പ്രളയം സാരമായി ബാധിച്ച എടത്തിരുത്തിയിലെ കാർഷിക മേഖലയിൽ ഇക്കുറി ഓണവിപണിയെ ലക്ഷ്യമാക്കിയുള്ള കാർഷിക പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. എടത്തിരുത്തിയിലെ വയലുകളെല്ലാം ഇപ്പോൾ ചതുപ്പുനിലങ്ങളായി മാറിക്കഴിഞ്ഞു. അവശേഷിക്കുന്നവയിൽ പാടശേഖര സമിതികളും കർഷക കൂട്ടായ്മകളും നെൽകൃഷി നടത്തുന്നുണ്ടെങ്കിലും ഏറെ ആശങ്കയിലാണ് കർഷകർ.
കായൽപ്രദേശമായതിനാൽ ബണ്ടുകൾ പൊട്ടി ഉപ്പുവെള്ളം കൃഷിയിടങ്ങളിലെത്തുന്നതാണ് കർഷകർ നേരിടുന്ന വലിയ പ്രതിസന്ധി. തോടുകളും കുളങ്ങളും നിറഞ്ഞ പ്രദേശമായതിനാലാണ് ഭൂരിഭാഗം കർഷകരും മറ്റ് കാർഷിക വൃത്തികളിൽനിന്ന് പിന്മാറി മത്സ്യക്കൃഷിയിലേക്ക് തിരിഞ്ഞിട്ടുള്ളത്. എങ്കിലും മണ്ണ് ചതിക്കില്ലെന്ന പ്രതീക്ഷയിൽ അതിജീവനത്തിന്റെ കൃഷിയിറക്കി വിളവെടുപ്പിന് തയ്യാറെടുക്കുകയാണ് എടത്തിരുത്തിക്കാർ.
വാഴയും ഇടവിളകളുമായി കർഷക കൂട്ടായ്മ
എടത്തിരുത്തി 14-ാം വാർഡ് സിറാജ് നഗറിൽ സ്വകാര്യ വ്യക്തിയുടെ ഒരേക്കർ സ്ഥലത്ത് ഓണവിപണി ലക്ഷ്യമാക്കി കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ വാഴക്കൃഷി നടത്തുന്നുണ്ട്. പ്രളയത്തിൽ പൂർണമായും മുങ്ങി ഒട്ടും തന്നെ കൃഷിയോഗ്യമല്ലാതിരുന്ന സ്ഥലത്ത് കൂട്ടായ പരിശ്രമങ്ങൾക്കൊടുവിലാണ് രണ്ടു മാസം മുമ്പ് 1000 നേന്ത്രവാഴക്കന്നുകൾ നട്ടത്. ഒപ്പം തന്നെ ഇടവിളയായി പയർ, കാന്താരിമുളക്, ചേന, ചേമ്പ്, വിവിധ ഫലവർഗങ്ങൾ തുടങ്ങിയവയും കൃഷി ചെയ്തിട്ടുണ്ട്.
കാർഷിക സർവകലാശാല, കണ്ണാറ വാഴ ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിൽ നിന്നാണ് വാഴക്കന്നുകൾ, വിത്തുകൾ തുടങ്ങിയവ വാങ്ങിയത്. ഓണവിപണി ലക്ഷ്യമാക്കി ഇവ വിറ്റഴിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കർഷക കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന ടി.എൻ. തിലകൻ, കെ.കെ. മനോജ് കുമാർ എന്നിവർ പറഞ്ഞു. കൂടാതെ പറമ്പിലുണ്ടായിരുന്ന കുളം വൃത്തിയാക്കി സംരക്ഷണഭിത്തി നിർമിച്ച് ആധുനിക രീതിയിലുള്ള മീൻ വളർത്തലിലും സജീവമാണ് ഇവർ. നാല് സെന്റ് സ്ഥലത്ത് കരിമീൻ ഉൾപ്പെടെ വിവിധയിനം മത്സ്യങ്ങളും നിക്ഷേപിച്ചിട്ടുണ്ട്. ഇവയും ഓണത്തിന് വിളവെടുക്കും.
വിളവെടുപ്പിനൊരുങ്ങി മത്സ്യ വിപണി
സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള എടത്തിരുത്തിയിലെ വിത്തുത്പാദന കേന്ദ്രത്തിന്റെ മത്സ്യക്കൃഷിയിലേയും നെൽകൃഷിയുടേയും ചരിത്രനേട്ടമാണ് മറ്റൊന്ന്. ഓണവിപണി ലക്ഷ്യമാക്കി 40 സെന്റ് സ്ഥലത്ത് പ്രത്യേകം തയ്യാറാക്കിയ പോളിത്തീൻ ലൈനിങ്ങിലുള്ള ജലസംഭരണിയിലാണ് 3000 മത്സ്യക്കുഞ്ഞുങ്ങളെ കഴിഞ്ഞ ഡിസംബറിൽ നിക്ഷേപിച്ചത്.
നാടൻ, സങ്കരയിനങ്ങളിൽ പെട്ട ഇവ ഓണത്തിന് വിളവെടുക്കുന്നതിന് തയ്യാറായിക്കഴിഞ്ഞു. കമ്പോള വിലയ്ക്ക് പൊതുജനങ്ങൾക്ക് വിറ്റഴിക്കാനാണ് തീരുമാനം.
ഇതോടൊപ്പം തന്നെ എടുത്തു പറയേണ്ടതാണ് നെൽകൃഷിയിലെ നേട്ടവും. കഴിഞ്ഞ വർഷം ഓണത്തിന് കൊയ്യാൻ പാകമായ നെൽകൃഷി പ്രളയത്തിൽ മുഴുവൻ നശിച്ചിരുന്നു. തുടർന്നാണ് വീണ്ടും കൃഷിയിറക്കുന്നത്. 25 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന സ്ഥലത്ത് മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ 44 ടൺ നെൽവിത്ത് ഉത്പാദിപ്പിച്ചാണ് സംസ്ഥാനത്തെ വിത്തുത്പാദന കേന്ദ്രങ്ങൾക്ക് തന്നെ കേന്ദ്രം മാതൃകയായിരിക്കുന്നത് .
ചെന്ത്രാപ്പിന്നി ചിറയ്ക്കൽ പള്ളിക്ക് സമീപം ആൽഫ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ മൂന്ന് ഏക്കറിൽ നടത്തുന്ന മത്സ്യക്കൃഷിയാണ് ഓണവിപണിയുടെ മറ്റൊരു ആകർഷണം. ഇവിടെയുള്ള തോടുകൾ സംയോജിപ്പിച്ച് വലിയ കുളങ്ങൾ നിർമിച്ചാണ് മത്സ്യക്കൃഷി നടത്തുന്നത്. നേരത്തേ പച്ചക്കറി കൃഷി നടത്തിയിരുന്നെങ്കിലും പ്രതീക്ഷിച്ച വിളവ് ലഭിക്കാത്തതിനാൽ മത്സ്യക്കൃഷി തിരഞ്ഞെടുക്കുകയായിരുന്നു.
മുൻ വർഷങ്ങളിൽ മികച്ച ലാഭമാണ് മത്സ്യക്കൃഷിയിൽ നിന്ന് ലഭിച്ചതെന്ന് ആൽഫ ചെയർമാൻ കെ.എം.നൂറുദ്ദീൻ പറഞ്ഞു.
കൃഷിക്ക് കരുത്തേകി വിദ്യാർഥികളും
ചെന്ത്രാപ്പിന്നി ഈസ്റ്റിലെ പി.എം.എം. യു.പി. സ്കൂൾ വിദ്യാർഥികളും ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയെ ഫലപ്രാപ്തിയിലെത്തിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്. സ്കൂളിനടുത്തുള്ള സ്ഥലത്ത് കരനെൽ കൃഷിക്കാണ് അധ്യാപകരും വിദ്യാർഥികളും തുടക്കമിട്ടിരിക്കുന്നത്.
കൂടാതെ കപ്പ, കപ്പലണ്ടി, കടല, തക്കാളി, വെണ്ട തുടങ്ങിയ ഇനങ്ങളും വിദ്യാർഥികളുടെ കൃഷിയിടത്തിലുണ്ട്. കാർഷിക വിദഗ്ധരുടെ നിർദേശങ്ങളും ഇവർക്ക് പ്രോത്സാഹനം പകരുന്നുണ്ട്. ഓണത്തിന് ഇവയെല്ലാം വിളവെടുക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
Content Highlights: Sufferings Of Farmers In Flood Affected Districts In Kerala