പൊന്‍കുന്നം: അസാധാരണമാംവിധം രോഗപ്പകര്‍ച്ചയിലാണ് പ്രളയകാലത്തിനുശേഷം മിക്ക റബ്ബര്‍ത്തോട്ടങ്ങളും. പ്രത്യക്ഷത്തില്‍ പ്രളയം റബ്ബര്‍കൃഷി മേഖലയെ ബാധിച്ചില്ലെങ്കിലും പ്രളയത്തിനിടയാക്കിയ തുടര്‍ച്ചയായ മഴയാണ് റബ്ബര്‍ക്കൃഷിയെ തളര്‍ത്തിയത്. ഇലകൊഴിച്ചിലും ചീക്കുരോഗവും കൊണ്ട് ഭൂരിഭാഗം തോട്ടങ്ങളും ഉല്‍പ്പാദനത്തില്‍ പിന്നോട്ടാണ്.

ഡിസംബര്‍-ജനുവരിയിലായിരുന്നു റബ്ബര്‍മരങ്ങളിലെ സ്വാഭാവിക ഇലകൊഴിച്ചില്‍. ഇത്തവണ മൂന്നു മാസം മുന്‍പേ തോട്ടങ്ങള്‍ ഇലകൊഴിച്ചു. തുടരെയുള്ള മഴമൂലമുള്ള ഫംഗസ് ബാധയാണ് മരങ്ങളെ കാലം തെറ്റിയുള്ള ഇലകൊഴിയുംകാലത്തിലേക്ക് നയിച്ചത്.

ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതില്‍ നല്ലൊരു പങ്ക് കരുത്തുള്ള ഇലകളാണ്. ഇല കൊഴിഞ്ഞാല്‍ സ്വാഭാവികമായി ഉല്‍പ്പാദനത്തില്‍ ഇടിവുണ്ടാകും.

ഹെലികോപ്ടറുകള്‍ പറന്ന കാലം

ഇലകൊഴിച്ചിലിനെ തടയാന്‍ തുരിശടിക്കുന്ന രീതിയുണ്ടായിരുന്നു മുന്‍പ് തോട്ടങ്ങളില്‍. തുരിശും(കോപ്പര്‍ സള്‍ഫേറ്റ്) കക്ക നീറ്റിയുണ്ടാക്കുന്ന ചുണ്ണാമ്പും ചേര്‍ത്തായിരുന്നു ഈ മിശ്രിതം തയ്യാറാക്കിയിരുന്നത്. വന്‍കിട തോട്ടങ്ങളില്‍ ഹെലികോപ്ടറിലായിരുന്നു തുരിശടിക്കല്‍.

റബ്ബര്‍ വിലയിടിവ് മൂലം തുരിശടിക്കുന്ന രീതി കാലങ്ങളായി കര്‍ഷകര്‍ സ്വീകരിക്കാറില്ല. അതോടെ ഫംഗസ് ബാധ ഏറി. തുടരെയുള്ള മഴയില്‍ ഫംഗസ് പെരുകുമ്പോള്‍ പ്രതിരോധിക്കാന്‍ ഇലകള്‍ക്ക് ശക്തിയില്ല. ഇതിന്റെ ഫലമായി പുള്ളിക്കുത്തുകള്‍ വീണ് പഴുക്കുന്ന ഇലകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ കൊഴിഞ്ഞുപോകും.

ചീക്കുരോഗം കൂടി

എല്ലാ മഴക്കാലത്തും പിങ്ക്(ചീക്ക്) രോഗബാധ തോട്ടങ്ങളില്‍ പതിവാണെങ്കിലും ഇത്തവണ വ്യാപകമാണ്. തുടര്‍ച്ചയായുള്ള മഴയാണ് രോഗവ്യാപനത്തിന് കാരണം.

രണ്ടു മുതല്‍ 12 വര്‍ഷം വരെ പ്രായമുള്ള മരങ്ങളെയാണ് പിങ്ക് രോഗം ബാധിക്കുന്നത്. രോഗം പിടിപെട്ട ഭാഗം പൂപ്പല്‍ ബാധിച്ച് പിങ്ക് നിറത്തിലോ വെള്ളനിറത്തിലോ വന്ന ശേഷം റബര്‍പാല്‍ പൊട്ടിയൊഴുകും. പിന്നീട് ശിഖരങ്ങള്‍ ഉണങ്ങിപ്പോകുകയാണ് പതിവ്. അതോടെ ആ മരത്തിന്റെ കറയുല്പാദനശേഷി നശിക്കുകയാണ്.

കോപ്പര്‍ സള്‍ഫേറ്റ്(തുരിശ്), ചുണ്ണാമ്പ് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ബോര്‍ഡോ മിശ്രിതം ഒരു മരത്തില്‍ പുരട്ടണമെങ്കില്‍ കുറഞ്ഞത് ഇരുന്നൂറു രൂപ മുടക്കുവരും. അതിനാല്‍ വിലക്കുറവിന്റെ കാലത്ത് ഇടത്തരം കര്‍ഷകര്‍ ഇതൊന്നും ചെയ്യാറില്ല.