വൈഗ കാർഷികമേളയിലെ സ്റ്റാളുകൾ കാണുന്ന കൃഷിമന്ത്രി പി.പ്രസാദ് | Photo: Mathrubhumi
തിരുവനന്തപുരം: ജൈവ അരി, കാപ്പി, മഞ്ഞക്കൂവ, തെള്ളി, കുടംപുളി, കുരുമുളക് തുടങ്ങി വനത്തില്‍നിന്നു ശേഖരിച്ചതും കൃഷിചെയ്തതുമായ ഉത്പന്നങ്ങള്‍; കൃഷിവകുപ്പ് പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ചിട്ടുള്ള വൈഗ കാര്‍ഷിക പ്രദര്‍ശന വിപണനമേളയിലാണ് ബ്രാന്‍ഡ് ഉത്പന്നങ്ങളെ വെല്ലുന്ന രീതിയില്‍ ഇവ വിപണിയിലെത്തിച്ചത്. അതിരപ്പിള്ളി ട്രൈബല്‍വാലി അഗ്രിക്കള്‍ച്ചറല്‍ പ്രോജക്ടിനു കീഴിലാണ് കൃത്യമായി ഇവ സംസ്‌കരിച്ച് പായ്ക്ക് ചെയ്തിരിക്കുന്നത്. മറ്റു ചേരുവകളൊന്നുമില്ലാതെ നൂറുശതമാനം ശുദ്ധമായ കാപ്പിപ്പൊടിയും സംസ്‌കരിച്ചതും അല്ലാത്തതുമായ മഞ്ഞക്കൂവപ്പൊടി, പുകയ്ക്കാന്‍ ഉപയോഗിക്കുന്ന രണ്ടിനം തെള്ളി, മട്ട ത്രിവേണി അരി ഇവയെല്ലാം അതിരപ്പിള്ളി എന്ന ബ്രാന്‍ഡില്‍ മേളയില്‍ ലഭിക്കും.
വനംവകുപ്പിന്റെ എത്നിക് ചായ
പച്ചമരുന്നുകള്‍ ചേര്‍ത്ത കാപ്പി, റാഗികൊണ്ടുള്ള മുപ്പതിലേറെ വ്യത്യസ്തമായ ഉത്പന്നങ്ങള്‍, ലൈവായി പാകംചെയ്യുന്ന റാഗി ലഡുവും എത്‌നിക് ചായയും വനംവകുപ്പിന്റെ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. കാട്ടുതേന്‍, ലെമണ്‍ഗ്രാസ് ഓയില്‍, മറയൂര്‍ ശര്‍ക്കര കൂടാതെ ചെറുധാന്യങ്ങളായ തിന, ചാമ, വരക് എന്നിവയും ഇവിടെനിന്നു വാങ്ങാം. മറയൂര്‍ ശര്‍ക്കരയും നറുനണ്ടിയും ചേര്‍ത്താണ് എത്നിക് ചായ തയ്യാറാക്കിയിരിക്കുന്നത്. ആനമുടി ഫോറസ്റ്റ് ഡെവലപ്പ്മെന്റ് ഏജന്‍സിയുടെ പുനര്‍ജീവനം പദ്ധതിയുടെ ഭാഗമായാണ് ചിന്നാറിലെ വനാശ്രിത സമൂഹത്തിന്റെ ചെറുധാന്യം ഉള്‍പ്പെടെയുള്ള മേളയിലെത്തിച്ചത്. ഇരവികുളം നാഷണല്‍ പാര്‍ക്കിലെ വനാശ്രിത സമൂഹത്തിന്റെ തനത് ഉത്പന്നങ്ങളും മേളയിലുണ്ട്. കാട്ടില്‍നിന്നു ശേഖരിക്കുന്ന പരണ്ടക്ക ഉപയോഗിച്ചുള്ള പായസം, കളങ്ങ പായസം, കാട്ടുകിഴങ്ങ് വേവിച്ചത് എന്നിവയും മേളയിലുണ്ട്.
200-ലേറെ സ്റ്റാളുകള്‍
വ്യത്യസ്തവും ഗുണമേന്മയുള്ളതുമായ ഉത്പന്നങ്ങളെ സ്റ്റാളുകളില്‍ പരിചയപ്പെടാം. ചക്കകൊണ്ടുള്ള പാസ്ത, പുട്ടുപൊടി, ചപ്പാത്തിപ്പൊടി, ചക്കമടല്‍ അച്ചാര്‍, ചക്കച്ചുള അച്ചാര്‍, കാട്ടുതേന്‍, വിവിധതരം ചെടികള്‍, ചെടിച്ചട്ടികള്‍, കാര്‍ഷിക സാമഗ്രികളും യന്ത്രങ്ങളും ഭക്ഷ്യസംസ്‌കരണ ഉപകരണങ്ങള്‍, കാര്‍ഷികപദ്ധതികളെക്കുറിച്ച് അറിവ് നല്‍കുന്ന സ്റ്റാളുകള്‍, കീടനിയന്ത്രണ മാര്‍ഗങ്ങള്‍ എന്നിവയും വൈഗയിലുണ്ട്. മാര്‍ച്ച് രണ്ടുവരെയാണ് പ്രദര്‍ശനം.
രാജ്യത്തിന്റെ കാര്‍ഷികവൈവിധ്യം
കശ്മീര്‍, കര്‍ണാടക, സിക്കിം, അസം, തമിഴ്നാട്, ഉത്തരാഖണ്ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള തനത് ഉത്പന്നങ്ങളുമായി അതത് സംസ്ഥാനങ്ങളിലുള്ളവര്‍ എത്തിയിട്ടുണ്ട്. വിവിധതരം കശ്മീരി ആപ്പിള്‍, ഫലവര്‍ഗങ്ങള്‍ ഡ്രൈഫ്രൂട്ട്സ്, കശ്മീരി കുങ്കുമപ്പൂവ് തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് കശ്മീരില്‍ നിന്നെത്തിച്ചിരിക്കുന്നത്. ഒരു ഗ്രാം കുങ്കുമപ്പൂവിന് 200 രൂപയാണ്.
അഗ്രിഹാക്കത്തണ്‍ ഇന്ന് സമാപിക്കും
കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ കാര്‍ഷിക മേളയോടനുബന്ധിച്ചു വെള്ളായണി കാര്‍ഷിക കോളേജില്‍ രണ്ടുദിവസമായി നടക്കുന്ന 'വൈഗ അഗ്രിഹാക്കത്തണ്‍' തിങ്കളാഴ്ച സമാപിക്കും. കൃഷി വകുപ്പ് തിരഞ്ഞെടുത്തുനല്‍കിയ 15 പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാര്‍ഗങ്ങള്‍ സമര്‍പ്പിച്ച മികച്ച 17 ടീമുകള്‍ വിധികര്‍ത്താക്കള്‍ക്കു മുന്‍പില്‍ പദ്ധതികള്‍ അവതരിപ്പിക്കും. കോളേജ്, സ്റ്റാര്‍ട്ടപ്പ്, പൊതുവിഭാഗം എന്നീ വിഭാഗങ്ങളില്‍ വിജയികളാകുന്ന മികച്ച മൂന്ന് ടീമുകള്‍ക്ക് വൈഗയുടെ സമാപനസമ്മേളനത്തില്‍ സമ്മാനങ്ങള്‍ നല്‍കും. പരിഹാരമാര്‍ഗങ്ങള്‍ പ്രാവര്‍ത്തികമാക്കി കാര്‍ഷിക മേഖലയ്ക്ക് ഉപയോഗപ്രദമാക്കുന്നതിനുള്ള തുടര്‍പ്രവര്‍ത്തനങ്ങളും കൃഷി വകുപ്പ് നടത്തും.
Content Highlights: vaiga mela exhibition which catches wide range of attention ends on march 2nd
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..