കേരളത്തിന്റെ തനത് കാര്‍ഷിക വിളകള്‍ക്ക് അന്താരാഷ്ട്ര വിപണിയൊരുക്കി സ്റ്റാര്‍ട്ട് അപ്പ് രംഗത്ത് വ്യത്യസ്തരാകുകയാണ് സീഡ് അഗ്രിടെക്. ആറു സംസ്ഥാനങ്ങളില്‍ കര്‍ഷക കൂട്ടായ്മകള്‍ രൂപവത്കരിച്ച് ജൈവ-സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷിയും വിപണനവുമാണ് സീഡ് അഗ്രിടെക് നടത്തുന്നത്.

മഞ്ഞള്‍, ഇഞ്ചി, കുരുമുളക്, ഏലം, ജാതി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെയും നാണ്യവിളകളുടെയും ജൈവ കൃഷിയിലാണ് ഈ സംരംഭം ശ്രദ്ധയൂന്നുന്നത്.

2020-ഓടെ ഏകദേശം 50 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്നും കഴിഞ്ഞ രണ്ട് വര്‍ഷ കാലയളവില്‍ 30 കോടി രൂപയുടെ വാര്‍ഷിക വരുമാനം നേടാനായതായും സീഡ് അഗ്രിടെക് ഡയറക്ടര്‍ പ്രവീണ്‍ വാരിയരും ഫാമിങ് ഓപ്പറേഷന്‍സ് വിഭാഗം ഹെഡ് ബോബി ദേവരാജനും പറഞ്ഞു.

2014-ല്‍ കോര്‍പ്പറേറ്റ് ജോലി രാജിവെച്ചാണ് ഇരുവരും കാര്‍ഷിക സ്റ്റാര്‍ട്ട് അപ്പ് ലോകത്തേക്ക് ചുവടുവെച്ചത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ ദേശീയ-അന്തര്‍ദേശീയ ജൈവ വിപണിയില്‍ വേരുറപ്പിക്കാന്‍ സീഡ് അഗ്രിടെക്കിന് സാധിച്ചു. 

ഇന്ന് തമിഴ്നാട്, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും ശ്രീലങ്ക, ബര്‍മ തുടങ്ങിയ രാജ്യങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. 500-ല്പരം ജൈവ ഉത്പന്നങ്ങളുടെ വിപണന ശൃംഖലയാണ് സീഡ് അഗ്രിടെക് ഒരുക്കിയിട്ടുള്ളത്. യൂറോപ്പ്, യു.എസ്. തുടങ്ങിയ രാജ്യങ്ങളിലേക്ക് വിവിധ ജൈവ സുഗന്ധവ്യഞ്ജനങ്ങള്‍ സീഡ് അഗ്രിടെക് കയറ്റി അയയ്ക്കുന്നുണ്ട്.

നാടന്‍ മഞ്ഞളിന്റെ സാധ്യതകള്‍

കേരളത്തില്‍ മാത്രം കൃഷിചെയ്യുന്ന നാടന്‍ മഞ്ഞളിന് ഉയര്‍ന്ന വിപണിമൂല്യമാണുള്ളത്. ഈ മഞ്ഞളിന് കുര്‍ക്കുമിന്‍ ഘടകം കൂടുതലാണ്. കാന്‍സറിനെ വരെ പ്രതിരോധിക്കാന്‍ കുര്‍ക്കുമിന് കഴിയും. കുര്‍ക്കുമിന്‍ ഘടകം കൂടുതലുള്ള ആലപ്പി മഞ്ഞളിന്റെ (ആലപ്പി ഫിന്‍ഗര്‍ ടെര്‍മെറിക്) ഏറ്റവും വലിയ ഉത്പാദകരും വിതരണക്കാരുമാണ് സീഡ് അഗ്രിടെക്. ഇത്തരം മഞ്ഞളിന് ഉയര്‍ന്ന വിപണിമൂല്യമാണ് യു.എസ്., യൂറോപ്പ് തുടങ്ങിയ വിപണികളിലുള്ളതെന്നും ബോബി ദേവരാജന്‍ പറയുന്നു.

ആലപ്പി മഞ്ഞളിന്റെ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് കേരളത്തിലുടനീളം എ.എഫ്.ടി. ക്ലസ്റ്ററുകളും കമ്പനി സജ്ജീകരിക്കുന്നുണ്ട്. പ്രതിവര്‍ഷം 1,200 ടണ്‍ ആലപ്പി മഞ്ഞളിന്റെ വ്യാപാരമാണ് കമ്പനി ലക്ഷ്യമിടുന്നത്.

തൊഴിലും ഭാവിയും

നിലവില്‍ 12,000-ല്‍ അധികം കര്‍ഷകര്‍ സീഡ് അഗ്രിടെക്കിന്റെ ഭാഗമാണ്. ഭാവിയില്‍ 'ഒ ലീവ്സ്' എന്ന ബ്രാന്‍ഡ് നാമത്തില്‍ ഓര്‍ഗാനിക് റീട്ടെയ്ല്‍ വിഭാഗത്തിലേക്ക് ചുവടുവെയ്ക്കാനുള്ള ഒരുക്കത്തിലാണ്.

സുസ്ഥിര ജൈവകൃഷിയിലേക്കുള്ള സംഭാവനകള്‍ പരിഗണിച്ച് 2018-ല്‍ ഇന്ത്യയിലെ മികച്ച അഗ്രി സ്റ്റാര്‍ട്ട് അപ്പിനുള്ള അവാര്‍ഡും 2019-ല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ മേക് ഇന്‍ ഇന്ത്യയുടെ ഭാഗമായ ക്വാളിറ്റി മാര്‍ക്ക് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മികച്ച ജൈവ സംരംഭത്തിനുള്ള അവാര്‍ഡും സീഡ് അഗ്രിടെക് നേടിയിട്ടുണ്ട്.

Content Highlights: Seed AgriTech Startup