കര്‍ണാല്‍: വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഹരിയാനയിലെ ഭീമന്‍ പോത്ത് സുല്‍ത്താന്‍ ജോട്ടെ ചത്തു. ഹൃദയാഘാതമാണ് സുല്‍ത്താന്റെ ജീവനെടുത്തത്. നെയ്യ് അടക്കം കഴിച്ചിരുന്ന സുല്‍ത്താന് വൈകുന്നേരം മദ്യം കഴിക്കുന്ന ശീലവുമുണ്ടായിരുന്നു. ഹരിയാനയിലെ കൈത്തലിലെ നരേഷ് ബെനിവാലെയുടേതായിരുന്നു 21 കോടിയോളം രൂപ വില പറഞ്ഞ സുല്‍ത്താന്‍ പോത്ത്. കോടികള്‍ വാഗ്ദാനം വന്നപ്പോഴും സുല്‍ത്താനെ വില്‍ക്കുന്നില്ലെന്നായിരുന്നു ഉടമസ്ഥന്‍ നരേഷ് ബെനിവാളിന്റെ നിലപാട്.

1200 കിലോ തൂക്കമുണ്ടായിരുന്ന ഭീമന്‍ പോത്തായിരുന്നു സുല്‍ത്താന്‍. ആറടി നീളമുണ്ടായിരുന്ന സുല്‍ത്താന്‍ 15 കിലോ ആപ്പിളും 20 കിലോ കാരറ്റുമാണ് ഓരോ ദിവസവും അകത്താക്കിയിരുന്നത്. ഇതിന് പുറമേ പാലും കിലോ കണക്കിന് പച്ചിലയും വൈക്കോലും ആഹാരമാക്കിയിരുന്നു. വൈകുന്നേരങ്ങളില്‍ വീര്യം കുറഞ്ഞ മദ്യം കുടിക്കുന്നതും സുല്‍ത്താന്റെ സവിശേഷതയായിരുന്നു. 

2013-ല്‍ ജജ്ജാര്‍, കര്‍ണാല്‍, ഹിസാര്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച അഖിലേന്ത്യ അനിമല്‍ ബ്യൂട്ടി മത്സരത്തിലെ ജേതാവുമായിരുന്നു സുല്‍ത്താന്‍ ജോട്ടെ. രാജസ്ഥാനിലെ പുഷ്‌കര്‍ കന്നുകാലി മേളയില്‍ ഒരു മൃഗസ്‌നേഹി 21 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. പക്ഷേ സുല്‍ത്താനെ വില്‍ക്കാന്‍ ഉടമ നരേഷ് തയ്യാറായിരുന്നില്ല. സുല്‍ത്താന്‍ സ്വന്തം കുട്ടിയെപ്പോലെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. സുല്‍ത്താന്റെ പ്രശസ്തി രാജ്യവ്യാപകമായതോടെ സുല്‍ത്താന്റെ ബീജത്തിനായുള്ള ആവശ്യവും വര്‍ധിച്ചു. ഓരോ വർഷവും സുൽത്താൻ ഏകദേശം ഒരു കോടി രൂപയുടെ വരുമാനം ഉടമയ്ക്ക് ഉണ്ടാക്കി കൊടുത്തിരുന്നു.

 

Content Highlights:  The Mighty Buffalo Sultan, whose Semen used to sell in lakhs Dies of Heart Attack