വേനല്‍ച്ചൂട് എത്തുംമുന്‍പേ കരപ്പുറത്ത് തണ്ണിമത്തന്‍ വിളവെടുപ്പ് തുടങ്ങി. മികച്ചവിലയും വിളവും ലഭിച്ചതിനാല്‍ കര്‍ഷകര്‍ ആഹ്ലാദത്തില്‍. കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക് പഞ്ചായത്തുകളില്‍നിന്ന് മാത്രം ഇപ്പോള്‍ 50 ടണ്‍ തണ്ണിമത്തന്‍ വിളവെടുപ്പുനടത്തി വിപണനം കഴിഞ്ഞു. അടച്ചുപൂട്ടലിന്റെ നാളുകളില്‍ തണ്ണിമത്തന്‍ കൃഷിചെയ്തവര്‍ക്കാണ് ഇപ്പോള്‍ വിളവെടുപ്പുകാലം.

ഒരുകിലോ തണ്ണിമത്തന് കര്‍ഷകര്‍ക്ക് 25 രൂപവരെ ലഭിക്കുന്നുണ്ട്. 30 രൂപയ്ക്കാണ് വില്‍പ്പന. ഷുഗര്‍ക്വീന്‍ ഇനത്തിലെ തണ്ണിമത്തനാണ് വ്യാപകമായി കൃഷിചെയ്യുന്നത്. തോടിന് കടുംപച്ച നിറവും ഉള്ളില്‍ നല്ല ചുമപ്പുനിറവും. 

നട്ട് 65- 70 ദിവസംകൊണ്ട് വിളവെടുപ്പ് നടത്താം. ഒരുമാസംവരെ വിളവെടുപ്പ് നടത്താം. നാടന്‍ വയാഗ്ര എന്നുവിളിക്കുന്ന തണ്ണിമത്തന് ഏറെ ഔഷധഗുണവും ഉണ്ട്. ഇത്തവണ മികച്ചവിളവാണ് എല്ലായിടത്തും. ഏക്കറിന് 12 ടണ്‍ തണ്ണിമത്തന്‍ വിളവുലഭിച്ച കര്‍ഷകര്‍വരെയുണ്ട്.

Content Highlights: Watermelon Harvesting in alappuzha