രോഗം ബാധിച്ച പുല്ലൂർ തടത്തിലെ നാരായണന്റെ പശുക്കുട്ടി | ഫോട്ടോ: മാതൃഭൂമി
പെരിയ: ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ പശുക്കളില്‍ ചര്‍മമുഴ രോഗം വ്യാപകമാവുന്നു. കര്‍ഷക കുടുംബങ്ങളിലെ പ്രധാന വരുമാനമാര്‍ഗമായ പശുക്കള്‍ രോഗം വന്ന് ചത്ത് തുടങ്ങിയതോടെ ഓരോ കുടുംബത്തിന്റെയും സാമ്പത്തിക അടിത്തറ തകരുകയാണ്. വസൂരി വൈറസ് ഇനത്തില്‍പ്പെട്ട കാപ്രിപോക്‌സ് വൈറസാണ് രോഗം പടര്‍ത്തുന്നത്. കന്നുകാലികളില്‍ ദേഹമാസകലം മുഴകള്‍ വന്ന് നിറയുകയാണ് രോഗത്തിന്റെ ലക്ഷണം. കടുത്ത പനിയും തീറ്റയോടുള്ള വിരക്തിയും മറ്റുമാണ് ലക്ഷണങ്ങള്‍.
പുല്ലൂര്‍-പെരിയ ചെങ്കള, പിലിക്കോട് തുടങ്ങി ഭൂരിഭാഗം പഞ്ചായത്തുകളിലും രോഗം പടര്‍ന്നുകഴിഞ്ഞു. ഫലപ്രദമായ മരുന്ന് ഇല്ലാത്തതിനാല്‍ രോഗബാധയുള്ള പശുക്കളെ ആരോഗ്യത്തോടെ രക്ഷിച്ചെടുക്കാനും കര്‍ഷകര്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞദിവസം കൊടവലത്തെ കെ.വി. നാരായണന്റെ രണ്ട് പശുക്കുട്ടികളും പുല്ലൂര്‍ അട്ടക്കാട്ടെ ദാമോദരന്‍ നായരുടെ കറവപ്പശുവും ചര്‍മമുഴ രോഗം ബാധിച്ച് ചത്തിരുന്നു. ചെങ്കള പാടിയിലെ ഗോപിനാഥന്റെ രണ്ട് പശുക്കള്‍ക്കും രോഗബാധയുണ്ട്.
സംസ്ഥാന വ്യാപകമായി ജനുവരി 18 മുതല്‍ ഫെബ്രുവരി 24 വരെ ചര്‍മമുഴയ്‌ക്കെതിരേ പ്രതിരോധ വാക്‌സിന്‍ നല്‍കിവരുന്നുണ്ട്. വീടുകളിലെത്തി വാക്‌സിന്‍ നല്‍കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍, ജില്ലയിലെ പല പഞ്ചായത്തുകളിലും വാക്‌സിന്‍ ഫലപ്രദമായി പശുക്കള്‍ക്ക് നല്‍കിയിട്ടില്ല. എന്നാല്‍, ഇതുവരെയായി 13490 പശുക്കള്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍നിന്ന് അറിയിച്ചു.
വാക്‌സിന്‍ എല്ലാ മൃഗാസ്പത്രികളിലും എത്തിയിട്ടുണ്ടെങ്കിലും അവ നല്‍കാനായി പോകുന്ന സ്‌ക്വാഡിന് വാടക ഇനത്തില്‍ ചെലവാകുന്ന തുക ലഭ്യമല്ലാത്തതാണ് വാക്‌സിന്‍ വിതരണത്തിന് നിലവില്‍ തടസ്സമാകുന്നത്. വാടക പഞ്ചായത്തുകള്‍ക്കോ ക്ഷീരോത്പാദക സംഘങ്ങള്‍ക്കോ നല്‍കാന്‍ പറ്റുന്ന വിധത്തില്‍ സംസ്ഥാനതലത്തില്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നെങ്കിലും താഴെ തട്ടില്‍ അത് ഫലപ്രദമായി നടപ്പായില്ല.
ജില്ലയില്‍ 10 കന്നുകുട്ടികളും രണ്ടു പശുക്കളും ഒരു കിടാരിയും മാത്രമാണ് രോഗബാധമൂലം ചത്തതെന്നാണ് ജില്ലാ മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഇത് രേഖകളിലെ കണക്ക് മാത്രമാണെന്നും സഹായങ്ങള്‍ ഒന്നും ലഭിക്കാത്തതിനാല്‍ ചത്ത് വീഴുന്ന പശുക്കളെ യഥാസമയം മറവുചെയ്യുകയാണ് കര്‍ഷകര്‍.
Content Highlights: the lumpy skin disease in cattle spreads among cows without any effective vaccine
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..