കുട്ടനാട്, അപ്പര്‍കുട്ടനാട് നിലങ്ങളില്‍ നൂറുമേനി വിളയാന്‍ മണ്ണൂത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ച 'മനുവര്‍ണ' വിതരണത്തിനൊരുങ്ങി. അത്യുത്പാദനശേഷിയുള്ള ജ്യോതി, സ്വര്‍ണപ്രഭ എന്നിവയുടെ സങ്കരണത്തിലൂടെ വികസിപ്പിച്ചെടുത്ത വിത്താണിത്. അത്യുത്പാദനശേഷിയോടൊപ്പം മധ്യകാല മൂപ്പുള്ളതാണ് കെ.എ.യു. മനുവര്‍ണ. 128-138 ദിവസം മൂപ്പുള്ള ചുവന്ന ഉരുണ്ട അരിയോടുകൂടിയ ഈ ഇനത്തിന്റെ ശരാശരി വിളവ് ഹെക്ടറിന് 7.2 ടണ്‍ ആണ്. ചെടികള്‍ക്കു 100 - 120 സെന്റിമീറ്റര്‍ ഉയരമുണ്ടാകും. ഈ വര്‍ഷമാദ്യം വികസിപ്പിച്ചതെങ്കിലും ഇപ്പോഴാണു വിതരണത്തിനൊരുങ്ങിയത്.

സ്വാദുള്ള, പശിമയില്ലാത്ത ചോറ്

അരിയില്‍ 25.3 ശതമാനം അമൈലോസ് എന്ന അന്നജത്തിന്റെ ഘടകം അടങ്ങിയിട്ടുണ്ട്. ചോറ്് സ്വാദിഷ്ഠവും പശിമയില്ലാത്തതുമാണ്. അതിനാല്‍ ഉയര്‍ന്ന പാചകനിലവാരവും മൂല്യവര്‍ധിത ഉത്പന്ന സാധ്യതയുമുണ്ട്. മൂപ്പെത്തിയാല്‍ കതിരില്‍നിന്നു നെന്മണി കൊഴിയില്ല. കോള്‍ നിലങ്ങളുള്‍പ്പെടെ കേരളത്തിലെ സാധാരണ തണ്ണീര്‍ത്തടങ്ങളില്‍ വിരിപ്പിനും മുണ്ടകനും പറ്റിയ ഇനമാണ്. അതിനാല്‍ കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലും നന്നായിവിളയാന്‍ ഈ വിത്തിനു കഴിയുമെന്നാണു കൃഷിവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

പ്രതിരോധശേഷി കൂടുതല്‍

നെല്ലിലെ പ്രധാനകീടങ്ങളായ തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു, ഗാളീച്ച എന്നിവയ്‌ക്കെതിരേ പ്രതിരോധശേഷിയുണ്ട്. കതിരുകളുടെ എണ്ണവും മണിത്തൂക്കവും വിളവും കൂടുതലാണെന്നു പരീക്ഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പാലക്കാട്ടെ കൃഷിയിടങ്ങളില്‍ ഈ ഇനത്തിനു മികച്ചവിളവു ലഭിച്ചിരുന്നു. സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് 'ഉമ' വിത്ത്. അതേ സ്വീകാര്യതയും വിളവും മനുവര്‍ണയ്ക്കും കിട്ടുമെന്നാണു പ്രതീക്ഷ. മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാലയില്‍ 50 ടണ്‍ വിത്ത് തയ്യാറായിട്ടുണ്ട്. കിലോയ്ക്കു 42 രൂപയാണു വില. 

ഫോണ്‍- 9446370726.

Content Highlights: Special Breed Manuvarna Paddy cultivation