കൊളത്തൂർ ബറോട്ടി നിടുവോട്ടെ എം. ശ്രീവിദ്യ ശനിയാഴ്ച തണ്ണിമത്തൻ വിളവെടുത്തപ്പോൾ
കൊളത്തൂര്‍: കൃഷിയില്‍ സാങ്കേതിക അറിവ് നേടാന്‍ ബേഡഡുക്ക കൊളത്തൂര്‍ ബറോട്ടി നിടുവോട്ടെ എം. ശ്രീവിദ്യ ശനിയാഴ്ച ഇസ്രയേലിലേക്ക് പോകും. സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് സന്ദര്‍ശനം. ജില്ലയില്‍നിന്നുള്ള ഏക കര്‍ഷക പ്രതിനിധിയാണ് ശ്രീവിദ്യ.
വിവിധ ജില്ലകളില്‍നിന്നായി 27 കര്‍ഷകരാണ് സംഘത്തിലുള്ളത്. ഞായറാഴ്ച പുലര്‍ച്ചെ കൊച്ചിയില്‍നിന്ന് വിമാനം കയറും. 20-ന് തിരിച്ചെത്തും. സംസ്ഥാനസര്‍ക്കാരിന്റെ 2020-ലെ മികച്ച യുവകര്‍ഷക പുരസ്‌കാര ജേതാവാണ് ശ്രീവിദ്യ. സമ്മിശ്രവും സംയോജിതവും ശാസ്ത്രീയവുമായി കൃഷി ചെയ്താണ് ശ്രീവിദ്യ വിജയം കൊയ്‌തെടുക്കുന്നത്. കുടുംബസ്വത്തായി ലഭിച്ച നാലേക്കര്‍ തരിശുഭൂമിയില്‍ പാറപ്രദേശത്തുള്‍പ്പെടെ മണ്ണിട്ട് വ്യത്യസ്ത വിളകള്‍ കൃഷിയിറക്കുന്നു. ചെങ്കല്ലും പാഴ്ച്ചെടികളും പാറയിടുക്കുകളുമായി കിടക്കുകയായിരുന്ന ഭൂമിയെ നാലുവര്‍ഷം മുന്‍പാണ് കൃഷിയോഗ്യമാക്കിയത്.
സ്ഥലം വൃത്തിയാക്കി, മണ്ണില്ലാത്തിടങ്ങളില്‍ മണ്ണെത്തിച്ചു. തട്ടുകളായി തിരിച്ച് മണ്ണൊലിപ്പ് തടയുന്നതിനും മഴവെള്ളം മണ്ണിലിറങ്ങുന്നതിനും സൗകര്യമൊരുക്കി. വിവിധയിനം പച്ചക്കറികൃഷി സജീവം. തെങ്ങുകളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. പാഷന്‍ഫ്രൂട്ടുമുണ്ട്.
കോഴി, മുയല്‍, പശു എന്നിവ വളര്‍ത്തുന്നു. മഴവെള്ളസംഭരണിയില്‍ മീന്‍ വളര്‍ത്തുന്നു. അസോള, തീറ്റപ്പുല്‍, നെല്‍ക്കൃഷി എന്നിവയുമുണ്ട്. കാലിവളം, കോഴിവളം പച്ചിലവളം, വേപ്പിന്‍പിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ് എന്നിവ വളമായി ഉപയോഗിക്കുന്നു. കൃഷിഭവന്‍ അനുവദിച്ച ഫെര്‍ട്ടിഗേഷന്‍ യൂണിറ്റ് ഉപയോഗിച്ചാണ് ജലസേചനം.
കാസര്‍കോട് അല്‍ഹിന്ദ് ട്രാവല്‍സില്‍ 14 വര്‍ഷമായി അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. രാവിലെയും വൈകീട്ടും അവധിദിവസങ്ങളിലുമാണ് കൃഷിപ്പണിയില്‍ ഏര്‍പ്പെടുന്നത്. നിടുവോട്ടെ എ.കെ. നാരായണന്‍ നായരുടെയും എം. ദാക്ഷായണിയുടെയും മകളാണ്. കാറഡുക്കയിലെ പ്രവാസി എം. രാധാകൃഷ്ണനാണ് ഭര്‍ത്താവ്. കാറഡുക്ക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി എം. രേവതി കൃഷ്ണ, പൊയിനാച്ചി ഭാരത് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി എം. ശിവനന്ദ് എന്നിവര്‍ മക്കളാണ്.
തണ്ണിമത്തന്‍ വിളവെടുത്തു
എം. ശ്രീവിദ്യ കുടുംബശ്രീ ജില്ലാ മിഷന്‍ കണി അഗ്രിനൂട്രീ മിഷന്‍ പദ്ധതിയില്‍ തന്റെ കൃഷിയിടമായ പൂങ്കാവനം അഗ്രിഫാമില്‍ തണ്ണിമത്തന്‍ ശനിയാഴ്ച വിളവെടുത്തു. ആദ്യഘട്ടത്തില്‍ ലഭിച്ചത് ഒരു ക്വിന്റല്‍ വിളവ്. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ വിളവെടുത്ത് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ ചുമതല വഹിക്കുന്ന സി.എച്ച്. ഇഖ്ബാലിന് നല്‍കി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം. ഗോപാലകൃഷ്ണന്‍ അധ്യക്ഷയായിരുന്നു. കെ. പ്രിയ, എം. ഗുലാബി, ഇ. പദ്മാവതി, കെ. അമ്പു, എ. നാരായണന്‍ കളവയല്‍ എന്നിവര്‍ സംസാരിച്ചു.
Content Highlights: sreevidya from kasargod cultivated 100 kilos watermelon goes to israel for new technology
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..