തിരുവനന്തപുരം: ചകിരിയില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി തിരുപുറത്ത്. നെയ്യാറ്റിന്‍കര കയര്‍ ക്ലസ്റ്റര്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി.

ചകിരിയില്‍ നിന്ന് പൂന്തോട്ടത്തില്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള 'ഗാര്‍ഡന്‍ ആര്‍ട്ടിക്കിള്‍സ്', സീലിങ് - വാള്‍ പാനലുകള്‍ തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുക. നൂറുശതമാനവും പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളായാണ് ഇവ നിര്‍മിക്കുന്നതെന്ന് സൊസൈറ്റി പ്രസിഡന്റ് തിരുപുറം ഗോപന്‍ അറിയിച്ചു. ഇവയ്ക്കു രാജ്യത്തിന് അകത്തും പുറത്തും വിപണിയുണ്ട്. രണ്ടാംഘട്ടത്തില്‍ കയര്‍ പ്ലൈവുഡും കയര്‍വുഡും നിര്‍മിക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

കേന്ദ്ര സൂഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം രൂപം നല്‍കിയ 'സ്ഫുര്‍ത്തി' (പരമ്പരാഗത വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിനുള്ള സാമ്പത്തിക പദ്ധതി) പദ്ധതി പ്രകാരമാണ് യൂണിറ്റ് ഉത്പാദനം തുടങ്ങുന്നത്. ചകിരിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സ്ഥാപനത്തിലെത്തി നിശ്ചിത ഫീസ് നല്‍കിയ ശേഷം മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കാം. കൂടാതെ ഇവിടെനിന്ന് പരിശീലനവും നല്‍കും. അതിനുള്ള സൗകര്യങ്ങളും തിരുപുറത്ത് സജ്ജമാക്കിയിട്ടുണ്ട്. 1.74 കോടി രൂപ ചെലവഴിച്ചാണ് ഫാക്ടറിയും അനുബന്ധ യന്ത്രങ്ങളും സ്ഥാപിച്ചത്. ഇതില്‍ 75 ശതമാനവും കേന്ദ്രവിഹിതമാണ്.

'സ്ഫുര്‍ത്തി' പദ്ധതിപ്രകാരം കേന്ദ്ര കയര്‍ബോര്‍ഡ് ഇന്ത്യയില്‍ 18 കയര്‍ ക്ലസ്റ്ററുകള്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ മൂന്നെണ്ണം കേരളത്തിലാണ്. ഹരിപ്പാട്, ബാലുശ്ശേരി എന്നിവിടങ്ങളിലാണ് മറ്റു ക്ലസ്റ്ററുകള്‍. തിരുപുറത്തെ ഫാക്ടറിയുടെ ഉദ്ഘാടനം മേയ് അവസാനം നടക്കുമെന്നും സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു. സര്‍ക്കാരിന്റെ ഈ പദ്ധതിയില്‍ സ്വകാര്യ വ്യക്തികള്‍ക്കും പങ്കാളികളാകാം. താത്പര്യമുള്ളവര്‍ നെയ്യാറ്റിന്‍കര കയര്‍ ക്ലസ്റ്റര്‍ സൊസൈറ്റിയുമായി ബന്ധപ്പെടാം. 

ഫോണ്‍: 9447427637

Content highlights: Value added products from coconut fibre, Thiruvananthapuram, Coconutfibre