താമരശ്ശേരി: ജൈവകൃഷിയുടെ സന്ദേശം പകര്‍ന്ന് കുടുംബശ്രീയുടെ തിയേറ്റര്‍ പ്രവര്‍ത്തകരുടെ തെരുവുനാടകം. കുടുംബശ്രീക്കു കീഴില്‍ നടത്തുന്ന ജൈവകൃഷിയുടെ പ്രചാരണാര്‍ഥം നടത്തുന്ന സന്ദേശയാത്രയിലാണ് നാടകം അവതരിപ്പിച്ചത്. മലപ്പുറം ജില്ലാ കുടുംബശ്രീ മിഷന്‍ രൂപം നല്‍കിയ നാടകസംഘമായ സംഘധ്വനി രംഗശ്രീ കമ്യൂണിറ്റി തിയേറ്ററിലെ ഏഴ് വനിതകളാണ് യാത്രയിലെ അംഗങ്ങള്‍.

Organicജൈവകൃഷിയുമായി ബന്ധപ്പെട്ട് കുടുംബശ്രീ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള തെരുവുനാടകമാണ് ഇവര്‍ അവതരിപ്പിക്കുന്നത്.  ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി ജില്ലയിലെ 12 സ്ഥലങ്ങളില്‍ സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കി. എല്ലായിടത്തും നാടകാവതരണവുമുണ്ടായി.

 സന്ദേശയാത്രയ്ക്ക് ഈങ്ങാപ്പുഴയില്‍ സ്വീകരണം നല്‍കി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എം.ഇ. ജലീല്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ സീന ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ഷീബ സജി, സി.ഡി.എസ്. അംഗങ്ങളായ ബിന്ദു ഉദയന്‍, യു.പി. ഹേമലത, ഉഷ വിനോദ്, ലീന സെബാസ്റ്റ്യന്‍, സിന്ദു ഷാജി, ശാലിനി മോഹന്‍ദാസ്, ശ്രീജ ബിജു എന്നിവര്‍ പങ്കെടുത്തു. സംഘാംഗങ്ങള്‍ താമരശ്ശേരിയിലും തെരുവുനാടകം അവതരിപ്പിച്ചു. 

Content highlights: Organic farming, Agriculture