കില്‍ ആഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളിലും വാഴ കൃഷി നടത്താം.
- നേന്ത്രന്, ചെങ്കദളി, പൂവന്, പാളയംകോടന്, ഞാലിപ്പൂവന്, മൊന്തന്‍, റോബസ്റ്റ, പടറ്റി, കണ്ണന്, കുമ്പില്ലാക്കണ്ണന്, കദളി, മട്ടി, മോറീസ്സ്, കര്‍പ്പൂര വള്ളി എന്നിവ കേരളത്തില്‍ സാധാരണ കൃഷി ചെയ്യുന്ന വാഴകളാണ്.
- ഉഴുതു മറിച്ച മണ്ണില്‍ ജല ലഭ്യതയ്ക്കും, ഇനങ്ങള്ക്കുമനുസരിച്ച് കുഴികളുടെ അളവുകള്‍ ക്രമീകരിക്കണം. സാധാരണയായി 50:50:50 സെ.മി. വലിപ്പമുള്ള കുഴികളിലാണ് കന്നുകള്‍ നടുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ മണ്‍കൂനകള്‍ എടുത്ത് അവയിലാണ് വാഴക്കന്നുകള്‍ നടുന്നത്.
- ആരോഗ്യമുള്ള വാഴകളില്‍ നിന്നും 3 - 4 മാസം പ്രായമുള്ള സൂചിക്കന്നുകള്‍ നടാനായി തെരഞ്ഞെടുക്കണം. കന്നുകള്‍ വേര്‍പെടുത്തുമ്പോള്‍ കന്നിന് മുറിവോ ചതവോ ഉണ്ടാകാതെ നോക്കണം.
- വാഴക്കുഴികള്‍ തമ്മിലുള്ള അകലം ഇനങ്ങളും സൂര്യപ്രകാശത്തിന്റെ ലഭ്യതയും അനുസരിച്ച് അല്പം വ്യത്യാസമാണെങ്കിലും സാധാരണ രീതിയില്‍ 2 x 2 മീറ്റര്‍ അകലം ഉണ്ടായിരിക്കണം.
- കമ്പോസ്റ്റ്, ചാണകം/പച്ചില വള്ളം എന്നിവ 10 കി.ഗ്രാം എന്ന തോതില്‍ നടീല്‍ സമയത്ത് മണ്ണില്‍ ചേര്‍ത്തു കൊടുക്കണം. കൂടാതെ നേന്ത്രവാഴയ്ക്ക് N P K 190 : 115: 190 എന്ന കണക്കിലും മറ്റു വാഴകള്‍ക്ക് N P K 100: 200: 400 ഗ്രാം എന്ന കണക്കിലും രാസവളങ്ങള്‍ കൊടുക്കാവുന്നതാണ്. നേന്ത്രവാഴയ്ക്ക് ഇവ 6 തവണയായും വാഴകള്‍ നട്ട് കഴിഞ്ഞ് 2,4 മാസങ്ങളില്‍ 2 തവണകളായും കൊടുക്കാവുന്നതാണ്.
- വാഴയെ ആക്രമിക്കുന്ന പ്രധാന കീടങ്ങള്‍ മാണ വണ്ട്, ഇലപ്പേന്‍, പിണ്ടിപ്പുഴു, നിമാ വിരകള്‍ എന്നിവയാണ്.
- വാഴയെ നശിപ്പിക്കുന്ന പ്രധാന രോഗങ്ങള്‍ കുറുനാമ്പ്, കൊക്കാന് രോഗം, ഇലപ്പുള്ളി, കൂമ്പ്ചീയല്‍, പനാമാവാട്ടം എന്നിവയാണ്.
- നട്ട് 9-10 മാസത്തിനുള്ളില്‍ മിക്ക വാഴകളും വിളവെടുക്കുവാന്‍ പാകമാകും. ചെങ്കദളിയ്ക്ക് 12 മാസമാണ് വിളവുകാലം.
- വൈവിധ്യവത്കരണം എന്ന ആശയത്തിലൂടെ വാഴക്കായുടെ ഉത്പന്നങ്ങളായ ഏത്തക്കായ് പൊടി, ബേബി ഫുഡ്, കേക്ക്, ഐസ് ക്രീം എന്നിവക്ക് വന്‍ പ്രചാരം ലഭിച്ചിട്ടുണ്ട്.