തിരുവനന്തപുരം: പച്ചമഞ്ഞളും കുരുമുളകും വെറ്റിലയും കൃഷിചെയ്ത് ഉപജീവനം നടത്തിയിരുന്ന കട്ടയ്ക്കോട് ചാത്തിയോട് സ്വദേശി ഡെയ്സി ഇപ്പോള്‍ കൃഷി നിര്‍ത്തി. കൃഷി തന്ന കടം വീട്ടാനുള്ള ഓട്ടത്തിലാണിപ്പോഴിവര്‍.

ഉത്പന്നങ്ങളുമായി കിലോമീറ്ററുകള്‍ താണ്ടി ചന്തയിലെത്തിയാലും കാര്യമായ വില കിട്ടുന്നില്ല. സ്വന്തമായി ഉണ്ടായിരുന്ന 50 സെന്റ് ഭൂമിയില്‍ തുടങ്ങിയ കൃഷിയില്‍ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു രണ്ടു പെണ്‍കുട്ടികളെയും വിവാഹം ചെയ്തയച്ചത്. ഭര്‍ത്താവ് മരിച്ചതോടെ, ഉണ്ടായിരുന്ന ഭൂമി രണ്ടു പേര്‍ക്കുമായി വീതിച്ചു കൊടുത്തെങ്കിലും കൃഷി തുടരാനാണ് മക്കള്‍ പറഞ്ഞത്. എന്നാല്‍ ഇനിയും ഇത് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഡെയ്സി പറയുന്നു.

വിലത്തകര്‍ച്ച, ഒപ്പം കാട്ടുമൃഗ ശല്യവും

മലയോര മേഖലയില്‍ നാണ്യവിളകള്‍ ഗണ്യമായി കുറഞ്ഞു. ശേഷിക്കുന്നവയില്‍ മുന്നിലുള്ളത് റബ്ബര്‍ തന്നെ. റബ്ബറിനാകട്ടെ ദിവസം തോറും വില താഴുകയും ചെയ്യുന്നു. മുന്‍വര്‍ഷങ്ങളില്‍ 80000 രൂപയ്ക്ക് കുരുമുളക് വിറ്റിരുന്ന വെള്ളറട ചൂണ്ടിക്കല്‍ സ്വദേശി ഷൈജുവിന് ഇത്തവണ ആകെ കിട്ടിയത് 35000 രൂപ. മാത്രമല്ല. കൈനിറയെ കടവുമായി. കുരുമുളകിനൊപ്പമുണ്ടായിരുന്ന 350 ചുവട് വാഴയും കാറ്റില്‍ നശിച്ചു. ഇതോടെ ബാങ്കില്‍ ഒന്നര ലക്ഷത്തിലധികം കുടിശ്ശികയുമായി. വിലത്തകര്‍ച്ചയും പ്രതികൂല കാലാവസ്ഥയും കാട്ടുമൃഗങ്ങളുടെ ശല്യവും വര്‍ദ്ധിച്ചതാണ് പെരിങ്ങമ്മല, വിതുര മലയോരമേഖലയിലെ കാര്‍ഷികരംഗത്തെ തളര്‍ത്തുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
 
ചെറുകിട കൃഷിക്കാര്‍ മാത്രമല്ല വന്‍കിട കച്ചവടക്കാരും ദുരിതമനുഭവിക്കുന്നുണ്ട്. നാണ്യവിളകളുടെ വിലത്തകര്‍ച്ച റബ്ബറുള്‍പ്പെടെയുള്ള വിളകളെ വളരെയധികം ബാധിക്കുന്നു. റബ്ബറിന്റെ വില അസ്ഥിരത കുറച്ചൊന്നുമല്ല കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നത്. 250 രൂപയ്ക്കു മുകളിലുണ്ടായിരുന്ന റബ്ബര്‍വില ഇപ്പോള്‍ വളരെ താഴ്ന്നു. ഏറ്റവും ഗുണനിലവാരമുള്ള ഷീറ്റിന് പരമാവധി വില ലഭിച്ചേക്കാം. എന്നാല്‍ ഇത്തരം ഷീറ്റുകള്‍ ലഭിക്കുക അപൂര്‍വമാണെന്ന് ചെമ്പൂരിലെ റബ്ബര്‍ സംഘത്തിന്റെ നടത്തിപ്പുകാരന്‍ കൂടിയായ ജോണ്‍സണ്‍ പറയുന്നു.

ഒരു കാലത്ത് നല്ല വില ലഭിച്ചിരുന്ന അടയ്ക്ക, കാപ്പി, കുരുമുളക്, കൊക്കോ എന്നിവയുടെ അവസ്ഥയും ദയനീയമാണ്. അന്‍പതു രൂപ ലഭിച്ചിരുന്ന കൊക്കോ, 30 രൂപയിലേക്ക് കൂപ്പുകുത്തി. അടയ്ക്കയുടെ വില മാത്രമാണ് അല്പം ഭേദം. കിലോയ്ക്ക് അന്‍പതു രൂപയോളം കിട്ടും. വില കൂടിയെങ്കിലും നാളികേരത്തിന്റെ ഉത്പാദനം ഉയരുന്നില്ല. ശ്രീലങ്കയില്‍ നിന്നാണ് സമീപകാലത്തായി നാട്ടില്‍ തേങ്ങയെത്തുന്നത്. 45-നുമുകളിലാണ് ഇതിന്റെ വില-നെടുമങ്ങാട് മാര്‍ക്കറ്റിലെ റഷീദ് ഇത്തിരിപ്പോന്ന തേങ്ങ ഉയര്‍ത്തിക്കാണിച്ച് പറയുന്നു.

വളരെയധികം ഉത്പന്നങ്ങള്‍ എത്തുമായിരുന്ന പെരിങ്ങമ്മല, കുറ്റിച്ചല്‍, നെടുമങ്ങാട്, കല്ലറ, ആറുകാണി, കിളിമാനൂര്‍, കല്ലറ, വെഞ്ഞാറമൂട് ചന്തകള്‍ നാണ്യവിളകളുടെ കാര്യത്തില്‍ ഇപ്പോള്‍ ശുഷ്‌കമാണ്. പരമ്പരാഗത ഉത്പന്നങ്ങള്‍ എത്തുന്നില്ല, പാരമ്പര്യകര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു, സ്ഥിതി തുടര്‍ന്നാല്‍ കടപൂട്ടേണ്ട സ്ഥിതിയിലാണെന്ന് പതിനേഴു വര്‍ഷമായി ചന്തമുക്കില്‍ വ്യാപാരം നടത്തുന്ന കെ.പി.എസ്.എം. ജങ്ഷന്‍ മാളവീയത്തില്‍ മണികണ്ഠന്‍ പറയുന്നു.

ടാപ്പിങ് മാത്രമെങ്കില്‍ പട്ടിണി

ഇപ്പോള്‍ വര്‍ഷത്തില്‍ പകുതി ദിവസം പോലും ടാപ്പിങ് നടക്കാറില്ല. ടാപ്പിങ്ങിനെ മാത്രം ആശ്രയിച്ചു ജീവിച്ചാല്‍ കുടുംബം പട്ടിണിയാകും. ഇതോടൊപ്പം മറ്റു ജോലിക്കു കൂടി പോയാണ് കുടുംബം പോറ്റുന്നതെന്ന് ഇറവൂര്‍ സ്വദേശിയും ടാപ്പിങ് തൊഴിലാളിയുമായ ചന്ദ്രന്‍ കിഴക്കേക്കര. ഇത് ചന്ദ്രന്റെ അനുഭവം മാത്രമല്ല ഈ രംഗത്തു പണിയെടുക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ ദയനീയതയാണ്. വിലക്കുറവിനുപുറമെ പ്രതികൂല കാലാവസ്ഥയും കര്‍ഷകരെ കടക്കാരാക്കുന്നു. കഴിഞ്ഞ വര്‍ഷം ആദ്യമുണ്ടായ കടുത്ത വേനല്‍ വെറ്റിലകൃഷിയെ കാര്യമായി തകര്‍ത്തു. പിന്നാലെ വന്ന ഓഖി കാറ്റും ശേഷിച്ച കൃഷി നശിപ്പിച്ചതായി പനവൂര്‍ കൊങ്ങണം സ്വദേശിയും വെറ്റില കര്‍ഷകനുമായ കൃഷ്ണപിള്ള പറഞ്ഞു.

വര്‍ഷാവസാനത്തിലുണ്ടായ ഓഖി ചുഴലിക്കാറ്റ് മലയോര മേഖലയില്‍ വലിയ നാശം വിതച്ചിരുന്നു. കൊടുക്കുന്ന ഉത്പന്നത്തിനു തീരെ വിലയില്ല. എന്നാല്‍ വാങ്ങുന്നതിനു അമിതവിലയും. ഇതാണ് കര്‍ഷകനായ നെല്ലനാട് മോഹനന്‍നായരുടെ പരാതി.

റബ്ബറിന്റെ വിലയിടിവാണ് ഗ്രാമീണമേഖലയില്‍ ഇന്നുകാണുന്ന സാമ്പത്തിക മാന്ദ്യത്തിന്റേയും അടിസ്ഥാന കാരണമെന്ന് കര്‍ഷകരും വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു. കടകളില്‍ കാര്യമായ കച്ചവടങ്ങള്‍ നടക്കുന്നില്ല. ചന്തകള്‍ നിര്‍ജ്ജീവമാകുന്നു. നിരവധിപേര്‍ക്ക് കാര്‍ഷികവൃത്തിയും തൊഴിലും നഷ്ടമായി. കുട്ടികളുടെ ട്യൂഷനുകള്‍ നിര്‍ത്തലാക്കി. ജീവിത സൗകര്യങ്ങള്‍ വെട്ടിക്കുറച്ചു. എങ്കിലും റബ്ബറിന്റെ പഴയവില തിരികെ വരുമെന്നും ജീവിതം തിരിച്ചു പിടിക്കാനാവുമെന്നുമുള്ള പ്രതീക്ഷയിലാണ് കര്‍ഷകരും തോട്ടം ഉടമകളും ഗ്രാമീണജനതയും.

റബ്ബര്‍ പ്രധാന പ്രതിസന്ധി

റബ്ബറിന്റെ വിലയിടിവ് ഗ്രാമീണമേഖലയിലെ ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മുന്‍പെന്നപോലെ നിലവില്‍ ക്രയവിക്രയങ്ങളൊന്നും നടക്കുന്നില്ല. വിപണിയിലെ മാന്ദ്യം ദൈനംദിന ജനജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ട്. നാണ്യവിളകളുടെ വരവും ഗണ്യമായി കുറഞ്ഞു. റബ്ബറിന്റെ വിലയിടിവിന്റെ കാരണം കണ്ടെത്തി പരിഹരിക്കുക മാത്രമേ പ്രശ്നത്തിന് പരിഹാരമുള്ളൂ.

- ഡി.എസ്. ശ്രീജാകുമാരി, എം.ഡി. തിരുവനന്തപുരം ജില്ലാ സഹകരണ മാര്‍ക്കറ്റിങ് ആന്റ് പ്രോസസിങ് സൊസൈറ്റി

Content highlights: Rubber, Agriculture, Cash crops