ലോക്ഡൗണ്‍ വിരസതയകറ്റുവാന്‍ മട്ടുപ്പാവില്‍ നെല്‍ക്കൃഷിയൊരുക്കി ദമ്പതിമാര്‍. പാലാ കെ.എസ്.ആര്‍.ടി.സി. സ്റ്റേഷന്‍ മാസ്റ്റര്‍ മേലുകാവ് കുടിയാറ്റില്‍ ടൈറ്റസ് സാം ജോസഫും ഭാര്യ മുട്ടം പോളിടെക്നിക് കോളേജ് സീനിയര്‍ അധ്യാപികയുമായ സെലിനുമാണ് മട്ടുപ്പാവ് നെല്‍ക്കൃഷി നടത്തിയത്. കോവിഡ് സമയത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച കൃഷിയാണ് നെല്‍ക്കതിരണിഞ്ഞ് പാകമായി നില്‍ക്കുന്നത്. 

മിനറല്‍ വാട്ടറിന്റെ ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പിയിലാണ് കൃഷിയിറക്കിയത്. നൂറ്റി എഴുപത്തിയഞ്ച് കുപ്പികള്‍ കുറുകെ മുറിച്ച് വെള്ളം നിറച്ചായിരുന്നു കൃഷി. ചങ്ങനാശ്ശേരിയില്‍ നിന്നാണ് നെല്‍വിത്ത് കൊണ്ടുവന്നത്. തുടക്കത്തില്‍ ചാണകവളം ഉപയോഗിച്ചു. കീടനാശിനി ഒരിക്കല്‍പോലും ഉപയോഗിച്ചില്ല. എല്ലാ നെല്‍ചെടികളും കൊയ്ത്തിന് പാകമായി കഴിഞ്ഞെന്ന് ടൈറ്റസ് പറഞ്ഞു.

ലോക്ഡൗണ്‍ കാലത്തില്‍ പച്ചക്കറികളും മറ്റും കൃഷികളും ചെയ്യാന്‍ ധാരാളം പേര്‍ ഉള്ളപ്പോള്‍ നെല്‍ക്കര്‍ഷകര്‍ കുറയുന്ന സാഹചര്യമാണ് ഇതിന് പ്രേരിപ്പിച്ചത്. ഇതോടൊപ്പം പുരയിടത്തിലെ പുടതാക്കുളത്തില്‍ മീന്‍ വളര്‍ത്തലും മട്ടുപ്പാവില്‍ പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡിന്റെ മുകളില്‍ ടാങ്ക് കെട്ടി മീന്‍ വളര്‍ത്തല്‍ ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ടൈറ്റസ്. 

മട്ടുപ്പാവില്‍ നെല്‍ക്കൃഷി കൂടാതെ പയര്‍, കോവല്‍, വെണ്ട, വഴുതന, പീച്ചില്‍, പാഷന്‍ ഫ്രൂട്ട്, അലങ്കാര മത്സ്യക്കൃഷി, ചെറുതേന്‍ കൃഷി എന്നിവയും നടത്തുന്നുണ്ട്. വീട്ടില്‍ പച്ചക്കറി കൃഷിയുള്ളതിനാല്‍ പുറത്തുനിന്നു പച്ചക്കറികള്‍ വാങ്ങേണ്ടിവന്നില്ലെന്ന് സെലിന്‍ പറയുന്നു.

Content Highlights: Successful Paddy farming on the terrace of a house