മള്‍ബറി കര്‍ഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങളുമായി സെറികള്‍ച്ചര്‍ വകുപ്പ്, ഒപ്പം മറ്റ് പരിശീലനങ്ങളും


By ജയന്‍ വാര്യത്ത്

2 min read
Read later
Print
Share

മള്‍ബറി കൃഷി വ്യാപിച്ചാല്‍ കാന്തല്ലൂര്‍ പട്ടുനിര്‍മാണം വീണ്ടും ആരംഭിക്കാന്‍ കഴിയുമെന്ന് പ്രോജക്ട് ഡയറക്ടര്‍ സാജു സെബാസ്റ്റ്യന്‍ പറഞ്ഞു.

കാന്തല്ലൂർ ചുരക്കുളത്ത് കാരയൂർ ഗ്രാമവാസി ശിവകുമാറും ഭാര്യ നാദിയയും മൾബറി കൃഷിയിടത്തിൽ | ഫോട്ടോ: മാതൃഭൂമി

മറയൂര്‍: ഇടുക്കി ജില്ലയില്‍ മള്‍ബറി കര്‍ഷകര്‍ക്ക് നിരവധി ആനുകൂല്യങ്ങളുമായി വകുപ്പ്. കേരളത്തില്‍ മൂന്നുജില്ലയിലാണ് മള്‍ബറി കൃഷിചെയ്തുവരുന്നത്. ഇടുക്കി, പാലക്കാട്, വയനാട്. ഇടുക്കിയില്‍ രണ്ട് പഞ്ചായത്തിലാണ് ഇത് വ്യാപകമായി ചെയ്തുവരുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് 1030 മള്‍ബറി കര്‍ഷകര്‍ അഞ്ചുനാട്ടില്‍ ഉണ്ടായിരുന്നു. ഇവര്‍ ചെയ്ത മള്‍ബറി കൃഷിയുടെ അടിസ്ഥാനത്തില്‍ അഞ്ചുനാട് സില്‍ക്ക് യാണ്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാന്തല്ലൂര്‍ പട്ടുസാരികള്‍ നിര്‍മിച്ചിരുന്നു. എന്നാല്‍, കെടുകാര്യസ്ഥതമൂലം സംഘം പ്രവര്‍ത്തനരഹിതമായി. മള്‍ബറികൃഷി കുറഞ്ഞു.

ഇപ്പോള്‍ മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലാണ് മള്‍ബറി കൃഷിയുള്ളത്. 60 കര്‍ഷകരാണ് മള്‍ബറി കൃഷി ഇവിടെ ചെയ്തുവരുന്നത്. സെറികള്‍ച്ചര്‍ വകുപ്പ് വിവിധ പദ്ധതികളിലൂടെ കര്‍ഷകര്‍ക്ക് നല്ല ആനുകൂല്യങ്ങള്‍ നല്‍കിവരുന്നു. എന്നാല്‍, ലഭിക്കുന്ന തുക പൂര്‍ണമായി കര്‍ഷകര്‍ക്ക് വിതരണം ചെയ്യണമെങ്കില്‍ മറ്റുമേഖലകളില്‍നിന്ന് കൂടുതല്‍ കര്‍ഷകര്‍ ഈ കൃഷിയിലേക്ക് വരാന്‍ തയ്യാറാകണം എന്ന് ഈ പദ്ധതിയുടെ ചാര്‍ജ് വഹിക്കുന്ന ജില്ലാ പഞ്ചായത്ത് പ്രോജക്ട് ഡയറക്ടര്‍ സാജു സെബാസ്റ്റ്യനും ഇടുക്കി സെറികള്‍ച്ചര്‍ ഓഫീസര്‍ ജയ്‌സണ്‍ ജോസഫും പറഞ്ഞു. കര്‍ഷകര്‍ വര്‍ധിക്കുംതോറും കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍കഴിയുമെന്നും ഇവര്‍ പറഞ്ഞു. കാന്തല്ലൂര്‍ പഞ്ചായത്തിലെ കാരയൂര്‍ ഗ്രാമ സ്വദേശി ശിവകുമാറും ഭാര്യ നാദിയയും ഇത്തവണ വിളവെടുത്തു വെച്ചിരിക്കുന്നത് 1.5 ലക്ഷം രൂപയുടെ കൊക്കൂണാണ്.

നല്ല വിളവും വിലയും വിപണിയും

മറയൂര്‍, കാന്തല്ലൂര്‍ മേഖലയില്‍ നല്ല വിളവാണ് ലഭിച്ചുവരുന്നത്. രണ്ടരരൂപയാണ് തൈവില. നട്ടുകഴിഞ്ഞാല്‍ മൂന്നുമാസത്തിനകം വിളവെടുക്കാം. ഒരേക്കറില്‍ 5000 തൈ നടാം. ഈ കൃഷി ആസ്പദമാക്കി അണുവിമുക്തമായ (അണ്ഡശേഖരങ്ങള്‍) 200 മുട്ട വയ്ക്കാം. ഇതില്‍നിന്ന് 150 കിലോവരെ കൊക്കൂണ്‍ ലഭിക്കും. ഒരു കിലോ കൊക്കൂണിന് 400 മുതല്‍ 700 രൂപവരെ വില ലഭിച്ചുവരുന്നു. സീഡ് കൊക്കൂണാണെങ്കില്‍ 1000 രൂപമുതല്‍ 1300 രൂപവരെ വില ലഭിക്കും. മുന്‍പ് കൊക്കൂണ്‍ കോയമ്പത്തൂരിലും മേട്ടുപ്പാളയത്തും കൊണ്ടുചെന്ന് വില്പന നടത്തണമായിരുന്നു.

എന്നാല്‍, ഇന്ന് മറയൂരില്‍നിന്ന് 47 കിലോമീറ്റര്‍ അകലെ ഉദുമല്‍പേട്ട മയില്‍വാടിയിലെ തമിഴ്‌നാട് സര്‍ക്കാര്‍ വിപണിയില്‍ വില്പന നടത്താന്‍ കഴിയും. 32 കിലോമീറ്റര്‍ അകലെ ഒന്‍പതാറിലെ സ്വകാര്യ റീലിങ്ങ് യൂണിറ്റിലും വില്പന നടത്താം. നല്ല ജലസേചന സൗകര്യമൊരുക്കിയാല്‍ വര്‍ഷത്തില്‍ മുഴുവനും വിളവെടുക്കാന്‍ കഴിയും.

സെറികള്‍ച്ചര്‍ വകുപ്പിന്റെ ആനുകൂല്യങ്ങള്‍ ഇതാ

ഒരേക്കര്‍ കൃഷിക്കാണ് ആനുകൂല്യങ്ങള്‍ നല്‍കുക. തൈ നട്ടുപരിപാലിക്കുന്നതിന് 30,000 രൂപ. ജലസേചനത്തിന് 30,000 രൂപ. ഷെഡ് നിര്‍മാണം 1.5 ലക്ഷം രൂപ, ഉപകരണങ്ങള്‍ വാങ്ങുന്നതിന് 30,000 രൂപ എന്നീനിരക്കില്‍ നല്‍കിവരുന്നു. കൂടാതെ, കര്‍ഷകര്‍ക്ക് സാങ്കേതികപരിശീലനം, പഠനയാത്ര, മറ്റു സംസ്ഥാനങ്ങളിലെ ഫാം സന്ദര്‍ശനങ്ങള്‍ എന്നിവ സെറികള്‍ച്ചര്‍ വകുപ്പ് ഒരുക്കുന്നു.

മള്‍ബറി കൃഷി വ്യാപിച്ചാല്‍ കാന്തല്ലൂര്‍ പട്ടുനിര്‍മാണം വീണ്ടും ആരംഭിക്കാന്‍ കഴിയുമെന്ന് പ്രോജക്ട് ഡയറക്ടര്‍ സാജു സെബാസ്റ്റ്യന്‍ പറഞ്ഞു.

Content Highlights: sericulture department introduces various financial support schemes to mulberry farmers

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
jackfruit

1 min

ചക്ക പ്രേമികളുടെ കാത്തിരിപ്പിന് വിരാമം; ചക്കയ്ക്ക് 'ആപ്പായി'

Jul 21, 2022


coconut water jelly

2 min

തേങ്ങാവെള്ളത്തില്‍നിന്ന് ജെല്ലി; നാളികേരത്തിന്റെ പുത്തന്‍ മൂല്യവര്‍ധിതസാധ്യതയുമായി കണ്ണൂര്‍ സ്വദേശി

Apr 8, 2023


Pineapple

2 min

കിലോയ്ക്ക് 10 മുതല്‍ 13 രൂപവരെ; പൈനാപ്പിള്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍

Feb 1, 2021

Most Commented