കോവിഡ് നിബന്ധനകളില്‍ ഇളവ് ലഭിച്ച സാഹചര്യത്തില്‍ മറയൂരില്‍ വനംവകുപ്പ് നടത്തുന്ന ചില്ല ലേലവിപണി വീണ്ടും സജീവമായി. മറയൂര്‍, കാന്തല്ലൂര്‍ മലനിരകളിലെ ഗോത്രവര്‍ഗ കോളനികളില്‍ നിന്നുകൊണ്ടുവരുന്ന വിളകളാണ് വിപണിയിലെ പ്രധാന ആകര്‍ഷണം. വ്യാഴാഴ്ചകളിലാണ് വിപണി മറയൂര്‍ ഫോറസ്റ്റ് സ്റ്റേഷന് മുന്‍പില്‍ നടന്നുവരുന്നത്. കൊറോണ കാലത്ത് മാസങ്ങളായി ലേലവിപണിയുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വ്യാഴാഴ്ചകളിലായി 3.49 ലക്ഷം രൂപയുടെ വില്പന നടന്നു.

ഇത് കാട്ടുകൂര്‍ക്കയുടെ കാലം

കാട്ടുകൂര്‍ക്കയുടെ വിളവെടുപ്പുകാലമാണിത്. ഇത്തവണ റെക്കോഡ് വിലയാണ് കാട്ടുകൂര്‍ക്കയ്ക്ക് ലഭിച്ചത്. ഒരു കിലോ കാട്ടുകൂര്‍ക്കയ്ക്ക് 65 രൂപ വരെ വില ലഭിച്ചു. വലുപ്പ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ശരാശരി 40 രൂപ വരെ വില ലഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ച 2045 കിലോ കാട്ടുകൂര്‍ക്കയും ഈ വ്യാഴാഴ്ച 4462 കിലോ കൂര്‍ക്കയും വിപണിയില്‍ വിറ്റഴിച്ചു.

കൂര്‍ക്ക മാത്രം 2.14 ലക്ഷം രൂപയുടെ വില്പനയാണ് നടന്നത്. വര്‍ഷംതോറും 50 ലക്ഷം രൂപയുടെ കൂര്‍ക്ക വിപണിയില്‍ വിറ്റുവരുന്നു. മറയൂര്‍ പഞ്ചായത്തിലെ മലനിരകളിലുള്ള നെല്ലിപ്പെട്ടി, കുത്തുകല്ല്, വേങ്ങാപ്പാറ, പെരിയകുടി, കവക്കുടി, കമ്മാളംകുടി എന്നീ ഗോത്രവര്‍ഗ കോളനികളില്‍ നിന്നുമാണ് കൂര്‍ക്കയും നെല്ലിക്കയും എത്തിയത്.

കാട്ടുനെല്ലിക്കയ്ക്കും വില

ഒരുകിലോ കാട്ടുനെല്ലിക്കയ്ക്ക് 20 രൂപ മുതല്‍ 32 രൂപ വരെ വില ലഭിച്ചു. 2200 കിലോ കാട്ടുനെല്ലിക്കയാണ് വിപണിയില്‍ എത്തിയത്. കൂടാതെ കാട്ടു കാന്താരി, ബട്ടര്‍ ബീന്‍സ്, പേരയ്ക്ക, മരത്തക്കാളി, നാരങ്ങ മധുര കിഴങ്ങ്, പപ്പായ, ഫാഷന്‍ ഫ്രൂട്ട് തുടങ്ങിയവയും കോഴിയും ആടും ലേലത്തില്‍ ഉണ്ടായിരുന്നു.

Content Highlights: Up to Rs 65 per kg,  Record price for Chinese potato