തൃശ്ശൂര്‍: കൃഷി, ജലം, മാലിന്യ സംസ്‌ക്കരണം എന്നിവയില്‍ നിര്‍വഹിച്ച വീണ്ടെടുപ്പിന്റെ 'വടക്കാഞ്ചേരി മാതൃക' സംസ്ഥാന കൃഷിവകുപ്പിന്റെ സമ്പൂര്‍ണ്ണ ജൈവ കാര്‍ഷിക നഗരസഭയാക്കി വടക്കാഞ്ചേരിയെ മാറ്റി. കാര്‍ഷിക മേഖലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നടപ്പാക്കിയ മാതൃക പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ഒന്നാം സ്ഥാനത്തോടെ മൂന്ന് ലക്ഷം രൂപയും  ഫലകവും അടങ്ങുന്ന സംസ്ഥാന പുരസ്‌കാരം. സംസ്ഥാനത്തെ ആദ്യത്തെ ലേബര്‍ ബാങ്കായ ഗ്രീന്‍ ആര്‍മിയിലൂടെ കാര്‍ഷിക രംഗത്ത് വന്‍ നേട്ടങ്ങളാണ് നഗരസഭ പരിധിയിലെ കാര്‍ഷികമേഖല കൈവരിച്ചത്.

യന്ത്രവത്ക്കരണത്തിലൂടെ കൃഷി ലാഭകരമാക്കി തരിശായി കിടന്ന ഇടങ്ങളിലും കൃഷി ഇറക്കാന്‍ പ്രേരണയായി. ഒരേ സമയം കൃഷി ഇറക്കിയും കീടനാശിനികള്‍ ഒഴിവാക്കി ജൈവ കൃഷി പ്രോത്സാഹിപ്പിച്ചതും കര്‍ഷകര്‍ക്ക് പിന്‍ബലമായി. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന കൃഷിയിടങ്ങളില്‍ വന്യജീവി ശല്യം കാരണം നിലനിന്നിരുന്ന ഭീഷണി ഒഴിവാക്കാന്‍ യന്ത്രവത്കൃത ഞാറ്റടി വ്യാപകമാക്കി.പരമ്പരാഗത വിത്തുകള്‍ കൃഷിയിറക്കി ഉത്പാദന വര്‍ദ്ധനവിനും,കൃഷി ചിലവ് കുറയ്ക്കാനും കഴിഞ്ഞു. കേരളമാകെ മാതൃകയാക്കിയ പത്ത് സെന്റിലെ പച്ചക്കറി കൃഷിയും നഗരസഭ പരിധിയില്‍ വ്യാപിപ്പിക്കാനായി. 

ശുചിത്വ നഗരം എന്ന ലക്ഷ്യമിട്ട് നഗരസഭ സര്‍വ്വശുദ്ധി പദ്ധതി നടപ്പാക്കി. 4.26 കോടി രൂപയുടെ പദ്ധതി നടത്തിപ്പിന് ഹരിതകര്‍മ്മസേനയും രൂപീകരിച്ചു.പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് സേനയ്ക്ക് പരിശീലനവും നല്‍കി.ആയിരക്കണക്കിന് ബയോബിന്നുകളും ഉറവിട മാലിന്യ സംസ്‌ക്കരണത്തിനായി നഗരസഭ വിതരണം ചെയ്തു.

വടക്കാഞ്ചേരി പുഴയുടെ വീണ്ടെടുപ്പിലൂടെ ഉജ്ജ്വല മാതൃകയാണ് നഗരസഭ സൃഷ്ടിച്ചത്. മണ്ണും മാലിന്യങ്ങളും നീക്കി ഒഴുകാന്‍ വഴിയൊരുക്കുക മാത്രമല്ല പുഴയോരത്തെ 10.32 ഏക്കര്‍ കൈയേറ്റം തിരിച്ചു പിടിച്ച് മികച്ച മാതൃകയൊരുക്കി. നിരവധി ചിറകളും തോടുകളും ജലസേചനത്തിനായി വീണ്ടെടുത്തതും നേട്ടമാണ്. നഗരസഭയുടെ കഴിഞ്ഞകാല വേറിട്ട പ്രവര്‍ത്തനങ്ങളാണ് കൃഷി വകുപ്പിന്റെ പുരസ്‌ക്കാരത്തിന് അര്‍ഹമാക്കിയതെന്ന് നഗരസഭ ചെയര്‍മാന്‍ പി.എന്‍.സുരേന്ദ്രന്‍ പറഞ്ഞു.

മുണ്ടത്തിക്കോട് കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ നിര്‍വ്വഹിച്ച  മികച്ച പച്ചക്കറി കൃഷി പൊതുമേഖല സ്ഥാപനമായ എസ്.ഐ.എഫ്.എല്ലിനെയും ഇത്തവണ പൊതുമേഖല സ്ഥാപനങ്ങളില്‍ സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനത്തിന് അര്‍ഹരാക്കി.

സമ്പൂര്‍ണ ജൈവ നഗരസഭ പദ്ധതി ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നു 

പരിസ്ഥിതിയെ ചേര്‍ത്ത് നിര്‍ത്തി മണ്ണിനെ കരുതലോടെ സുരക്ഷ നല്‍കിയതാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്. സര്‍വേ നടത്തി വടക്കാഞ്ചേരി പുഴയ്ക്ക് പുനര്‍ജനിയേകാന്‍ വഴികാട്ടിയായത് കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ഥികളാണ്. മണ്ണിന്റെയും ജലത്തിന്റെയും സംരക്ഷണം വരുംതലമുറകളോടുളള പ്രതിബദ്ധതയായി കണ്ടാണ് ദീര്‍ഘവീക്ഷണത്തോടെ നഗരസഭ പദ്ധതികള്‍ നടപ്പിലാക്കിയത്. ഗ്രീന്‍ആര്‍മിയുടെ സഹായത്തോടെ കാര്‍ഷിക രംഗത്തും നേട്ടങ്ങള്‍ സാധ്യമാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നെല്‍വയലുകളുളള നഗരസഭയാണ് വടക്കാഞ്ചേരി. പാരിസ്ഥിതിക മൂല്യബോധത്തിന്റെ സഫലത കൈവരിക്കാനായതില്‍ അഭിമാനം. കൃഷിവകുപ്പിന്റെ സമ്പൂര്‍ണ ജൈവ നഗരസഭ പദ്ധതി ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നു.- എം.ആര്‍.അനൂപ്കിഷോര്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ & വടക്കാഞ്ചേരി ഗ്രീന്‍ആര്‍മി ചീഫ് കോര്‍ഡിനേറ്റര്‍

പരമാവധി കര്‍ഷകരെ ജൈവ കൃഷിയിലെയ്ക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു

പരമാവധി കര്‍ഷകരെ ജൈവ കൃഷിയിലെയ്ക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു. ഗ്രോബാഗിലൂടെ വീട്ടുവളപ്പിലെ കൃഷിയും പ്രോത്സാഹിപ്പിക്കാനായി. പാടശേഖരങ്ങളിലെ കീടനാശിനി പ്രയോഗം പാടെ കുറയ്ക്കാനായതും നേട്ടമാണ്. മീന്‍ വളര്‍ത്തലിനും തേനീച്ച കൃഷിക്കും നഗരസഭ പരിഗണന നല്‍കി. കാര്‍ഷിക സേവന കേന്ദ്രങ്ങളിലൂടെ ജൈവവളവും ജൈവ കീടനാശിനികളും കര്‍ഷകര്‍ക്ക് ലഭ്യമാക്കാനായി. ജലസംരക്ഷണത്തിലും മാതൃകാ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ വടക്കാഞ്ചേരി നഗരസഭയ്ക്ക് സാധ്യമായി.-സി.ആര്‍.രേഖ, കൃഷി ഓഫീസര്‍, മുണ്ടത്തിക്കോട് കൃഷിഭവന്‍

Content Highlights: wadakanchery municipality gets state award for their agriculture activities