തെങ്കാശി ജില്ലയിലെ സാമ്പവര്‍ വടകര, സുന്ദരപാണ്ഡ്യപുരം, ചുരണ്ട, ആയ്ക്കുടി ഉള്‍പ്പെടെയുള്ള ഗ്രാമീണ പാതകള്‍ക്ക് ഇരുവശവും നോക്കെത്താദൂരത്ത് കാഴ്ചയൊരുക്കി നില്‍ക്കുന്ന പൂക്കള്‍ക്ക് ഇടയില്‍ ഒന്ന് നില്‍ക്കാന്‍ ആഗ്രഹമില്ലാത്ത ആരുമുണ്ടാവില്ല. എന്നാല്‍ സഞ്ചാരികള്‍ എത്തില്ലെന്ന് മുന്‍കൂട്ടി അറിഞ്ഞതുപോലെയായിരുന്നു ഇത്തവണത്തെ സൂര്യകാന്തി സീസണ്‍.

അതിര്‍ത്തിയിലെത്തുന്ന മലയാളികളുടെ കണ്ണിനും മനസ്സിനും ഒരുപോലെ കുളിര്‍മയേകുന്ന സൂര്യകാന്തി പൂപ്പാടം ഇത്തവണ ചെങ്കോട്ട സാമ്പവര്‍ വടകരയില്‍ പെരിയകുളത്ത് അഞ്ചേക്കര്‍ സ്ഥലത്തുമാത്രം. രാജു, തങ്കദുരൈ തുടങ്ങിയവരുടെ പാടങ്ങളിലാണ് ഇത്തവണ സൂര്യകാന്തിക്കൃഷിയുള്ളത്.

മെച്ചപ്പെട്ട വില ലഭിക്കുമെന്ന് പ്രതീക്ഷ

ജൂണ്‍ മാസത്തോടെ വിളവിറക്കിയ ചെടികളില്‍നിന്ന് ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യവാരമോ വിളവെടുപ്പ് നടക്കും. വിത്തിട്ട് ഒന്നരമാസത്തിനുള്ളില്‍ പൂക്കള്‍ പിടിച്ചു തുടങ്ങും. എന്നാല്‍ പൂക്കള്‍ പൂര്‍ണമായും വിടര്‍ന്ന് വിത്തുകള്‍ പാകമാകാന്‍ വീണ്ടും ഒരുമാസത്തോളം വേണം. കൃഷിയിറക്കാന്‍ ഒരേക്കറില്‍ അഞ്ചുമുതല്‍ ആറ് കിലോയോളം വിത്തുകള്‍ ഉപയോഗിച്ചിരുന്നു. കിലോയ്ക്ക് 125 രൂപവരെ വിലയായി. 40 രൂപ വിലയില്‍ ഒരു ഏക്കറില്‍നിന്ന് ശരാശരി 400 കിലോവരെ വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷ.

പ്രതീക്ഷിച്ച ലാഭം കിട്ടിയില്ല

കഴിഞ്ഞതവണ കര്‍ഷകര്‍ക്ക് വേണ്ടത്ര വിളവ് ലഭിക്കാത്തതിനൊപ്പം പക്ഷികള്‍ കൊത്തിയും വലിയനഷ്ടം ഉണ്ടായതായി പറയുന്നു. അതിനാല്‍ കര്‍ഷകര്‍ പാടങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടിവന്നത് അധിക സാമ്പത്തികബാധ്യത ഉണ്ടാക്കി. ചില പാടങ്ങളിലെ പൂക്കളില്‍ ഗുണമേന്മയുള്ള വിത്ത് ലഭിക്കാത്തതും തിരിച്ചടിയായി. അതോടെ ഈ പാടങ്ങളിലെ പൂക്കളില്‍നിന്ന് കൂടുതല്‍ എണ്ണ ലഭിച്ചില്ല. കഴിഞ്ഞവര്‍ഷം കിലോയ്ക്ക് 30 രൂപയോളമാണ് ലഭിച്ചത്.

തേനീച്ച കര്‍ഷകര്‍ എത്താത്തതും തിരിച്ചടിയായി

കേരളത്തില്‍നിന്ന് സീസണില്‍ തേനീച്ച കര്‍ഷകര്‍ പൂപ്പാടങ്ങളോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ തേനീച്ചപ്പെട്ടികള്‍ വയ്ക്കുമായിരുന്നു. അതിനാല്‍ സൂര്യകാന്തി പൂക്കള്‍ക്ക് തേനീച്ചകള്‍ വഴി കൃത്യമായ പരാഗണം നടക്കുകയും മെച്ചപ്പെട്ട വിളവും ലഭിക്കുമായിരുന്നു. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ വന്നതോടെ തേനീച്ചക്കര്‍ഷകര്‍ക്ക് ഇത്തവണ അതിര്‍ത്തികടന്ന് എത്താന്‍ കഴിയാതായി. തേനീച്ച വഴിയുള്ള പരാഗണം നടക്കില്ലെന്ന് മനസ്സിലാക്കിയതോടെ കര്‍ഷകര്‍ പരുത്തി, ചോളം കൃഷികളിലേക്ക് തിരിയുകയായിരുന്നു.

ഇത്തവണ കൃത്രിമ പരാഗണവും

കൃഷി വകുപ്പിന്റെ നിര്‍ദേശപ്രകാരം പരീക്ഷണ അടിസ്ഥാനത്തില്‍ ഇത്തവണ സൂര്യകാന്തി പൂക്കളില്‍ കൃത്രിമ പരാഗണം നടത്തുന്നുണ്ട്. ഉയര്‍ന്ന നിലവാരത്തിലുള്ളതും കൂടുതല്‍ വിത്തുകള്‍ ഉണ്ടാകുന്നതിനുവേണ്ടിയും അടുത്തടുത്ത് നില്‍ക്കുന്ന പൂക്കളുടെ മധ്യഭാഗം കൂട്ടി ഉരസുകയും പ്രത്യേക തുണികള്‍ ഉപയോഗിച്ച് പൂക്കളുടെ വിത്തുകള്‍ക്ക് മുകളില്‍ക്കൂടി ഉരസി വിടുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ കൃത്രിമ പരാഗണം നടന്ന് വിത്തുത്പാദനം കാര്യക്ഷമമാക്കാമെന്നാണ് പ്രതീക്ഷ - ഷെയ്ക്ക് മുഹിദീന്‍, ചെങ്കോട്ട ബ്ലോക്ക് ഡെപ്യൂട്ടി അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍.

Content Highlights: Agriculture News, sunflower farming