കൊച്ചി: വാഴക്കുളത്തെ പൈനാപ്പിള്‍ ട്രെയിന്‍ വഴി ഡല്‍ഹി വിപണിയിലേക്ക്. ബുധനാഴ്ച ഡല്‍ഹിക്കു പോയ നിസാമുദ്ദീന്‍ എക്‌സ്പ്രസിലാണ് വാഴക്കുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ആദ്യമായി പൈനാപ്പിള്‍ ഡല്‍ഹിക്കയച്ചത്.

ഹരിയാണയിലെ അഗ്രി സ്റ്റാര്‍ട്ടപ്പായ ഡിയെം അഗ്രോ എല്‍.എല്‍.പി.ക്കാണ് രണ്ടര ടണ്‍ പൈനാപ്പിള്‍ പരീക്ഷണാര്‍ത്ഥം റെയില്‍ വഴി അയച്ചത്. പരീക്ഷണം വിജയിച്ചാല്‍ റെയില്‍ വഴി കൂടുതല്‍ പൈനാപ്പിള്‍ തുടര്‍ച്ചയായി അയയ്ക്കാനാണ് തീരുമാനം.

നിലവില്‍ പ്രധാനമായും റോഡുമാര്‍ഗമാണ് വാഴക്കുളത്തുനിന്നുള്ള പൈനാപ്പിള്‍ ഉത്തരേന്ത്യയിലെത്തുന്നത്. ലോറിയില്‍ അഞ്ച് ദിവസം കൊണ്ടാണ് ചരക്ക് ഡല്‍ഹിയിലെത്തുന്നതെങ്കില്‍ ട്രെയിന്‍ വഴി അയച്ചാല്‍ രണ്ട് ദിവസം കൊണ്ട് ഉത്പന്നമെത്തിക്കാം.

ഉത്തരേന്ത്യയില്‍നിന്ന് കൂടുതല്‍ വ്യാപാര അന്വേഷണങ്ങളുണ്ട്. ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും റെയില്‍വേയും ആകര്‍ഷകമായ ഇളവുകളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പൈനാപ്പിള്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ജെയിംസ് ജോര്‍ജ് തോട്ടുമാറി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍.കെ.വി.വൈ.-റഫ്താര്‍ പദ്ധതിക്കു കീഴില്‍ ഫണ്ട് ലഭിച്ച സ്റ്റാര്‍ട്ട്അപ്പാണ് മലയാളിയായ ബിബിന്‍ മാനുവല്‍ മുഖ്യ പ്രൊമോട്ടറായ ഡിയെം അഗ്രോ. രാജ്യമെങ്ങുമുള്ള കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ഉത്തരേന്ത്യയിലെത്തിച്ച് ഓണ്‍ലൈനിലൂടെയും നേരിട്ടും ഉപഭോക്താക്കള്‍ക്കെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ഡിയെം പ്രവര്‍ത്തിക്കുന്നത്.