കൊച്ചി: റബ്ബറിന്റെ രാജ്യാന്തരവില നൂറിനും താഴേക്ക്. ജനുവരിയില്‍ 200 രൂപയ്ക്ക് മുകളിലെത്തിയിരുന്നു. വിലക്കുറവ് കണക്കിലെടുത്ത് വ്യവസായികള്‍ കൂടുതല്‍ റബ്ബര്‍ ഇറക്കുമതി ചെയ്താല്‍ കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാകും.

ബാങ്കോക്ക് വിപണിയില്‍ തിങ്കളാഴ്ച 2.12 രൂപ കുറഞ്ഞ് വില 100.85 രൂപയായി. ഇനിയും താഴേക്ക് പോയേക്കുമെന്നാണ് സൂചന. ഊഹമാര്‍ക്കറ്റുകളും പിന്നോട്ടുള്ള പ്രവണതയാണ് കാണിക്കുന്നത്. നാട്ടിലെ വില ഇതിന് ആനുപാതികമായി കുറയുന്നില്ല. മഴ തുടരുന്നതിനാല്‍ ഇവിടെ വിപണിയില്‍ റബ്ബര്‍ലഭ്യത കുറവുണ്ട്. അന്താരാഷ്ട്ര വിലയ്ക്ക് ആനുപാതികമായി ഇവിടെ വില കുറയാത്തതിന് കാരണമിതാണ്. 

തിങ്കളാഴ്ച 50 പൈസ കുറഞ്ഞ് 124.50 രൂപയായി. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയാണ് രാജ്യാന്തര വില കുറയുന്നതെന്ന് വിപണിയിലുള്ളവര്‍ പറയുന്നു. ഊഹക്കച്ചവടക്കാരാണ് വിപണി നിയന്ത്രിക്കുന്നത്.

25 ശതമാനമാണ് ഇറക്കുമതിത്തീരുവ. ഏതാനും സെസുകളും വരും. ഇപ്പോഴത്തെ വിലയ്ക്ക് ഇറക്കുമതി ചെയ്താലും 125 രൂപയില്‍ കൂടുതലാകും. അതിനാല്‍ ഇപ്പോഴും നാട്ടില്‍നിന്ന് വാങ്ങുന്നതാണ് വ്യവസായികള്‍ക്ക് ലാഭം. എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ വില ദിവസേന കുറയുന്നതിനാല്‍ അവര്‍ ഇവിടെ വിപണിയില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. 

ഇത് കര്‍ഷകരില്‍ സമ്മര്‍ദം ചെലുത്തുകയും കുറഞ്ഞവിലയ്ക്ക് അവര്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യും. വില കുറയുമ്പോള്‍ രണ്ട് പ്രശ്നങ്ങളാണുണ്ടാകുക. കര്‍ഷകര്‍ ടാപ്പിങ് കുറയ്ക്കും. ഇത് വിപണിയില്‍ റബ്ബര്‍ കുറയ്ക്കും. ആവശ്യത്തിന് റബ്ബര്‍ കിട്ടുന്നില്ലെന്നുപറഞ്ഞ് വ്യവസായികള്‍ ഇറക്കുമതി ചെയ്യും. ഇത് പിന്നെയും വില കുറയ്ക്കും. 

ഇനിയെന്ത്?
ഡിസംബറാകുന്നതോടെ പ്രമുഖ ഉത്പാദക രാജ്യമായ തായ്ലാന്‍ഡില്‍ ശൈത്യകാലം ആരംഭിക്കും. ഇന്‍ഡൊനീഷ്യയില്‍ മഴക്കാലം തുടങ്ങുകയാണ്. ഇതുരണ്ടും അന്താരാഷ്ട്ര വിപണിയില്‍ റബ്ബര്‍ കുറയ്ക്കും. അതിനാല്‍ ഇവിടത്തെ വിപണിയില്‍നിന്ന് അധികനാള്‍ വിട്ടുനില്‍ക്കാന്‍ വ്യവസായികള്‍ക്ക് കഴിയില്ലെന്ന് പറയുന്നവരുണ്ട്. അങ്ങനെവന്നാല്‍ ഇവിടെ കാര്യമായ വിലത്തകര്‍ച്ചയുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരിയോടെയാണ് നാട്ടിലെ സീസണ്‍ കഴിയുന്നത്.