ശീതകാല പച്ചക്കറി വിളവിലൂടെ പ്രശസ്തമായ കാന്തല്ലൂരില്‍ മധുരമേറിയ മുന്തിരി വിളവെടുത്ത് യുവകര്‍ഷകന്‍. വെട്ടുകാട് വാഴയില്‍ വീട്ടില്‍ സുബ്രഹ്മണ്യന്റെ മകന്‍ ഷെല്‍ജുവാണ് പുതിയ കാന്തല്ലൂരിലെ കാലാവസ്ഥയിലും മണ്ണിലും മാധുര്യം വിളയുമെന്ന് തെളിയിച്ചത്. പ്രാരംഭഘട്ടത്തില്‍ കുറച്ച് സ്ഥലത്തുമാത്രമാണ് മുന്തിരിവള്ളികള്‍ പടര്‍ത്തിയത്. എന്നാലും ഒരുമാസത്തിനിടയില്‍ നാലുതവണ വിളവെടുത്തു. 40 കിലോ മുന്തിരിപ്പഴങ്ങള്‍ കിട്ടി.

കാന്തല്ലൂരിലെത്തുന്ന സഞ്ചാരികള്‍ ഷെല്‍ജുവിന്റെ ഫാം സന്ദര്‍ശിക്കാതെ പോകാറില്ല. സ്‌ട്രോബറി, ആപ്പിള്‍, ബ്ലാക്ക്‌ബെറി, വിവിധയിനം പ്‌ളംസ്, പീച്ചുകള്‍ തുടങ്ങി നിരവധി ശീതകാല പച്ചക്കറി, പഴവര്‍ഗങ്ങളുടെ വിളനിലമാണിവിടം. എന്നാല്‍, കൊറോണക്കാലമായതിനാല്‍ സഞ്ചാരികളെത്താത്തതിനാല്‍ പഴങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെ വിഷമവൃത്തത്തിലാണ് ഈ യുവകര്‍ഷകന്‍.

മുന്തിരി
വിളവെടുത്ത മുന്തിരിക്കുലകള്‍

സ്‌ട്രോബറിയും മുന്തിരിയും വൈനാക്കി മാറ്റുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. നന്നായി വിളയുമെന്നറിഞ്ഞതിനാല്‍ മുന്തിരിക്കൃഷി വ്യാപകമാക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. സവാളയും ചെറിയ ഉള്ളിയും കാന്തല്ലൂര്‍ മലനിരകളില്‍ നന്നായി വിളയിക്കാന്‍ കഴിയുമെന്ന് തെളിയിച്ച കര്‍ഷകന്‍കൂടിയാണ് ഷെല്‍ജു.

Content Highlights: Young farmer harvesting grapes in Kanthalloor