ന്യൂഡല്‍ഹി: സംസ്ഥാനത്ത് കാര്‍ഷികമേഖലയില്‍ കീടനാശിനി ഉപയോഗത്തിന് കടുത്ത നിയന്ത്രണം കൊണ്ടുവരുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. നോയ്ഡയില് വേള്‍ഡ് ഓര്‍ഗാനിക് കോണ്‍ഗ്രസില്‍ കേരള പവലിയന് ഉദ്ഘാടനം ചെയ്തശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കീടനാശിനി നിരോധനമെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പെന്ന നിലയിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്. സോയില്‍ ഹെല്‍ത്ത് കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ മാത്രം വളപ്രയോഗത്തിന് അനുമതി നല്കുന്ന കാര്യം പരിഗണിച്ചുവരികയാണ്. ജൈവ കാര്‍ഷികനയം ശക്തമായി നടപ്പാക്കും. അന്യംനിന്നുപോയ വിളകള്‍ തിരികെ കൊണ്ടുവരിക, ജൈവവൈവിധ്യം നിലനിര്‍ത്തുക, പരമ്പരാഗത വിളകളും കൃഷിരീതികളും സംരക്ഷിക്കുക തുടങ്ങിയവയും ജൈവനയത്തിന്റെ ലക്ഷ്യങ്ങളാണെന്നും മന്ത്രി പറഞ്ഞു.
ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ഓര്‍ഗാനിക് അഗ്രിക്കള്‍ച്ചര്‍ മൂവ്മെന്റിന്റെയും ഓര്‍ഗാനിക് ഫാമിങ് അസോസിയേഷന് ഓഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തിലാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്നത്. 110 രാജ്യങ്ങളിലെ ജൈവകര്‍ഷകരും കാര്‍ഷികശാസ്ത്രജ്ഞരും നയവിദഗ്ധരും ഗവേഷണസ്ഥാപനങ്ങളും സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
മൂന്നുദിവസത്തെ കോണ്‍ഗ്രസില്‍ കേരളം പങ്കാളിത്ത സംസ്ഥാനമായാണ് പങ്കെടുക്കുന്നത്. സംസ്ഥാന കൃഷിവകുപ്പ്, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്, വി.എഫ്.പി.സി.കെ., എസ്.എഫ്.എ.സി., സി.ടി.സി.ആര്.ഐ., സമേതി, മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല എന്നിവ ചേര്‍ന്നാണ് പവലിയന് ഒരുക്കിയിരിക്കുന്നത്. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കേരളത്തില്‍നിന്ന് കേരള ജൈവകര്‍ഷക സമിതിയുടെ 25 ജൈവകര്‍ഷകര്‍ പങ്കെടുക്കുന്നുണ്ട്. തണല്‍, സേവ് ഔവര്‍ റയ്സ് കാമ്പയിന് പ്രവര്‍ത്തകരും പ്രാദേശിക കൂട്ടായ്മകളുടെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
കേരള പവലിയന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഐഫോം ഡയറക്ടര്‍ ക്ലോഡ് അല്‍വാരിസ്, കാര്‍ഷികോത്പാദന കമ്മിഷണര്‍ ടീക്കാറാം മീണ, കൃഷി ഡയറക്ടര്‍ എ.എം. സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..