കൊല്ലം: പ്രകൃതിസൗഹൃദവും താരതമ്യേന ചെലവുകുറഞ്ഞതുമായ റെയ്സ്ഡ് ബെഡ് പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുമായി പട്ടാഴി ഗ്രാമപ്പഞ്ചായത്ത്. പഞ്ചായത്തിലെ പ്രധാന കോളനിയായ പനയനം അടയ്ക്കാമരക്കുഴി കോളനിയിലാണ് പരീക്ഷണാര്‍ഥം പദ്ധതി തുടങ്ങിയത്.

qlnപ്ലാസ്റ്റിക് ഗ്രോബാഗുകള്‍ ഒഴിവാക്കി തടിപ്പെട്ടിയില്‍ പച്ചക്കറി വളര്‍ത്തുന്ന രീതിയാണ് റെയ്സ്ഡ് ബെഡ് കൃഷി. ഇതിനായി 120 സെ.മീറ്റര്‍ നീളവും 60 സെ.മീറ്റര്‍ വീതിയും 20 സെ.മീറ്റര്‍ പൊക്കവുമുള്ള തടിപ്പെട്ടി തയ്യാറാക്കുന്നു. ഇതില്‍ ജൈവവളവും മറ്റും നിറച്ച് പച്ചക്കറിതൈ നടുന്നു. ഇത്തരം കൃഷിരീതിയിലൂടെ വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം കൃഷി ചെയ്യാന്‍ സാധിക്കും. 

ഈ മാര്‍ഗത്തിലൂടെ നീര്‍വാര്‍ച്ചയില്ലാത്ത സ്ഥലങ്ങളിലും പച്ചക്കറിക്കൃഷി സാധ്യമാകുന്നു. കൂടുതല്‍ വേരോട്ടമുണ്ടാകുന്നതിനാല്‍ കൂടുതല്‍ വിളവു കിട്ടുമെന്ന മെച്ചവുമുണ്ട്. കൂടാതെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുകയും ഗുണമേന്മയുള്ള പച്ചക്കറിയുടെ തുടര്‍ച്ചയായ ഉത്പാദനം സാധ്യമാക്കുകയും ചെയ്യുന്നു. അടയ്ക്കാമരക്കോളനിയിലെ മുപ്പത് വീടുകളിലാണ് റെയ്സ്ഡ് ബെഡ് പച്ചക്കറിക്കൃഷി നടപ്പാക്കിയത്. 

ബെഡ് ഒരുക്കാനും തൈകള്‍ നടാനും വീടുകളില്‍ വയ്ക്കാനും മറ്റും വിദ്യാര്‍ഥികളുടെ സഹായവും കിട്ടി. പട്ടാഴി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റാണ് സഹായവുമായി എത്തിയത്. സര്‍ക്കാര്‍ ധനസഹായത്തോടെയാണ് കൃഷിരീതി നടപ്പാക്കിയത്. കോളനിയില്‍നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശ്രീദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മീനം രാജേഷ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ പ്രദീപ്, പ്രദീപ് കക്കാട്ട്, കൃഷ്ണപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.