വടക്കേൽ റബ്ബർ നഴ്സറിയിലെ അംബ്രല്ലാ പോളിഹൗസിൽ ഉടമ രാജു വി.ജോസ്
റബ്ബര്‍ തൈകളുടെ സംരക്ഷണത്തിന് കോട്ടയം, പൂവത്തിളപ്പ് വടക്കേല്‍ റബ്ബര്‍ നഴ്‌സറിയില്‍ സജ്ജീകരിച്ചിരിക്കുന്നത് വേറിട്ട പോളിഹൗസ്. ആവശ്യാനുസരണം തുറക്കുകയും അടയ്ക്കുകയും ചെയ്യാവുന്ന പോളിഹൗസ് ആണിത്. ഇതിനെ അംബ്രല്ലാ പോളിഹൗസ് എന്ന് വിളിക്കാം. നിലവില്‍ ഉപയോഗത്തിലുള്ള പോളി ഹൗസിന്റെ പരിഷ്‌കരിച്ച രൂപമാണിത്.
മഴയത്തും വെയിലത്തും ആവശ്യാനുസരണം തുറന്നും അടച്ചും തൈകള്‍ വളര്‍ത്തിയെടുക്കാവുന്ന തരത്തിലാണിത്. മഴ കൂടുതലാണെങ്കില്‍ ഈ പാളികള്‍ അടച്ചിട്ടാല്‍ ചെടിക്ക് സുരക്ഷയായി. കഠിനവെയിലിലും ചെടികളെ സംരക്ഷിക്കാമെന്ന് ഇത് വികസിപ്പിച്ചെടുത്ത വടക്കേല്‍ റബ്ബര്‍ നഴ്‌സറി എം.ഡി. രാജു വി.ജോസ് പറഞ്ഞു.
16 അടി ഉയരമുണ്ട്. 35 ശതമാനം ഷേഡുള്ള നെറ്റാണ് ഇടുന്നത്. ഇത് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. ജി.ഐ. പൈപ്പില്‍ വിജാഗിരി വെച്ചാണ് ഫ്രെയിം തീര്‍ത്തിരിക്കുന്നത്. വെള്ള സിലി പോളിന്‍ഷീറ്റാണ് മേല്‍മറയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. സാധാരണ പോളി ഹൗസിന്റെ മുകളിലെ ഷീറ്റില്‍ പായല്‍ പിടിക്കാറുണ്ട്. ഇതില്‍ പായല്‍ പിടിച്ചാലും തുറക്കാവുന്നതുകൊണ്ട് കഴുകി കളയാം.
3000 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്താണ് പോളിഹൗസ്. 'സാധാരണ പോളി ഹൗസിലെ ഉയര്‍ന്ന ചൂട് ഇതിലുണ്ടാകില്ല. ചെടികളുടെ വളര്‍ച്ചയ്ക്ക് ഇത് ഗുണകരമാണ്. ഒരുവര്‍ഷം രണ്ട് തവണയായി ഒന്നരലക്ഷത്തോളം തൈകള്‍ ഈ അംബ്രല്ലാ പോളി ഹൗസില്‍ ഉത്പാദിപ്പിക്കുന്നു. റബ്ബറിന് മാത്രമല്ല മറ്റ് വിളകള്‍ക്കും ഇത് ഉപയോഗിക്കാം'-രാജു പുതിയ പരീക്ഷണത്തെക്കുറിച്ച് പറയുന്നു.
ഇദ്ദേഹം 1978 മുതല്‍ റബ്ബര്‍ നഴ്‌സറി രംഗത്തുണ്ട്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള എസ്റ്റേറ്റുകള്‍ക്ക് റബ്ബര്‍ത്തൈകള്‍ നല്‍കുന്നു. ഒരുവര്‍ഷം ഏഴരലക്ഷം കപ്പ് തൈകളും ഉത്പാദിപ്പിക്കുന്നു. മുത്തോലി കൊടുങ്ങൂര്‍ റോഡില്‍ പൂവത്തിളപ്പിലാണ് വടക്കേല്‍ റബ്ബര്‍ നഴ്സറി.
Content Highlights: Umbrella Poly House
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..