എരുമേലി: മറ്റന്നൂര്‍ക്കര മണ്ണേത്ത് എം.ഡി.തോമസിന്റെ റബ്ബര്‍തോട്ടത്തില്‍നിന്ന് റബ്ബര്‍ മാത്രമല്ല കിട്ടുന്നത്. റബ്ബറിന് ഇടവിളയായി നട്ടിട്ടുള്ള തേയിലച്ചെടികളില്‍നിന്ന് കൊളുന്തും നുള്ളാം.

രാസവസ്തുക്കള്‍ ഇടാതെ വളര്‍ത്തുന്നതാണ് തേയിലച്ചെടി. വാല്‍പ്പാറയിലെ സ്വകാര്യ തേയിലത്തോട്ടത്തില്‍ സാങ്കേതിക വിഭാഗം മാനേജരായിരുന്ന തോമസ് നാലുവര്‍ഷം മുമ്പാണ് പറമ്പില്‍ റബറിനൊപ്പം തേയിലച്ചെടികളും നട്ടത്. നാട്ടിലെ മണ്ണ് തേയിലക്കൃഷിയ്ക്ക് അനുയോജ്യമാണെന്ന് കരുതുന്നതായി തോമസ് പറയുന്നു.

രോഗങ്ങളൊന്നും തന്റെ തേയിലക്കൃഷിയെ ബാധിച്ചിട്ടില്ലെന്ന് തോമസ് പറയുന്നു. റബറിനിടയില്‍ നൂറ് തേയിലച്ചെടികളാണ് തളിര്‍ത്ത് പാകമെത്തിയിട്ടുള്ളത്. മാസത്തിലൊരിക്കല്‍ കൊളുന്തു നുള്ളും. കൊളുന്ത് വാട്ടി ചെറിയ കഷണങ്ങളായി അരിയും. പിന്നീട് അരച്ച് നാര് പരുവത്തിലാക്കും. പുളിപ്പിച്ചിട്ട് കരിയാതെ വറുത്തെടുക്കും. ഇതാണ് തോമസിന്റെ സ്വന്തം സംസ്‌കരണരീതി.

ഒരുവര്‍ഷത്തോളമായി കടയില്‍നിന്നും തേയില വാങ്ങാറില്ലെന്ന് തോമസ് പറയുന്നു. വീട്ടിലേക്കാവശ്യമുള്ള രാസചേരുവയില്ലാത്ത നല്ല തേയില കിട്ടുന്നു. തേയിലച്ചെടികള്‍ക്ക് തണുപ്പുകാലത്തുണ്ടാകുന്ന റസിസ്റ്റര്‍ രോഗവും ചൂടുകാലത്തെ റെഡ് സ്പൈഡര്‍ രോഗവും കൃഷിയിടത്തില്‍ ബാധിച്ചിട്ടില്ല.

മണ്ണൊലിപ്പ് തടയാനുമാകും. ജോലിയില്‍നിന്നും വിരമിച്ചശേഷം കൃഷിയില്‍ സജീവമായ തോമസിന് പൂന്തോട്ടമൊരുക്കലാണ് പ്രധാന ഹോബി. വീട്ടിലേക്കാവശ്യമുള്ള ഏലവും പറമ്പിലുണ്ട്. കൂടെ അത്യാവശ്യം പച്ചക്കറികൃഷിയും.

ഭാര്യ ജാന്‍സിയാണ് പ്രധാന സഹായി. രണ്ടു മക്കള്‍, ആനിയും റിച്ചിയും വിവാഹിതരാണ്.

Content highlights: Rubber, Agriculture, Rubber plantation