പ്രളയകാലത്ത് ദുരന്തഭൂമിയായി മാറിയ വയനാട്ടിലെ പുത്തുമലയിലെയും, ചൂര മലയിലെയും, കള്ളാടിയിലെയും, പച്ചക്കാട്ടിലെയും നൂറുകണക്കിന് ജനങ്ങള്‍ ഉള്ളതെല്ലാം ഉപേക്ഷിച്ച് ദുരിതാശ്വാസക്യാമ്പുകളില്‍ അഭയം തേടിയപ്പോള്‍ ആ ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ടുപോയ പശുക്കളും ആടുകളും നായ്ക്കളും കോഴികളും അടക്കമുള്ള വളര്‍ത്തുമൃഗങ്ങളും പക്ഷികളും ഏറെയായിരുന്നു. ദുരന്തത്തെ മുഖാമുഖം കണ്ട ആ മിണ്ടാപ്രാണികള്ക്കുമുണ്ടായിരുന്നു വിശപ്പും, ദാഹവുമെല്ലാം.
ദുരന്തമേഖലകളില്‍ ഒറ്റപ്പെട്ടുപോയ മൃഗങ്ങളുടെ ദൈന്യതയെ കുറിച്ചറിഞ്ഞപ്പോള്‍ വെറുതെയിരിക്കാന്‍ വയനാട് മേപ്പാടി കൂറ്റനാടെ ഷാരൂണ്‍ പി.എസ് എന്ന പതിനെട്ടുകാരന് കഴിഞ്ഞില്ല. അവന് തന്റെ മൃഗസ്നേഹികളായ സുഹൃത്തുക്കളെ സംഘടിപ്പിച്ചു. ഷാരൂണും സുഹൃത്തുക്കളും ചേര്‍ന്ന് മൃഗങ്ങള്‍ക്കായുള്ള ആഹാര സാധനങ്ങള്‍ ശേഖരിച്ചു. ദുരന്തം നാശം വിതച്ച പൂത്തുമലയിലും അട്ടമലയിലും വെള്ളാര്‍മലയിലും ചൂര മലയിലും മുണ്ടക്കൈ ഗ്രാമത്തിലുമെല്ലാം ഒറ്റപ്പെട്ടുപോയ മിണ്ടാപ്രാണികളെ തേടി അവരെത്തി. തങ്ങള്‍ക്ക് യാത്ര ചെയ്ത് എത്താന്‍ പറ്റാത്തിടങ്ങളിലേക്ക് മൃഗങ്ങള്‍ക്കുള്ള ആഹാരം മറ്റ് സന്നദ്ധ പ്രവര്‍ത്തകരുടെ കൈകളില്‍ കൊടുത്തയച്ചു.
ഷാരൂണിന്റെ നേതൃത്വത്തിലുള്ള സേവനങ്ങളെ കുറിച്ചറിഞ്ഞ ബാംഗ്ലൂരിലെ മൃഗസ്നേഹികൂട്ടായ്മ അവര്‍ക്ക് മൃഗങ്ങള്‍ക്കായുള്ള കൂടുതല്‍ തീറ്റകള്‍ നല്കി. മൃഗങ്ങള്‍ക്ക് അന്നം നല്കാന് മാത്രമല്ല, പേടിച്ചരണ്ട് കാടുകളില്‍ അഭയം തേടിയ പശുക്കളെയും ആടുകളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും ഷാരൂണും സംഘവും മുന്‍കൈ എടുത്തു.
രോഗവും അപകടവും സംഭവിച്ച മൃഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മൃഗസംരക്ഷണ വകുപ്പില്‍ അറിയിച്ച് അവയ്ക്ക് ചികിത്സ ഉറപ്പാക്കാനും ഷാരൂണിന്റെ നേതൃത്വത്തിലുള്ള സംഘം പ്രവര്‍ത്തിച്ചിരുന്നു. പ്രളയകാലത്ത് മിണ്ടാപ്രാണികള്‍ക്കായി നടത്തിയ ഈ സേവനപ്രവര്‍ത്തനങ്ങളാണ് വയനാട്ടില്‍ നടന്ന കേരള വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ്സില്‍ ഷാരൂണെന്ന മിടുക്കനെ ആദരവിന് അര്‍ഹനാക്കിയത്.
പ്രളയത്തില്‍ ഒറ്റപ്പെട്ട വളര്‍ത്ത് മൃഗങ്ങളെ രക്ഷപ്പെടുത്താനും, പുനരധിവസിപ്പിക്കാനും നേതൃത്വം നല്കിയ മറ്റ് നാലുപേരെയും ഷാരൂണിനൊപ്പം വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ആദരിച്ചു. വയനാട് പനമരം അഞ്ചുകുന്ന് ശോഭന, പനമരം പാറക്കുനി ഷിബു, മേപ്പാടി ചൂരമല എം.ശങ്കരന്, പനമരം പുളിയകണ്ടി പി.കെ. ആരിഫ് എന്നിവരാണ് ആദരവിന് അര്‍ഹരായ മറ്റുള്ളവര്‍.
പ്രളയജലത്തിലും പതറാതെ മിണ്ടാപ്രാണികളെ കാത്തവര് ഇവര്‍
പനമരം പുഴ നിറഞ്ഞ് കവിഞ്ഞൊഴുകിയെത്തിയപ്പോള് തന്റെ പതിനൊന്നോളം പശുക്കളെ തോണിയില്‍ കയറ്റി തുഴഞ്ഞ് അതിസാഹസികമായി സുരക്ഷിതസ്ഥാനത്തെത്തിച്ച സേവനമാണ് പാറക്കുനി ഷിബുവിനെ ആദരവിന് അര്‍ഹരാക്കിയത്. ഒഴുക്കില്‍പ്പെട്ട പശുവിനെ ജീവന് പണയം വെച്ച് രക്ഷപ്പെടുത്തിയതാണ് പനമരം പുലിയകണ്ടി ആരിഫിനെ ആദരവിന് അര്‍ഹനാക്കിയത്.
മലവെള്ളം കുത്തിയൊലിച്ചെത്തിയപ്പോള്‍ അത് വകവെയ്ക്കാതെ നിരവധി കന്നുകാലികളുടെ കയര്‍ അറുത്തുമാറ്റി അവയ്ക്കും ഓടി രക്ഷപ്പെടാന്‍ മാര്ഗ്ഗമൊരുക്കിയ സേവനമാണ് മേപ്പാടി ചൂരമലയിലെ ശങ്കരനെ തേടി ആദരവ് എത്താന്‍ കാരണം. പനമരം പുഴ ഒട്ടും പ്രതീക്ഷിക്കാതെ കരകവിഞ്ഞെത്തിയപ്പോള്‍ മനസ്സ് പതറാതെ തന്റെ മുപ്പത് പശുക്കളെയും, കോഴി, മുയല് തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ രക്ഷാപ്രവര്‍ത്തനമാണ് പനമരം അഞ്ചുകുന്നിലെ ശോഭനയെ അംഗീകാരത്തിന് അര്‍ഹയാക്കിയത്.
വെറ്റിറിനറി സയന്‍സ് കോണ്‍ഗ്രസ്സ് കുറിച്ച്
മൃഗസംരക്ഷണ മേഖലയിലെ വിദഗ്ദരുടെയും വെറ്ററിനറി ഡോക്ടര്‍മാരുടെയും വിദ്യാര്‍ത്ഥികളുടെയും ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ശാസ്ത്ര സമ്മേളനമാണ് കേരള വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ്സ്. 'കാലാവസ്ഥാ വ്യതിയാനവും, രോഗാണുക്കളുടെ ആര്‍ജ്ജിത പ്രതിരോധശേഷിയും ഭക്ഷ്യസുരക്ഷയ്ക്കും മൃഗാരോഗ്യ മേഖലയ്ക്കും ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ വെറ്ററിനറി സേവനം' എന്നതായിരുന്നു പതിനൊന്നാമത് വെറ്ററിനറി കോണ്‍ഗ്രസ്സിന്റെ മുഖ്യ പ്രമേയം.