പെരിയ ഉദയനഗറിലെ സുമതിക്ക് ആകാശവാണി വെറും പാട്ടുപെട്ടിയല്ല, ജീവിതം മാറ്റിമറിച്ച കൂട്ടുകാരിയാണ്. കൃഷിയില്‍ താത്പര്യമില്ലാതെ തയ്യല്‍ജോലിയുമായി കഴിഞ്ഞിരുന്ന സുമതി നേരമ്പോക്കിനാണ് ആകാശവാണിയുടെ ശ്രോതാവായത്. പിന്നീട് കാര്‍ഷിക അറിവുകള്‍ നേടുന്നതിനും മാറുന്ന ലോകത്തെ മനസ്സിലാക്കുന്നതിനുമുള്ള വിനിമയോപാധിയായി ആകാശവാണിയെ ആശ്രയിക്കുകയായിരുന്നു.

കത്തുകളെഴുതിയും പരിപാടിയില്‍ പങ്കെടുത്തും ആകാശവാണിയെ അടുത്ത കൂട്ടുകാരിയാക്കാന്‍ ഈ വീട്ടമ്മയ്ക്ക് സാധിച്ചു. മുപ്പത് വര്‍ഷമായി ആകാശവാണിയുടെ വയലും വീടും പരിപാടിയുടെ ശ്രോതാവാണ്. മുടക്കമില്ലാതെ കത്തുകളയക്കും. കത്തുകളിലൂടെയാണ് ഈ വീട്ടമ്മ ആകാശവാണിയുമായി സൗഹൃദമുണ്ടാക്കിയത്. ചിലപ്പോഴൊക്കെ സമ്മാനങ്ങളും തേടിവരും.  

കൃഷി ജീവിതത്തിന്റെ ഭാഗമായപ്പോള്‍ വരുമാനവും എത്തിത്തുടങ്ങി. കുറ്റിമുല്ലയും കൂണ്‍കൃഷിയുമാണ് ആദ്യമായി പരീക്ഷിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി കൂണ്‍കൃഷിയിലൂടെ നിത്യവരുമാനവും ലഭിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ആകാശവാണി വയലും വീടും പരിപാടിയുടെ സുവര്‍ണജൂബിലി ആഘോഷിച്ചപ്പോള്‍ സുമതിയുടെ കുടുംബവും അതില്‍ പങ്കാളിയായി.

കൂണ്‍കൃഷിയുടെ പുരയ്ക്കുചുറ്റും മെഴുകുതിരികള്‍ കൊളുത്തിവെച്ചാണ് ആഘോഷം നടത്തിയത്. ദൂരദര്‍ശന്‍ എത്തിയപ്പോള്‍ സുമതി കൃഷി ദര്‍ശന്‍ പരിപാടിയുടെ പ്രേക്ഷകയുമായി. കൃഷിസംബന്ധമായ ചോദ്യത്തിന് ശരിയായ ഉത്തരങ്ങള്‍ നല്‍കിയതിലൂടെ ഭര്‍ത്താവ് മനോഹരനും മക്കള്‍ക്കുമൊപ്പം ദൂരദര്‍ശന്‍ തിരുവനന്തപുരത്ത് ചിത്രീകരിച്ച നാട്ടറിവ് സംവാദത്തില്‍ പങ്കെടുക്കാനും അവസരം ലഭിച്ചു.

Content highlights: Mushroom, Organic farming

anilpullur@gmail.com