കനത്തമഴയിൽ വെള്ളക്കെട്ടായ കുട്ടനാട് എടത്വാ മാങ്കുഴിവടക്ക് പാടത്ത് കൊയ്യാനിറക്കിയ യന്ത്രം ചെളികയറി കേടായ നിലയിൽ. വെള്ളക്കെട്ടിൽ വീണുകിടക്കുന്ന നെൽക്കതിരുകൾ ഉയർത്താൻ ശ്രമിക്കുന്ന കർഷകരെയും കാണാം | ഫോട്ടോ: സി. ബിജു
കുട്ടനാട്/തൃശ്ശൂര്‍/പാലക്കാട്: തുടര്‍ച്ചയായി പെയ്യുന്ന വേനല്‍മഴ നെല്‍ക്കര്‍ഷകര്‍ക്കു കണ്ണീര്‍പ്പെയ്ത്തായി. മഴയും സംഭരണത്തിലെയും നടീലിലെയും പ്രശ്നങ്ങളും ജില്ലകളെ വിവിധരീതികളിലാണു ബാധിച്ചിരിക്കുന്നത്.
ആലപ്പുഴയില്‍ പാടത്ത് വെള്ളം കയറിയും മറ്റും വിതതന്നെ പലതവണ നീട്ടിവെച്ചു. നെല്‍ച്ചെടികള്‍ പൂക്കുന്ന സമയത്തുണ്ടായ വേനല്‍മഴകാരണം നെല്ലില്‍ പതിരു കൂടി. കൊയ്ത നെല്ലെങ്കിലും വേഗം സംഭരിച്ചാല്‍ അത്രയും കുറച്ചു നഷ്ടം സഹിച്ചാല്‍മതി. എന്നാല്‍, അപ്രതീക്ഷിത മഴയും നെല്ലിന്റെ ഗുണമേന്മയെച്ചൊല്ലിയുള്ള തര്‍ക്കങ്ങളുംകൊണ്ട് സംഭരണം നീളുകയാണ്.
നെല്ലിനു നനവുതട്ടിയാല്‍ ഉണക്കിയെടുക്കാന്‍ കൂടുതല്‍ കൂലിച്ചെലവുണ്ടെന്നു പറഞ്ഞ് മില്ലുടമകള്‍ കൂടുതല്‍ കിഴിവ് ആവശ്യപ്പെടുന്നുണ്ട്. ക്വിന്റലിന് രണ്ടു കിലോഗ്രാംമുതല്‍ 15 കിലോഗ്രാംവരെ കിഴിവ് ആവശ്യപ്പെട്ടതായി പരാതിയുണ്ട്. ആലപ്പുഴയില്‍ പുഞ്ചക്കൃഷി ഇറക്കിയ 26,500 ഹെക്ടറിലെ 90 ശതമാനം സ്ഥലത്തും വിളവെടുപ്പ് പൂര്‍ത്തിയായി. ആദ്യഘട്ടത്തില്‍ 37 മില്ലുകാര്വരെ നെല്ലു സംഭരിച്ചിരുന്നു. നിലവില്‍ 12 മില്ലുകാരേയുള്ളൂ.
പാലക്കാട്ട് പകുതിയോളം കര്‍ഷകര്‍ വിതയും അത്രയുംപേര്‍ നടീലുമാണ് നടത്തുന്നത്. മഴയ്ക്കുമുമ്പ് ഒന്നാം വിളയ്ക്കുള്ള വിത നടക്കാഞ്ഞതിനാല്‍ ജൂണ്‍ പകുതിയോടെ ഇരുകൂട്ടരും നടീലിനു തയ്യാറാകും. ഇതു തൊഴിലാളിക്ഷാമത്തിനിടവരുത്തും. യന്ത്രംകൊണ്ടു നട്ടാലും എല്ലാവരും ഒരേസമയത്താകുന്നത് പ്രതിസന്ധിയുണ്ടാക്കും. മഴയത്തു വിതച്ചാല്‍ വിത്തു ചീഞ്ഞുപോകും. വിതയ്ക്കാനും ഞാറിടാനും കഴിയാത്ത അവസ്ഥയാണിപ്പോള്‍. രണ്ടാംവിളയുടെ 95 ശതമാനവും സംഭരിച്ചുകഴിഞ്ഞിട്ടുണ്ട്.
തൃശ്ശൂരിലെ ചാഴൂര്‍, കൈപ്പറമ്പ്, തോളൂര്‍, മുല്ലശ്ശേരി, അരിമ്പൂര്‍, വെങ്കിടങ്ങ് മേഖലകളിലാണ് കൊയ്ത്തു ബാക്കി. ബണ്ടുകള്‍ തുറന്നുവിട്ടിരിക്കുകയാണ്. വെള്ളം ഇറങ്ങുന്നതോടെ കൊയ്യാമെങ്കിലും ചെലവുകൂടും. വൈക്കോലും കെട്ടിയെടുക്കാനായില്ല.
പാടങ്ങള്‍ ഉണങ്ങാത്തതിനാല്‍ ഭൂരിഭാഗം മേഖലകളിലും ബെല്‍റ്റില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളാണ് കൊയ്ത്തിനുപയോഗിക്കുന്നത്. ചക്രയന്ത്രങ്ങള് മണിക്കൂറിന് 1500 രൂപ ഈടാക്കുമ്പോള്‍ ബെല്റ്റു യന്ത്രങ്ങള്‍ക്ക് 2400 രൂപയാണ്. നെന്മണികള് കൊഴിഞ്ഞുണ്ടാകുന്ന നഷ്ടം വേറെയും. ഏക്കറിന് 50 മുതല്‍ 60 വരെ കെട്ട് വൈക്കോലാണ് ലഭിക്കുക. ഈവര്‍ഷം കെട്ടൊന്നിന് 200 രൂപ ലഭിച്ചിരുന്നു. നനഞ്ഞവ ഉണക്കിയെടുത്തു വേണം കെട്ടാക്കാന്‍. ഇത് അധികച്ചെലവാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..