മലബാറില്‍ ഏറെ സുപരിചിതമായ ഷമാം ഇവിടെത്തന്നെ കൃഷിചെയ്യാമെന്നു തെളിയിച്ചിരിക്കുകയാണ് മലപ്പുറം കൃഷിവിജ്ഞാനകേന്ദ്രം. ഉത്തരേന്ത്യന്‍ നാടുകളില്‍ വളരെ സുപരിചിതമാണെങ്കിലും ഇവ കേരളത്തില്‍ അത്ര പ്രചാരത്തിലായിട്ടില്ല. ഗള്‍ഫ് നാടുകളിലെ പഴം എന്ന നിലയ്ക്കാണ് ഷമാം അഥവാ മസ്‌ക് മെലോണ്‍ അറിയപ്പെടുന്നത്.

വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ കഴിഞ്ഞാല്‍ ഏറെ പ്രിയമുള്ള ഒന്നാണ് ഷമാം ഷെയ്ക്ക്. തണ്ണിമത്തന്‍ പോലെത്തന്നെ പോഷക കലവറയാണ് ഷാമാമും. 90 ശതമാനത്തിനുമുകളില്‍ ജലാംശമുള്ള ഇതിന്റെ കായ്കളില്‍ ജീവകം സി, ജീവകം എ എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, മാഗ്നീഷ്യം, സിങ്ക് മുതലായ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ശരിയായ കൃഷി പരിപാലനമുറകളിലൂടെ തണ്ണിമത്തന്‍പോലെ കര്‍ഷകര്‍ക്ക് നല്ല ആദായംനല്‍കുന്ന മറ്റൊരു വിളകൂടിയാണ് ഷമാം.

മറ്റു സംസ്ഥാനങ്ങളിലെല്ലാം വ്യാപകമായിത്തന്നെ ഷമാം കൃഷിചെയ്യുന്നുണ്ടെങ്കിലും കേരളത്തില്‍ ഇതിന്റെ കൃഷി അത്ര പ്രചാരത്തിലായിട്ടില്ല. മറ്റു വേനല്‍ക്കാല വെള്ളരിവിളകളെ പോലെത്തന്നെ ഉഷ്ണമേഖലാ കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഒരു വിളയാണ് ഷമാം. ഈര്‍പ്പവും മഴയും കുറവുള്ള വരണ്ട കാലാവസ്ഥയാണ് ഷമാം കൃഷിക്ക് അനുയോജ്യം. അതുകൊണ്ടുതന്നെ കേരളത്തിലെ കാലാവസ്ഥാ സാഹചര്യങ്ങളില്‍ ഈ വിളയും കൃഷിചെയ്‌തെടുക്കാന്‍ സാധിക്കുമെന്നതാണ് പുതിയ പരീക്ഷണത്തിനു വഴിയൊരുക്കിയത്.

shamam
കെ.വി.കെയുടെ പരീക്ഷണത്തോട്ടത്തില്‍ കൃഷിചെയ്ത പഞ്ചാബ് സുനീറി

കൃഷിവിജ്ഞാനകേന്ദ്രം മേധാവി ഡോ. സി. ഇബ്രാഹീംകുട്ടിയുടെ മേല്‍നോട്ടത്തില്‍ അസി. പ്രൊഫസര്‍ കെ. പ്രശാന്താണ് ഷമാം കൃഷി പരീക്ഷണങ്ങള്‍ക്ക് നേതൃത്വംനല്‍കിയത്. കെ.വി.കെയിലെ പരീക്ഷണത്തോട്ടം, ചങ്ങരംകുളം എറവറാംകുന്ന് പാടശേഖരം എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയിറക്കിയത്. ഇതിനായി ബെംഗളൂരുവിലെ ഭാരതീയ ഉദ്യാനവിള ഗവേഷണകേന്ദ്രം പുറത്തിറക്കിയ അത്യുത്പാദന ശേഷിയുള്ള ഇനം അര്‍ക്ക സിറി, പഞ്ചാബ് കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ പഞ്ചാബ് സുനീറി എന്നീ ഇനങ്ങളാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിചെയ്തത്.

നല്ലൊരു വേനല്‍ക്കാലവിളയായി കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലും നീര്‍വാര്‍ച്ചയുള്ള തുറസ്സായ പറമ്പുകളിലും പുഴയോരങ്ങളിലും കൃഷിചെയ്തെടുക്കാം. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൃഷിയിറക്കിത്തുടങ്ങിയാല്‍ മാര്‍ച്ച് മുതല്‍ വിളവെടുക്കാം. കൃഷിയിട പരീക്ഷണങ്ങള്‍ വിജയമായതോടെ മുന്‍നിര പ്രദര്‍ശനത്തോട്ടങ്ങളൊരുക്കി ഷമാം കൃഷിക്ക് കൂടുതല്‍ പ്രചാരം കൊണ്ടുവരുന്നതിനുള്ള ഒരുക്കത്തിലാണ് മലപ്പുറം കൃഷിവിജ്ഞാനകേന്ദ്രം.

Content Highlights: Shamam cultivation in malappuram