.
വന്യമൃഗശല്യത്തിനെതിരേ വര്‍ഷങ്ങളായി പൊരുതുന്ന ജനതയാണ് നൂല്‍പ്പുഴ പഞ്ചായത്തിലെ വടക്കനാട്ടുകാര്‍. ആനയിറങ്ങി കൃഷിനശിപ്പിക്കല്‍ പതിവായതോടെ നാട്ടുകാര്‍ ഒന്നടങ്കം സമരത്തിനിറങ്ങേണ്ട അവസ്ഥയുണ്ടായിരുന്നു. അങ്ങനെ നാലുവര്‍ഷം മുന്‍പ് ഇരുപത് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവില്‍ വടക്കനാട്ടെ ഏഴായിരത്തിയഞ്ഞൂറോളം വരുന്ന ആളുകള്‍ക്ക് അന്നത്തെ വനംമന്ത്രി നല്‍കിയ വാഗ്ദാനമായിരുന്നു കാട്ടാനയെ പ്രതിരോധിക്കാനുള്ള ഫലപ്രദ സംവിധാനമായ ക്രാഷ്ഗാര്‍ഡ് ഫെന്‍സിങ്. പക്ഷേ, ആ പദ്ധതിയിതുവരെ വടക്കനാടിന്റെ മണ്ണ് തൊട്ടില്ല. എല്ലാദിവസവും ആനയിറങ്ങി കൃഷി നശിപ്പിക്കുന്നു. ജനം ഒന്നുംചെയ്യാനാവാത്ത അവസ്ഥയില്‍ നോക്കിനില്‍ക്കുന്നു. വനംവകുപ്പാണ് അവസാനഘട്ടത്തില്‍ എല്ലാം അട്ടിമറിച്ചതെന്നാണ് നൂല്‍പ്പുഴ പഞ്ചായത്തംഗമായ ബെന്നി കൈനിക്കല്‍ പറയുന്നത്. ബന്ദിപ്പുര്‍ വനമേഖലയില്‍ നിന്നുവരെ ആനയെത്തി കൃഷിയിടത്തിലേക്കിറങ്ങുന്ന സ്ഥലമാണ് വടക്കനാട്.
മുതുമല, ബന്ദിപ്പുര്‍ വന്യജീവി സങ്കേതങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന നൂല്‍പ്പുഴ പഞ്ചായത്തിലെ തോട്ടാമൂലയിലും വടക്കനാട്ടെ മൂന്നുവാര്‍ഡുകളിലുമായി നാലര കിലോമീറ്ററിലും ക്രാഷ്ഗാര്‍ഡ് ഫെന്‍സിങ്ങിന് ടെന്‍ഡര്‍ നല്‍കി കരാറുറപ്പിച്ചശേഷമാണ് അനുയോജ്യമല്ലെന്നു പറഞ്ഞ് പദ്ധതി റദ്ദാക്കിയത്. വടക്കനാട് നാലരക്കോടിയും തോട്ടമൂലയില്‍ ആറരക്കോടിയുമായിരുന്നു കിഫ്ബിയില്‍നിന്ന് വകയിരുത്തിയത്. കമ്പികള്‍ തൂക്കിയിട്ടുകൊണ്ടുള്ള ഹാങ്ങിങ് ഫെന്‍സിങ് ഉണങ്ങിയ മരങ്ങളുപയോഗിച്ച് പൊട്ടിച്ച് ആന നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നതുകൊണ്ടാണ്, ശാശ്വതപരിഹാരമെന്ന നിലയില്‍ എളുപ്പത്തില്‍ തകര്‍ക്കാനാവാത്ത ക്രാഷ് ഗാര്‍ഡ് ഫെന്‍സിങ്ങുതന്നെ വേണമെന്ന് ആവശ്യപ്പെട്ടത്. എറണാകുളം ആസ്ഥാനമായ കമ്പനി കരാറെടുത്ത് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയെങ്കിലും ഡെപ്പോസിറ്റായി നല്‍കിയ പണം മടക്കിവാങ്ങി അവര്‍ക്ക് തിരികെപ്പോകേണ്ടി വന്നു.
വനംവകുപ്പ് ഇപ്പോള്‍ വീണ്ടുമവിടെ പഴയ ഹാങ്ങിങ് ഫെന്‍സിങ് തന്നെ കൊണ്ടുവരികയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൂന്ന് വാര്‍ഡുകളില്‍ ഗ്രാമസഭകള്‍ ചേര്‍ന്ന് ക്രാഷ്ഗാര്‍ഡ് ഫെന്‍സിങ് തന്നെ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, വനംവകുപ്പ് പഴയ നിലപാടില്‍നിന്ന് പിന്മാറിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 24 കോടിരൂപ ജില്ലയില്‍ ഇപ്പോള്‍ ക്രാഷ്ഗാര്‍ഡ് ഫെന്‍സിങ്ങിനായി വകയിരുത്തിയിട്ടുണ്ടെങ്കിലും വടക്കനാടിനെമാത്രം ഒഴിവാക്കിയെന്ന് നാട്ടുകാര്‍ പറയുന്നു.
തീരാദുരിതം കര്‍ഷകരുടെ കണ്ണീര്‍
2018-ല്‍ വടക്കനാട് കൊമ്പനെ പിടിച്ചപ്പോള്‍ പ്രശ്‌നങ്ങളൊക്കെ തീര്‍ന്നെന്ന് കരുതിയതാണ്. വടക്കനാട് കൊമ്പനു പകരം മറ്റ് കൊമ്പന്മാര്‍ ഇപ്പോള്‍ ദിവസവും നാട്ടിലിറങ്ങുകയാണ്. വടക്കനാട്ടെ മൂന്ന് വാര്‍ഡുകളിലും ഒരുപാലെ പ്രശ്‌നമുണ്ട്. ഹാങ്ങിങ് ഫെന്‍സിങ് പൊളിച്ചാണ് ഇറങ്ങിവരുന്നത്.
നെല്ലും വാഴയും ഇഞ്ചിയുമെല്ലാമാണ് ഇവിടത്തെ പ്രധാന വരുമാനമാര്‍ഗം. അതെല്ലാം നശിപ്പിച്ചാണ് ദിവസവും കാട്ടിലേക്കുള്ള മടക്കം. വനമേഖല കൂടുതലായതിനാല്‍ നൂല്‍പ്പുഴ പഞ്ചായത്ത് മൊത്തം വന്യമൃഗങ്ങളോട് പൊരുതിജീവിക്കാന്‍ വിധിക്കപ്പെട്ടവരാവുകയാണ്. അതില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന പ്രദേശമാണ് വടക്കനാട്. ഒരു പച്ചക്കറിപോലും നട്ടാല്‍ കിട്ടാത്ത അവസ്ഥയാണെന്ന് നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സതീഷ് പറയുന്നു. പഞ്ചായത്തില്‍ തരിശുകൃഷിക്ക് ഹെക്ടറിന് 25,000 രൂപ സബ്സിഡി നല്‍കുന്നുണ്ട്. അത് വാങ്ങാന്‍പോലും ആളില്ല.
നൂല്‍പ്പുഴ പഞ്ചായത്തില്‍ 17 വാര്‍ഡുകളുണ്ട്. അതില്‍ 11 വാര്‍ഡുകളിലും വന്യമൃഗശല്യമുണ്ട്. 34,000 പേരാണ് പഞ്ചായത്തില്‍ ആകെയുള്ളത്. അതില്‍ 1200 കുടുംബങ്ങള്‍മാത്രമേ വനത്തോടു ചേര്‍ന്ന് താമസിക്കുന്നുള്ളൂ. മൂന്നുപേരെയാണ് ഈ പഞ്ചായത്തില്‍ കടുവകൊന്നത്. ആനയുടെ ആക്രമണത്തില്‍ അഞ്ചുപേര്‍ മരിച്ചു.
Content Highlights: wild elephants destroy crops at vadakkanad raising demand for crashing fence
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..