അധികം മൂപ്പെത്താത്ത ചോളം കനലില്‍ ചുട്ടതും പാലും പഞ്ചസാരയും ചേര്‍ത്ത് പുഴുങ്ങിയതും  നമുക്കെല്ലാം വളരെയധികം ഇഷ്ടമുള്ളവയാണ.് ആരോഗ്യത്തിന് നല്ലതും. നമ്മുടെ ഭക്ഷണത്തിന്റെ പട്ടികയിലേക്ക് അടുത്തിടെ കടന്നുവന്നയിനമാണ് ചോളത്തിന്റെ മൂപ്പെത്താത്ത കതിരായ ബേബികോണ്‍. എന്നാല്‍ ചോളപ്പാടങ്ങളില്‍ തളിക്കപ്പെടുന്ന മാരകമായ പല കീടനാശിനികളുമാണ് ബേബികോണിന്റെ കതിരിലൂടെ നമ്മുടെ ആമാശയത്തിലെത്തിച്ചേരുന്നത്. അവ നമ്മുടെ നാഡീവ്യൂഹത്തെയും രക്തചംക്രമണ വ്യവസ്ഥയെയും ബാധിക്കുന്നു. 

ഇതൊഴിവാക്കി ബേബികോണ്‍ വളര്‍ത്താനും അങ്ങനെ രുചികരമായ ഭക്ഷണം കഴിക്കാനും നാം എന്തുചെയ്യണം? നമ്മുടെ വീട്ടില്‍ത്തന്നെ ചട്ടിയിലോ ചാക്കിലോ അടുക്കളത്തോട്ടത്തില്‍ വരമ്പെടുത്തോ നാല് ചോളത്തിന്റെ തൈകള്‍ വളര്‍ത്തി വീട്ടില്‍ത്തന്നെ വിളവെടുത്താല്‍ രുചിയും ആസ്വദിക്കാം. ആരോഗ്യവും സംരക്ഷിക്കാം.

മക്കച്ചോളത്തിന്റെ പരാഗണം നടക്കാത്ത കതിരുകളെയാണ് ബേബികോണ്‍ എന്നു വിളിക്കുന്നത്. മക്കച്ചോളത്തിന്റെ ഇനങ്ങളില്‍ പെട്ടെന്ന് പുഷ്പിക്കുന്നതും കൂടുതല്‍ കതിര്‍ക്കമ്പുകള്‍ ഉണ്ടാകുന്നതുമായ ഹ്രസ്വകാലയിനങ്ങളാണ് ബേബികോണ്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. 

Agriculture

നടുന്ന വിധം 

അടുക്കളത്തോട്ടത്തില്‍ മാത്രമല്ല. അത്യാവശ്യം വലിപ്പമുള്ള ചട്ടിയിലും ബേബികോണ്‍ വളര്‍ത്തിയെടുക്കാം. നിലത്താണെങ്കില്‍. അത്യാവശ്യം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കണം. അവിടെ ഒരടി വീതിയും ഉയരവുമുള്ള വാരമെടുത്ത് അതില്‍ കാലിവളം മണല്‍ അല്ലെങ്കില്‍ ചകിരിച്ചോര്‍, മണ്ണ് എന്നിവ സമാസമം കലര്‍ത്തണം അരക്കിലോ കുമ്മായവും അരക്കിലോ വേപ്പിന്‍പിണ്ണാക്കും ചേര്‍ത്ത് നന്നായി ഇളക്കി നനച്ചിട്ടതിനുശേഷം ഒരു ദിവസം കഴിഞ്ഞാണ് വിത്തുകള്‍ നടേണ്ടത്. 

വിത്തിന് ഉറപ്പുകുറവായതിനാല്‍ പെട്ടെന്ന് ചീഞ്ഞുപോവും. അതുകൊണ്ട് തടത്തില്‍ വെള്ളം തീരെ നിര്‍ത്തരുത്. രണ്ടു മൂന്നാഴ്ചകൊണ്ട് ബേബികോണ്‍ വളരും. അതുവരെ ഒന്നരാടന്‍ നനച്ചുകൊടുക്കണം. പിന്നീട് ആഴ്ചയ്ക്കൊരിക്കല്‍ അല്പം കടലപ്പിണ്ണാക്ക് കുതിര്‍ത്തത് വെള്ളത്തില്‍ നേര്‍പ്പിച്ച് മുരട്ടില്‍ ഒഴിച്ചുകൊടുക്കാം. 

Agriculture

ചട്ടിയിലും വളര്‍ത്താം

അത്യാവശ്യം വ്യാസമുള്ള ചട്ടിയിലും മക്കച്ചോളം വളര്‍ത്തി ബേബികോണ്‍ ഉണ്ടാക്കാവുന്നതാണ്. അതിന്റെ മുക്കാല്‍ഭാഗം വരെ മുകളില്‍പ്പറഞ്ഞ രീതിയില്‍ പോട്ടിങ് മിശ്രിതം നിറച്ച് അതിന്റെ നടുക്ക് വിത്ത് നട്ട് മിതമായ രീതിയില്‍ നനച്ച് വളര്‍ത്തിയെടുക്കാം. ജൈവവളങ്ങളും കടലപ്പിണ്ണാക്ക് കുതിര്‍ത്തതും അല്പം ചാണകത്തെളിയും രണ്ടാഴ്ച കൂടുമ്പോള്‍ നല്‍കിയാല്‍ രണ്ടുമാസത്തിനുശേഷം ബേബികോണ്‍ പറിക്കാം.

മക്കച്ചോളത്തിന്റെ ചെടികള്‍ക്ക് ഏകദേശം രണ്ടുമീറ്റര്‍വരെ ഉയരമുണ്ടാകും. ഒരു ചെടിയിത്തന്നെ ആണ്‍പൂക്കളും പെണ്‍പൂക്കളും ഉണ്ടാകുന്നു. ടാസല്‍സ് എന്ന് വിളിക്കപ്പെടുന്ന ആണ്‍പൂക്കള്‍ ചെടിയുടെ അറ്റത്തും കോമ്പ്സ്(കതിര്‍ക്കമ്പ്) എന്നു വിളിക്കപ്പെടുന്ന പെണ്‍പൂക്കള്‍ ഇലയുടെ കടകളിലും വളര്‍ന്നുവരുന്നു. കതിര്‍ക്കമ്പുകള്‍ ഇലകള്‍കൊണ്ട് പൊതിയപ്പെട്ട രീതിയിലാണ് കണ്ടുവരുന്നത്. കതിരിന്റെ ഉള്ളില്‍ നിന്ന് പരാഗണത്തിനായി നനുത്ത ലോമികകള്‍ (സ്റ്റിഗ്മ) പുറത്തേക്ക് തള്ളിനില്‍ക്കും. എന്നാല്‍ പരാഗണം അനുവദിക്കാതെ ആണ്‍പൂവ് അഗ്രഭാഗത്തുനിന്നു പുറത്തുവരുമ്പോള്‍ മുറിച്ചുമാറ്റണം. പിന്നീട് വളര്‍ച്ച പ്രാപിക്കുന്ന, എന്നാല്‍ പരാഗണം നടക്കാത്ത കോണാണ് ബേബികോണ്‍. 40 ദിവസം കൊണ്ടാണ് ചെടി പുഷ്പിക്കുക. പെണ്‍പുഷ്പങ്ങളില്‍നിന്ന്(കതിര്‍ക്കമ്പില്‍നിന്ന്) സ്റ്റിഗ്മ പുറത്തുചാടി രണ്ടുസെ.മീ. വളര്‍ച്ചയെത്തുമ്പോഴോ 4 ദിവസത്തിനുള്ളിലോ വിളവെടുപ്പ് നടത്താം.

Baby corn

5-7 സെ.മീ. നീളവും 10-17 മില്ലിമീറ്റര്‍ വ്യാസവുമുള്ള ബേബികോണ്‍ ആണ് അത്യുത്തമം.  വളരെവേഗം തന്നെ ഏകദേശം രണ്ടുമാസം കൊണ്ട് വിളവെടുക്കുമെന്നതിനാല്‍ വര്‍ഷത്തില്‍ അഞ്ചുതവണയെങ്കിലും ചട്ടിയില്‍ വളര്‍ത്തി വിളവെടുക്കാന്‍ കഴിയുന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. 

കേരളത്തില്‍ കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രമാണ് ഇതിന്റെ പരീക്ഷണ നിരീക്ഷണങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ തുടങ്ങിയത്. അതിന്റെ ഫലമായി പലയിടങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ചട്ടിയിലെ ചോളം കൃഷി വിജയിക്കുകയും ചെയ്തു. അധികം മൂപ്പെത്താതെ വിളവെടുക്കുന്നതിനാല്‍ ഇതിന്റെ പച്ചയിലകള്‍ കന്നുകാലികള്‍ക്ക് തീറ്റയായും ഉപയുക്തമാക്കുകയും ചെയ്യാം.

ജീവകം സി.യുടെ മികച്ച കലവറയാണ് ബേബികോണ്‍. മാത്രമല്ല വിറ്റാമിന്‍ ബി.6,  ഫോളിക് ആസിഡ് , ഫോസ്ഫറസ്, സിങ്ക്, അയേണ്‍, മാംസ്യം, നാരുകള്‍ മുതലായവ ധാരാളം അടങ്ങിയിരിക്കുന്ന ആഹാരമാണ് ബേബികോണ്‍. അതാക്കാം നമ്മുടെ തോട്ടത്തിലെ ഇത്തവണത്തെ പ്രധാനവിള.