വധിക്കാലത്തിന്റെ തിമിര്‍പ്പുകള്‍ക്ക് വിരാമമിട്ട് പുതിയ അധ്യയന വര്‍ഷം ഈ സ്‌കൂളിലെത്തുന്ന കൂട്ടുകാരെ കാത്തിരിക്കുന്നത് വേറിട്ടൊരു കാഴ്ചയാണ്. തങ്ങള്‍ നട്ടു നനച്ചു വളര്‍ത്തിയ നെല്‍ച്ചെടികളും, എള്ളും, ചോളവും, ചാമയുമെല്ലാം കതിരിട്ടു നില്‍ക്കുന്ന മനോഹരമായ കാഴ്ചയാണത്. 

ആരക്കുഴ സെയ്ന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂളിലെ 'മാതൃഭൂമി' സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഇവിടെ വൈവിധ്യമാര്‍ന്ന വിളകള്‍ കൃഷി ചെയ്തത്. പ്രധാനാധ്യാപിക സിസ്റ്റര്‍ റിനി മരിയയുടെ മേല്‍നോട്ടത്തിലാണ് സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ വിജയകരമായി നടപ്പാക്കിയിരിക്കുന്നത്. 

അഞ്ച് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് സീഡ് ക്ലബ്ബിലെ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നത്. കൃഷ്ണനന്ദ ജോഷിയായിരുന്നു വിദ്യാര്‍ഥികളുടെ സീഡ് കോ-ഓര്‍ഡിനേറ്റര്‍. അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാരായി മേരി രഞ്ജിത്, ബെസ്റ്റി അലക്‌സ് എന്നിവര്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു. 

വാഴ, പാഷന്‍ ഫ്രൂട്ട് എന്നിവയും ചൊരയ്ക്ക, പടവലം, പയര്‍, പാവല്‍, തക്കാളി, വഴുതന തുടങ്ങിയ പച്ചക്കറികളും സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

Content Highlights: Student Farmers Cultivation In School