കല്ലിയൂര്‍ പഞ്ചായത്തിലെ ജൈവകൃഷിയിലെ പുതിയ പരീക്ഷണങ്ങള്‍ കണ്ടറിയാന്‍ മണിപ്പുരിസംഘമെത്തി. ഗ്രാമീണമേഖലയിലെ കാര്‍ഷികവിളകള്‍ കാണാനും കൃഷിരീതികള്‍ പരിചയപ്പെടാനുമായി എത്തിയ സംഘത്തിന്റെ പ്രധാന ഉദ്ദേശ്യം കല്ലിയൂരില്‍ പുതുതായി നടത്തുന്ന അസോള കൃഷിയെപ്പറ്റി അറിയുകയെന്നതായിരുന്നു.asola

ആദര്‍ശ് ഗ്രാമം പദ്ധതിയുടെ ഭാഗമായി സുരേഷ് ഗോപി എം.പി. ദത്തെടുത്ത കല്ലിയൂരില്‍ സജ്ജമാക്കിയിട്ടുള്ള ജൈവവിഭവകേന്ദ്രത്തിലാണ് അസോള കൃഷിരീതിയുടെ പരീക്ഷണ, പരിശീലനപദ്ധതികള്‍ നടപ്പിലാക്കിവരുന്നത്. അസോള കൃഷിരീതിയില്‍ ഗവേഷണം നടത്തിയിട്ടുള്ള കമാലാസനന്‍പിള്ളയാണ് പഞ്ചായത്തില്‍ കൃഷിരീതിക്ക് നേതൃത്വം നല്‍കുന്നത്.

 മണിപ്പുരി സംഘത്തിന് കൃഷിരീതികള്‍ അദ്ദേഹം വിശദീകരിച്ചുകൊടുത്തു. തങ്ങള്‍ക്ക് കൂടുതല്‍ അറിവു പകരാനും അസോള മാതൃക മണിപ്പൂരില്‍ പ്രചരിപ്പിക്കാനുമായി കമലാസനന്‍പിള്ളയെ സംഘം മണിപ്പൂരിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ചീര, പാവല്‍, പടവലം തുടങ്ങി പച്ചക്കറിത്തോട്ടങ്ങളും വാഴകൃഷിയുമുള്‍പ്പെടെ പഞ്ചായത്തിലെ വിവിധ കൃഷിയിടങ്ങളും സംഘം സന്ദര്‍ശിച്ചു.

മണിപ്പുരിലെ ഗ്രീന്‍ ബയോടെക് സൊല്യൂഷന്‍സ് ഡയറക്ടര്‍ ഗീതാഷോരി യുമ്‌നം, ഡോ. അസേം സുന്ദരാദേവി, അസേം ലീബാക്‌ലോപി ദേവി എന്നിവരായിരുന്നു അവര്‍. ഇവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ അസോള കൃഷിരീതി കന്യാകുമാരിയില്‍ വിജയകരമായി നടപ്പാക്കിയ തോട്ടം, ഡെയറി നടത്തിപ്പുകാരും കല്ലിയൂരില്‍ എത്തിയിരുന്നു.

 കല്ലിയൂരിലെ ജൈവവിഭവ കേന്ദ്രത്തില്‍ വളര്‍ത്തിയെടുത്തിട്ടുള്ള അസോള നിലവില്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ പച്ചക്കറികൃഷിക്ക് വളമായി ഉപയോഗിക്കുന്നുണ്ട്. കല്ലിയൂരില്‍ കന്നുകാലി വളര്‍ത്തല്‍ ഉപജീവനമാക്കിയിട്ടുള്ളവര്‍ കന്നുകാലി തീറ്റയായും അസോള പ്രയോജനപ്പെടുത്തിവരുന്നു. കല്ലിയൂരില്‍ വിജയിച്ച മാതൃക സമീപ പഞ്ചായത്തുകളിലെ കാര്‍ഷിക മേഖലകളിലേക്കും വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബന്ധപ്പെട്ടവര്‍.

അസോള കൃഷി

കന്നുകാലികള്‍ക്കുള്ള പോഷകാഹാരവും ജൈവവളവുമായി ഉപയോഗിക്കുന്ന അസോള ശുദ്ധജലത്തില്‍ വളരുന്ന പന്നല്‍ വിഭാഗത്തില്‍പ്പെടുന്ന ചെറുസസ്യമാണ്. കാലിത്തീറ്റയിലും മണ്ണിരകമ്പോസ്റ്റിലും ജൈവവളങ്ങളുടെ നിര്‍മിതിയിലും ഇത് ഉപയോഗിക്കുന്നു. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റയില്‍ അസോള ഉള്‍പ്പെടുത്തുന്നതുവഴി തീറ്റച്ചെലവു കുറയ്ക്കാം.

  കൃഷി തുടങ്ങി മൂന്നുദിവസത്തിനുള്ളില്‍ ഭാരം മൂന്നിരട്ടിയാകുന്ന അസോള ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഒന്നാം വിളവെടുക്കാം. പറമ്പിലും പാടത്തും നടത്തുന്ന കൃഷികള്‍ക്ക് നല്ല ജൈവവളമായി നേരിട്ടും ബയോഗ്യാസ്, മണ്ണിരകമ്പോസ്റ്റ് എന്നിവയുടെ അസംസ്‌കൃതവസ്തുവായും അസോള ഉപയോഗിക്കാം.