നേമം : വെള്ളായണി നിലമക്കരിയില്‍ കൃഷിയിറക്കാനാകാതെ കര്‍ഷകര്‍. കൃഷി വകുപ്പിന്റെ അവഗണന കാരണം നിലമൊരുക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകാത്തതുകാരണമാണ് വീണ്ടും കൃഷി മുടങ്ങിയത്. മഴയും വെള്ളപ്പൊക്കവും ദുരിതം വിതച്ച വെള്ളായണി പുഞ്ചപാടങ്ങളിലൊന്നാണ് നിലമക്കരി.

മഴയത്ത് നിലമക്കരി പാടശേഖരത്തിലെ പമ്പ് ഹൗസ് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് പാടത്ത് വെള്ളം നിറഞ്ഞിരുന്നു. കര്‍ഷകരുടെ നിരന്തരമായ അഭ്യര്‍ത്ഥന കാരണം ചെറുകിട ജലസേചനവകുപ്പ് മോട്ടോര്‍ ശരിയാക്കി . എന്നാല്‍ കൃഷിവകുപ്പിന്റെ സഹായം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. നിലമൊരുക്കാന്‍ ആവശ്യമായ ട്രാക്ടര്‍ നല്‍കിയിട്ടില്ല, പാടത്തെ വെള്ളം ഒഴുക്കി വിടുന്നതിത് തോടുകള്‍ വൃത്തിയാക്കിയിട്ടില്ല.

എല്ലാ വര്‍ഷവും ചെറുകിട ജലസേചന വകുപ്പാണ് തോട് വൃത്തിയാക്കി നല്‍കുന്നത് ഇത്തവണ ഫണ്ടില്ലായെന്ന കാരണത്താല്‍ അവര്‍ കൈയൊഴിഞ്ഞതായി കര്‍ഷകര്‍ പറയുന്നു. തോടുകള്‍ വൃത്തിയാക്കി നല്‍കാന്‍ പുതിയ ജലസേചന വകുപ്പ് മന്ത്രി ഇടപ്പെടുമെന്ന പ്രതീക്ഷയും കര്‍ഷകര്‍ക്കുണ്ട്. നാല്പത്തിയഞ്ച് ഹെക്ടര്‍ ഉണ്ടായിരുന്ന നിലമക്കരി പാടത്ത് കുറെ നാളുകളായി കൃഷി നിലിച്ചിരുന്നു. കഴിഞ്ഞ തവണ 20 ഹെക്ടര്‍ പാടം കൃഷിചെയ്ത് കര്‍ഷകര്‍ കൃഷി പുനരാരംഭിച്ചെങ്കിലും കൃഷിവകുപ്പിന്റെയും ജലസേചന വകുപ്പിന്റെയും സഹായം കൃത്യമായി ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.

ഇത്തവണ മുഴുവന്‍ പാടത്തും കൃഷിയിറക്കാന്‍ കര്‍ഷകര്‍ തയ്യാറാണ് പക്ഷേ, അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് കര്‍ഷകരെ പിന്‍തിരിപ്പിക്കുന്നു. കഴിഞ്ഞ തവണ കര്‍ഷകര്‍ സ്വരൂപിച്ച പണം ഉപയോഗിച്ചാണ് തോടുകള്‍ വൃത്തിയാക്കിയത്. പ്രതിഷേധം ഉയരുമ്പോള്‍ മാത്രം നേമം കൃഷിഭവന്‍ ഇടപ്പെട്ട് കര്‍ഷകരുടെ യോഗം വിളിച്ച് ജില്ലാ കൃഷിഓഫീസറെവരെ വിവരങ്ങള്‍ ധരിപ്പിക്കും പക്ഷേ ഒന്നും നടക്കാറില്ലെന്ന് കര്‍ഷകര്‍ പറയുന്നു. നഗരസഭയുടെ ഭാഗത്തുനിന്നും ഒരു സഹായവും കിട്ടാറില്ലെന്ന് പാടശേഖര കമ്മിറ്റി സെക്രട്ടറി പാപ്പനംകോട് ബിജു പറഞ്ഞു. നിലമക്കരിയില്‍ വെള്ളം അടിച്ചു വറ്റിച്ചു കളയാന്‍ പമ്പ് ഹൗസില്‍ ഉപയോഗിക്കുന്ന ഒരു പെട്ടിയും പറയും കൂടി അധികമായി സ്ഥാപിക്കണമെന്നാവശ്യവും കര്‍ഷകര്‍ ഉയര്‍ത്തുന്നു. വെള്ളായണി പുഞ്ച സ്‌പെഷ്യല്‍ ഓഫീസറുടെ ചുമതല ആര്‍.ഡി.ഒ.യ്ക്കാണ്. കഴിഞ്ഞ മാസം ആര്‍.ഡി.ഒ. വിളിച്ചുചേര്‍ത്ത യോഗത്തിലും അടിയന്തരമായി പരിഹാരം കാണ്ടേണ്ട കാര്യങ്ങളെ കുറിച്ച് കര്‍ഷകര്‍ അറിയിച്ചിരുന്നതാണ്. ഒരു കാലത്ത് ജില്ലയിലെ പ്രധാന നെല്ലറകളിലൊന്നായിരുന്ന വെള്ളായണിയിലെ പുഞ്ചപാടങ്ങള്‍. 

Content highlights: Agriculture, Organic farming, Farmers, Nemam