Representative Image| Photo: Gettyimages
കൊല്ലം: വേനല്‍ കടുത്തതോടെ തമിഴ്നാട്ടില്‍നിന്ന് പച്ചക്കറിവരവ് കുറഞ്ഞു. വെണ്ടയ്ക്ക, അമരയ്ക്ക, പടവലം, ചുരയ്ക്ക തുടങ്ങിയവയ്ക്ക് കൊല്ലത്ത് പലയിടത്തും ക്ഷാമമുണ്ട്. ചില്ലറവ്യാപാരകേന്ദ്രങ്ങളില്‍ പച്ചക്കറിക്ക് ഉയര്‍ന്ന വില ഈടാക്കുന്നതായ പരാതികളും വ്യാപകമാണ്.
മാസങ്ങള്‍ക്കുമുമ്പ് വെണ്ടയ്ക്കവില താഴ്ന്നതോടെ തമിഴ്നാട്ടിലെ കര്‍ഷകരില്‍ ഒരുവിഭാഗം കൃഷി മതിയാക്കി. വിലയിടിവ് ബാധിക്കാത്ത മറ്റു കൃഷികളിലേക്ക് തിരിഞ്ഞതും വില ഉയരാനും ക്ഷാമത്തിനും ഇടയാക്കുന്നതായി മൊത്തവ്യാപാരികള്‍ പറയുന്നു. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വെണ്ടയ്ക്ക എത്തിച്ചാല്‍ ഉയര്‍ന്ന വില നല്‍കേണ്ടിവരും. തമിഴ് അതിര്‍ത്തിഗ്രാമങ്ങളില്‍ മഴക്കാലം എത്തുന്നതുവരെ വില ഉയര്‍ന്നുനില്‍ക്കാനാണ് സാധ്യതയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
വില ഉയര്‍ന്നതോടെ ചില്ലറവ്യാപാരകേന്ദ്രങ്ങളില്‍ പലയിടങ്ങളിലും പച്ചക്കറിക്കിറ്റ് വിതരണം നിര്‍ത്തി. വിലക്കൂടുതലുള്ള ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തി കിറ്റ് നല്‍കാനാകില്ലെന്നാണ് കടയുടമകള്‍ പറയുന്നത്. ഇത് വീട്ടമ്മമാരെയും ഹോട്ടലുടമകളെയും ബുദ്ധിമുട്ടിലാക്കുന്നു. പച്ചക്കറിക്ക് കൃത്രിമക്ഷാമമുണ്ടാക്കാനുള്ള ശ്രമമാണിതെന്ന് ഹോട്ടലുടമകള്‍ ആരോപിക്കുന്നു.
മൊത്തവ്യാപാരകേന്ദ്രങ്ങളില്‍ അമരയ്ക്ക കിലോയ്ക്ക് 70 രൂപയാണ്. ചില്ലറവിപണിയില്‍ ഇത് 100 രൂപയിലെത്തും. 80 രൂപയുള്ള ബീന്‍സിന് ചിലയിടങ്ങളില്‍ 120 രൂപവരെ ഈടാക്കുന്നുണ്ട്. വെള്ളരി-30, നാരങ്ങ-80, പടവലം-40, ചുരയ്ക്ക-25, തടിയന്‍-30, ചേന-40, മുരിങ്ങ-100, വെളുത്തുള്ളി-100, ഇഞ്ചി-90, സവാള-25, കിഴങ്ങ്-30, തക്കാളി-30, ബീറ്റ്റൂട്ട്-40 എന്നിങ്ങനെയാണ് പച്ചക്കറിയിനങ്ങളുടെ വില. ചില്ലറവിപണിയില്‍ 20 മുതല്‍ 40 വരെ രൂപ കൂട്ടി വില്‍ക്കുന്നതായാണ് പരാതി ഉയരുന്നത്.
പച്ചക്കറിക്കടകള്‍ക്ക് പൂട്ട് വീഴുന്നു
പച്ചക്കറിവില ഉയരുന്നതും ക്ഷാമവും വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നു. ഇതിനകം ഒട്ടേറെ വ്യാപാരസ്ഥാപനങ്ങള്‍ പൂട്ടി. പച്ചക്കറിയുടെ മറവില്‍ ലഹരിപദാര്‍ത്ഥങ്ങള്‍ കടത്തുന്നതും ബുദ്ധിമുട്ടായിട്ടുണ്ട്. സര്‍ക്കാര്‍ മാനദണ്ഡം പാലിക്കുന്ന കച്ചവടക്കാര്‍ക്ക് കച്ചവടം ചെയ്യാനാകാത്ത സ്ഥിതിയാണെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപടല്‍ ഉണ്ടാകണമെന്നും കേരള വെജിറ്റബിള്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.പി.കെ.നവാസും ജനറല്‍ സെക്രട്ടറി എം.ജെ.അന്‍വറും ആവശ്യപ്പെട്ടു.
Content Highlights: vegetables overpriced in retail market shortage for ladies finger and cluster bean in kollam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..