ജൈവകൃഷിയിലൂടെ പച്ചക്കറി ഉത്പാദനത്തില്‍ വിജയകഥ രചിക്കുകയാണ് കിളികൊല്ലൂര്‍ എന്‍.ജി.നഗറിലെ സജീവ്. പലചരക്ക് കടയ്ക്കും എസ്.എന്‍.ഡി.പി.യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമിടയില്‍ ദിവസവും രാവിലെയും വൈകീട്ടും പച്ചക്കറിത്തോട്ടത്തിലും ഒറ്റയ്ക്കു ജോലിചെയ്താണ് സജീവ് ഈ കൃഷിഗാഥ രചിച്ചത്.

80 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് കോളിഫ്‌ളവര്‍, കാബേജ്, ചീര, വഴുതന, തക്കാളി, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിങ്ങനെ എല്ലാത്തരം പച്ചക്കറികളും നട്ടിട്ടുണ്ട്. മണ്ണില്ലാതെ ചകിരി കമ്പോസ്റ്റ്, ചാണകം എന്നിവ ഗ്രോ ബാഗില്‍ നിറച്ച് തിരിനനവഴി നനച്ചാണ് കൃഷി. 60 ബാഗുകള്‍ പരീക്ഷണാടിസ്ഥാനത്തിലും 150 ബാഗുകള്‍ അല്ലാതെയും ഇതിനു പുറമേ കൃഷിയിറക്കിയിട്ടുണ്ട്.

ലാഭത്തേക്കാള്‍ വിഷരഹിത പച്ചക്കറി ഉണ്ടാക്കുന്നതിലൂടെ കിട്ടുന്ന സംതൃപ്തിയാണ് തന്നെ നയിക്കുന്നതെന്ന് സജീവ് പറയുന്നു. മാതൃഭൂമി കാര്‍ഷികരംഗവും സീഡ് പോലുള്ള പ്രവര്‍ത്തനങ്ങളും അതിന്റെ മുഖ്യപ്രചോദനമാണ്. മാതൃഭൂമി സംഘടിപ്പിച്ച ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്. അവിടെനിന്ന് കിട്ടിയ കശുമാവിന്‍ തൈയും പറമ്പില്‍ പൂത്തുനില്‍പ്പുണ്ട്.

കിളികൊല്ലൂര്‍ കൃഷിഭവന്റെ നിര്‍ദേശങ്ങളും സ്വീകരിക്കുന്നു. അവര്‍ പോയവര്‍ഷം മികച്ച കര്‍ഷകനായി ആദരിച്ചിരുന്നു. ഉത്പന്നങ്ങള്‍ എസ്.എന്‍.കോളേജിനു സമീപമുള്ള ഇക്കോ ഷോപ്പിലും വീടിനടുത്തുള്ള ഇക്കോ ഷോപ്പിലുമാണ് കൊടുക്കുക. ചാണകം, പഞ്ചഗവ്യം, സ്‌ളറി എന്നിവ മാത്രമേ ഉപയോഗിക്കാറുള്ളൂ. വിഷം തൊടീക്കാറില്ല. അതുകൊണ്ട് സ്വന്തം ആവശ്യത്തിനും ഈ പച്ചക്കറിയാണ് ഉപയോഗിക്കുന്നതെന്ന് സജീവ് പറയുന്നു.

Content Highlights: Agriculture, Organic Farming: An Organic Vegetable farm in Kollam