കരിക്കോട് പഴയ ബസ് സ്റ്റാൻഡിനു സമീപത്ത് വിൽപ്പനയ്ക്കായി എത്തിച്ച തണ്ണിമത്തനുകൾ
കരിക്കോട്: വേനല്‍ച്ചൂടില്‍ ദാഹമകറ്റാന്‍ പാതയോരങ്ങളില്‍ തണ്ണിമത്തന്‍ എത്തിത്തുടങ്ങി. ഇതരസംസ്ഥാനങ്ങളില്‍നിന്ന് വാഹനത്തില്‍ എത്തിച്ചാണ് കച്ചവടം. നഗരത്തിലെ മൊത്തക്കച്ചവടക്കാരില്‍നിന്നു വാങ്ങി വിവിധയിടങ്ങളില്‍ ചെറുകിട കച്ചവടവും സജീവമാണ്. പാതയോരങ്ങളില്‍ത്തന്നെയുള്ള തണല്‍ ഭാഗങ്ങള്‍ കണ്ടെത്തി വന്‍തോതില്‍ ലോഡിറക്കിയുള്ള മൊത്തക്കച്ചവടവുമുണ്ട്.
തമിഴ്നാട്ടില്‍നിന്നുള്ള നാന്താരി ഇനത്തിലുള്ള തണ്ണിമത്തനും കര്‍ണാടകയില്‍നിന്നുള്ള കടുംപച്ചനിറത്തിലുള്ള കിരണ്‍ തണ്ണിമത്തനുമാണ് വിപണിയില്‍ കൂടുതലുള്ളത്. ഇതിന് 20 രൂപയാണ് കിലോയ്ക്ക് വില. സാമാന്യം വലുപ്പം കുറഞ്ഞതും മധുരം കൂടുതലുള്ളതുമാണ് കിരണ്‍. ബെംഗളൂരുവില്‍നിന്നുള്ള മഞ്ഞനിറത്തിലുള്ള തണ്ണിമത്തനും വിപണിയിലുണ്ട്. 25 രൂപയാണ് കിരണിന്റെ മറ്റൊരു ഇനമായ മഞ്ഞനിറത്തിലുള്ളതിന്. പക്ഷേ, ഇത് വാങ്ങിക്കൊണ്ടുപോയി മഞ്ഞനിറത്തിനു പകരം ചുവപ്പു കണ്ട അനുഭവവും ഉണ്ട്.
വേനല്‍ കടുത്തതോടെ തണ്ണിമത്തനുകളുടെ വില്‍പ്പന കൂടുന്നതിനൊപ്പം വ്യാപാരികളുടെ ഉള്ളവും കുളിരുകയാണ്. രണ്ടുമാസംമുമ്പുവരെ 40 മുതല്‍ 60 വരെ വിലയായിരുന്നു. വിവാഹച്ചടങ്ങുകളിലേക്ക് കിലോക്കണക്കിന് തണ്ണിമത്തന്‍ വിറ്റുപോകുന്നുണ്ട്. ഏപ്രിലില്‍ റംസാന്‍ അടുക്കുന്നതോടെ വില ഇനി കൂടാനാണ് സാധ്യത. തണ്ണിമത്തന്‍ കേന്ദ്രങ്ങളില്‍ ജ്യൂസ് വില്‍പ്പനയും തകൃതിയാണ്. 20 രൂപയാണ് ഒരു ഗ്ലാസ് ജ്യൂസിന് ഈടാക്കുന്നത്.
തണ്ണിമത്തന്‍ വേനല്‍ക്കാലത്ത് ശരീരത്തിനുണ്ടാകുന്ന ജലനഷ്ടം കുറയ്ക്കാനും ശാരീരിക അസ്വസ്ഥതകള്‍ ഒഴിവാക്കാനും ഏറെ ഫലപ്രദമാണത്രേ. 92 ശതമാനം വെള്ളവും എട്ടുശതമാനം പഞ്ചസാരയുമാണ് തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്നത്.
ഗുണങ്ങള്‍ ഏറെ
വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 1, വിറ്റാമിന്‍ സി എന്നിവയെല്ലാം ധാരാളം തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ തണ്ണിമത്തന്‍ മികച്ചതാണ്. സിട്രുലൈന്‍ അടങ്ങിയിട്ടുള്ളതിനാല്‍ രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കും. ആന്റി ഓക്‌സിഡന്റ്, ലൈസോപീന്‍ എന്നിവയുടെ കലവറയായ തണ്ണിമത്തന്‍ കാന്‍സര്‍ പ്രതിരോധിക്കാനും ഹൃദയത്തിന്റെ ആരോഗ്യസംരക്ഷണത്തിനും അണുബാധ കുറയ്ക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കും. തണ്ണിമത്തന്‍ കൂടുതല്‍ കഴിച്ചാല്‍ പ്രമേഹരോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുമെന്നാണ് പഠനമെന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ.ആര്‍.സന്ധ്യ പറഞ്ഞു.
Content Highlights: watermelon business at its peak in kerala kiran watermelon is imported the most
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..