എടപ്പാള്‍: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പരിസ്ഥിതി ദിനത്തില്‍ ഇത്തവണ നടുന്നത് കുട്ടികള്‍ സ്വയം മുളപ്പിച്ച് വളര്‍ത്തിയെടുത്ത ചെടികള്‍. 24-ന് സംസ്ഥാനത്താകെ ഫലവൃക്ഷത്തൈ ചെടികളുണ്ടാക്കാനുള്ള പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്ന വിത്തിടലുല്‍സവം നടക്കും.

ജൂണ്‍ അഞ്ചിന് എല്ലാ വിദ്യാര്‍ഥികളും വിദ്യാലയങ്ങളിലും വീടുകളിലും പരിസരങ്ങളിലുമെല്ലാം ഫലവൃക്ഷങ്ങളായ പ്ലാവ്, മാവ്, കശുമാവ്, പുളി എന്നിവ വെച്ചുപിടിപ്പിക്കും. ഇതിനാവശ്യമായ തൈകള്‍ കുട്ടികളെക്കൊണ്ടുതന്നെ നട്ടുവളര്‍ത്തിക്കാനാണ് തീരുമാനം. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, എസ്.പി.സി., ജൂനിയര്‍ റെഡ് ക്രോസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുടെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗമാണ് ഇതിനുള്ള പരിപാടികളാവിഷ്‌കരിച്ചത്.

23-ന് എല്ലാ ജില്ലകളിലും വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥി-അധ്യാപക-സംഘടനാ പ്രതിനിധികളുടെ യോഗം ചേരും. 24-ന് വിത്തിടലാരംഭിക്കും. സ്‌കൗട്ട് ആന്‍ഡ് ഗൈഡ് 40 ലക്ഷം, എസ്.പി.സി.12 ലക്ഷം, ജെ.ആര്‍.സി. എട്ടുലക്ഷം എന്നിങ്ങനെ തൈകള്‍ ഉത്പാദിപ്പിക്കണം. ജൂണ്‍ അഞ്ചാകുമ്പോഴേക്കും വളര്‍ന്നുവരുന്ന തൈകള്‍ വിദ്യാലയങ്ങളിലെത്തിച്ച് കുട്ടികള്‍ക്ക് വിതരണംചെയ്ത് നടീല്‍യജ്ഞം നടത്തും.

Content highlights: Agriculture, World environment day, Seed,Sprouting