കല്പറ്റ: ഔഷധഗുണമുള്ളതും ആവശ്യക്കാരേറെയുള്ളതുമായ വെച്ചൂര്‍ പശുക്കളെയും കാസര്‍ക്കോടന്‍ പശുക്കളെയും വെറ്ററിനറി സര്‍വകലാശാല വില്പന നടത്തുന്നു. 

വിലയുടെ കാര്യത്തിലെ അനിശ്ചിതത്വത്തെത്തുടര്‍ന്ന്  കഴിഞ്ഞ അഞ്ചുവര്‍ഷമായി നിര്‍ത്തിവെച്ച വില്പനയാണ്  പുനരാരംഭിക്കുന്നത്. സര്‍വകലാശാലയിലെ പൂക്കോട് വെറ്ററിനറി കോളേജിലും മണ്ണുത്തി കോളേജിലുമായി നല്ല ഇനത്തില്‍പ്പെട്ട 250ഓളം പശുക്കളാണ് വില്പനയ്ക്കായി തയ്യാറായിരിക്കുന്നത്. കഴിഞ്ഞ ജനവരിയിലാണ് ഇതുസംബന്ധിച്ച് സര്‍വകലാശാല ഉത്തരവിറക്കിയത്. 

അഞ്ചുവര്‍ഷം മുമ്പുവരെ 1970കളില്‍ നിശ്ചയിച്ച വിലനിലവാരത്തിനായിരുന്നു വെച്ചൂര്‍, കാസര്‍ക്കോടന്‍ പശുക്കളെ സര്‍വകലാശാല വില്പന നടത്തിയിരുന്നത്. എന്നാല്‍, പുറത്ത് പതിനായിരങ്ങള്‍ക്കായിരുന്നു ഏജന്റുമാര്‍ ഇത്തരം പശുക്കളെ വിറ്റിരുന്നത്. 

ആറുവയസ്സുമുതല്‍ ഒരുവയസ്സു വരെയുള്ള വെച്ചൂര്‍, കാസര്‍കോടന്‍ കാളക്കുട്ടികള്‍ക്ക്  അമ്പതിനായിരം രൂപയാണ് വില. നേരത്തേ ആറുമാസം താഴെയുള്ള വെച്ചൂര്‍ കാളക്കുട്ടിക്ക് 7,500ഉം കാസര്‍ക്കോടന് 5000ഉം ആറുമാസം മുതല്‍ ഒരുവയസ്സുവരെയുള്ള വെച്ചൂര്‍ പശുവിന് പതിനായിരവും കാസര്‍ക്കോടന് ആറായിരവും രൂപയായിരുന്നു വില.

രണ്ടുവയസ്സിന് മുകളിലുള്ള കാളയുടെ വില ഒരുലക്ഷം രൂപയായാണ് പുതുക്കിനിശ്ചയിച്ചത്. മുമ്പ് ഇത്ര വയസ്സുള്ള വെച്ചൂര്‍ കാളയ്ക്ക് 15,000 രൂപയും കാസര്‍ക്കോടന് 8,000 രൂപയുമായിരുന്നു വില. 

ഇറച്ചിക്കായി വില്പന നടത്തുന്ന വരിയുടച്ച കാളയ്ക്ക് പതിനായിരം രൂപയാണ് വില.ആറുമാസം മുതല്‍ ഒരു വയസ്സുവരെ പ്രായമുള്ള വെച്ചൂര്‍ പശുക്കിടാവിന്റെ വില നാല്പതിനായിരം രൂപയാക്കി ഉയര്‍ത്തി.

 നേരത്തേ ആറുമാസത്തില്‍ താഴെ പ്രായമുള്ള വെച്ചൂര്‍ പശുക്കുട്ടിക്ക് 7500ഉം കാസര്‍ക്കോടന് 5000ഉം ആറുമാസം മുതല്‍ ഒരുവയസ്സുവരെയുള്ള വെച്ചൂര്‍ ഇനത്തിന് 10,000ഉം കാസര്‍ക്കോടന് 6000ഉം രൂപയായിരുന്നു വില. 

വെച്ചൂര്‍ പശുക്കിടാരിയുടെ പുതുക്കിയ വില 75,000 രൂപയാണ്. നേരത്തേ വെച്ചൂര്‍ പശുക്കിടാരിക്ക് 12,000ഉം പശുവിന് 15,000ഉം കാസര്‍ക്കോടന്‍ കിടാരിക്ക് 7,000ഉം പശുവിന് 8,000ഉം രൂപയായിരുന്നു വില. വെച്ചൂര്‍, കാസര്‍ക്കോടന്‍ ഇനങ്ങളില്‍പ്പെട്ട കാളയുടെ ഒരു ഡോസ് ബീജത്തിന് 100 രൂപയാക്കി ഉയര്‍ത്തി.
 നേരത്തേ ഇത് 50 രൂപയായിരുന്നു. 

വെച്ചൂര്‍ ഇനത്തില്‍പ്പെട്ട ഒരു കാളയ്ക്ക് ജീവിതകാലത്ത് ഒരുലക്ഷം ഡോസ് ബീജം ഉത്പാദിപ്പിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ ഇത്തരം കാളകളെ ഒരു ലക്ഷം രൂപ നല്‍കി വാങ്ങിയാലും ലാഭം ഉറപ്പാണെന്ന് വിലയിരുത്തുന്നു. സംസ്ഥാനത്തിനുപുറത്തുള്ള കര്‍ഷകരും ഏജന്‍സികളുമാണ് ഇത്തരം കാളകളെ വാങ്ങുന്നത്. 

വെച്ചൂര്‍ പശുക്കളുടെ പാലിന് ഔഷധഗുണമുണ്ടെന്നാണ് പറയപ്പെടുന്നത്. ഇവയുടെ ചാണകവും മൂത്രവും ജൈവകൃഷിക്കും മറ്റും ഉപയോഗിക്കുന്ന ജീവാമൃതം (വളം) ഉണ്ടാക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 
വെച്ചൂര്‍, കാസര്‍ക്കോടന്‍ ഇനം പശുക്കള്‍ക്ക് ആവശ്യക്കാരേറെയുണ്ടെങ്കിലും അവര്‍ക്കൊന്നും ഗുണമേന്മയുള്ള നല്ല ജനുസ്സില്‍പ്പെട്ട വെച്ചൂര്‍ പശുക്കളെ കിട്ടാറില്ല.