കൊച്ചി: റബ്ബര്‍ ധനസഹായ പദ്ധതി പ്രകാരമുള്ള പണം മാസങ്ങളായി കിട്ടാത്തതിനാല്‍ നാലര ലക്ഷത്തോളം കര്‍ഷകര്‍ വിഷമത്തില്‍. ജൂലായ് മുതലുള്ള പുതിയ ബില്ലുകള്‍ അപ്‌ലോഡ് ചെയ്യാനും കഴിയുന്നില്ല. ഏപ്രില്‍-മേയ് മുതലുള്ള പണം കിട്ടാനുണ്ട്. 

റബ്ബര്‍ ബോര്‍ഡ് ദിവസേന പ്രഖ്യാപിക്കുന്ന ആര്‍.എസ്.എസ്.-4 (റിബ്ഡ് സ്മോക്ഡ് ഷീറ്റ്) ഇനം ഷീറ്റിന്റെ വിലയും 150 രൂപയും തമ്മിലുള്ള വ്യത്യാസമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഉദാഹരണത്തിന് ആര്‍.എസ്.എസ്.-4 വില കിലോയ്ക്ക് 140 രൂപയാണെങ്കില്‍ ബാക്കി 10 രൂപ സര്‍ക്കാര്‍ കര്‍ഷകന് നല്‍കും.

കര്‍ഷകന്റെ ബില്ലുകള്‍ റബ്ബറുത്പാദക സംഘങ്ങളാണ് റബ്ബര്‍ബോര്‍ഡ് വഴി സര്‍ക്കാരിലേക്ക് അപ്‌ലോഡ് ചെയ്യുന്നത്. ഇതു പാസാകുന്ന മുറയ്ക്ക് പണം കര്‍ഷകന്റെ അക്കൗണ്ടിലേക്ക് നല്‍കും. റബ്ബര്‍വില കുത്തനെ കുറഞ്ഞ സമയത്ത് ഈ പദ്ധതി കര്‍ഷകന് വലിയ ആശ്വാസമായിരുന്നു.

എന്നാല്‍ ഈ വര്‍ഷം ജൂലായ് മുതലുള്ള ബില്ലുകള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് റബ്ബറുത്പാദക സംഘം ഭാരവാഹികള്‍ പറയുന്നു. കര്‍ഷകര്‍ കൊണ്ടുവരുന്ന ബില്ലുകള്‍ സംഘങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. ആറു മാസമായി പണം കിട്ടാതായതോടെ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലുമായി.

ജൂലായ് മുതല്‍ നടപ്പായ ചരക്ക്-സേവന നികുതിയാണ് പ്രശ്നമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ചെറുകിട വ്യാപാരികളുടെതാണെങ്കില്‍ ജി.എസ്.ടി. ബില്‍ ആവശ്യമില്ലെന്ന് പിന്നീട് സര്‍ക്കാര്‍ വ്യക്തമാക്കി. കേരളത്തില്‍ പത്തര ലക്ഷത്തോളം റബ്ബര്‍ കര്‍ഷകരുണ്ടെങ്കിലും പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 4,44,025 പേരാണ്. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ അവസാന കാലത്താണ് പദ്ധതി ആരംഭിച്ചത്. എല്‍.ഡി.എഫ്. സര്‍ക്കാരും ഇതു തുടരുകയാണ്.

അപ്രതീക്ഷിതമായി മഴ പെയ്യുന്നതിനാല്‍ ഇപ്പോള്‍ ടാപ്പിങ് കുറഞ്ഞിട്ടുണ്ട്. റെയിന്‍ ഗാര്‍ഡ് ഇട്ടിട്ടുള്ള കര്‍ഷകരും ടാപ്പിങ്ങിന് തൊഴിലാളികളെ നിയോഗിച്ചിട്ടുള്ളവരുമാണ് ഇപ്പോള്‍ പ്രധാനമായും ടാപ്പിങ് നടത്തുന്നത്. ടാപ്പിങ് കുറഞ്ഞാല്‍ ഉത്പാദനം കുറയും. ഇത് ഇറക്കുമതി കൂട്ടുകയും ചെയ്യും. അത് വിലയിടിയാന്‍ കാരണമാകുമെന്നതിനാല്‍ കര്‍ഷകര്‍ ത്രിശങ്കുവിലാണ്. സ്ഥിരം തൊഴിലാളികളുള്ളവര്‍ ഏതു സാഹചര്യത്തിലും ടാപ്പര്‍ക്ക് പണം നല്‍കണം. 

റബ്ബറിന് ഇപ്പോള്‍ 131.50 രൂപയാണ്. അതായത് കിലോയ്ക്ക് 18.50 രൂപ വീതം സര്‍ക്കാര്‍ കര്‍ഷകന് നല്‍കണം. ചില മാസങ്ങളില്‍ വില 150 രൂപയ്ക്കും മുകളിലെത്തിയത് സര്‍ക്കാരിനും ആശ്വാസമായിരുന്നു. റബ്ബര്‍വില കുറയുംതോറം സര്‍ക്കാരിന് ചെലവു കൂടും. 

ബില്ലുകള്‍ അപ്ലോഡ് ചെയ്യാന്‍ പറ്റാത്തത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അങ്ങനെയുണ്ടെങ്കില്‍ എത്രയും വേഗം പരിഹരിക്കുമെന്നും ധനമന്ത്രി ഡോ. തോമസ് ഐസക് 'മാതൃഭൂമി'യോടു പറഞ്ഞു. ജി.എസ്.ടി.യുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍-4,44,025

പരിശോധന കഴിഞ്ഞ ബില്ലുകള്‍-3,48,745

അംഗീകാരം ലഭിച്ചത്-3,43,630

പണം നല്‍കിയ ബില്ലുകള്‍-28,84,361

ആകെ നല്‍കിയ തുക-7,60,11,51,822