കൊച്ചി: റബ്ബര്‍ ഇറക്കുമതിയിലൂടെ കേന്ദ്രസര്‍ക്കാരിന് വര്‍ഷം നികുതിയായി ലഭിക്കുന്നത് 2000 കോടിയോളം രൂപ. എന്നിട്ടും കര്‍ഷകന്റെ ആവശ്യങ്ങളോട് കൈമലര്‍ത്തുകയാണ് സര്‍ക്കാര്‍. കിട്ടുന്നതില്‍ ഒരു ഭാഗമെങ്കിലും സംസ്ഥാനത്തിന്റെ റബ്ബര്‍ സഹായധനം പദ്ധതിക്ക് കൈമാറിയാല്‍ കിലോയ്ക്ക് 200 രൂപയെങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കും.

സ്വാഭാവിക റബ്ബര്‍ ഇറക്കുമതിക്ക് 25 ശതമാനമാണ് ഇറക്കുമതിത്തീരുവ. ഇതിനൊപ്പം മൂന്നുശതമാനം സെന്‍ട്രല്‍ എക്സൈസ് തീരുവ, മൂന്നുശതമാനം കസ്റ്റംസ് സെസ്, നാലുശതമാനം കൗണ്ടര്‍വെയ്ലിങ് തീരുവ എന്നിവയും വരും. ആകെ 35 ശതമാനം നികുതി.

ബാങ്കോക്ക് വിപണിയില്‍ റബ്ബര്‍വില കിലോയ്ക്ക് 120 രൂപയാണെന്ന് കരുതുക. എങ്കില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ 42 രൂപ നികുതിയും ചേര്‍ത്ത് 162 രൂപയെങ്കിലുമാകും ചെലവ്. കൈകാര്യച്ചെലവ് വേറെ.

ഒരുലക്ഷം മെട്രിക് ടണ്‍ ഇറക്കുമതി ചെയ്യുമ്പോള്‍ കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്നത് 420 കോടിയോളം രൂപ. വര്‍ഷം 4.5 ലക്ഷം മെട്രിക് ടണ്‍ റബ്ബര്‍ ഇറക്കുമതി ചെയ്യുന്നുവെന്നാണ് കണക്ക്. അതിലൂടെ സര്‍ക്കാരിന് ലഭിക്കുന്നത് 1,900 കോടി രൂപ. ബാങ്കോക്ക് വിപണിയില്‍ വില ഉയര്‍ന്നാല്‍ ഇത് പിന്നെയും വര്‍ധിക്കും.

ഇതിന്റെ ഒരു വിഹിതംപോലും കര്‍ഷകക്ഷേമ പദ്ധതികള്‍ക്ക് ചെലവിടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന പഠനസമിതിയുടെ സിറ്റിങ് കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്നു. ഇന്‍ഫാം ദേശീയ ട്രസ്റ്റി ഡോ. എം.സി. ജോര്‍ജ് ഈ കണക്കുകള്‍ സമിതിക്ക് മുമ്പാകെ അവതരിപ്പിച്ചു. കിലോയ്ക്ക് 150 രൂപ ഉറപ്പാക്കുന്ന പദ്ധതി സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. മാസങ്ങള്‍ വൈകിയാവും പണം കിട്ടുക. കേന്ദ്രം ഒരു വിഹിതം കൂടി നല്‍കിയാല്‍ കിലോയ്ക്ക് 200 രൂപ ഉറപ്പാക്കാനാകുമെന്ന് അദ്ദേഹം പറയുന്നു.
 
വില കുറയുമ്പോള്‍ നിലയ്ക്കുന്ന ടാപ്പിങ്

2012-'13 കാലത്തെ രാജ്യത്തെ ഉത്പാദനം 9,13,700 ടണ്‍ ആയിരുന്നു. വിലത്തകര്‍ച്ചയുണ്ടായതിനെത്തുടര്‍ന്ന് കര്‍ഷകര്‍ ടാപ്പിങ് നിര്‍ത്തിയതിനാല്‍ 2015-'16-ല്‍ ഇത് 5,62,000 ടണ്ണായി കുറഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ കിലോയ്ക്ക് 150 രൂപ ഉറപ്പാക്കുന്ന പദ്ധതി പ്രഖ്യാപിച്ചതോടെ ഉത്പാദനം വീണ്ടും ഉയര്‍ന്ന് 2016-'17-ല്‍ 6,91,000 ടണ്ണായിട്ടുണ്ട്.

വില കൂടിയാല്‍ ഉത്പാദനം കൂടുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. പത്തുലക്ഷം ടണ്ണോളമാണ് രാജ്യത്തെ വര്‍ഷിക ആവശ്യം. ഇതിനെക്കാള്‍ മൂന്നു മുതല്‍ നാലു ലക്ഷം ടണ്‍ വരെ കുറവാണ് ഇപ്പോള്‍ ഉത്പാദനം. ഇറക്കുമതി ഇത്രയും മാത്രമാക്കി ചുരുക്കണമെന്നാണ് കര്‍ഷകസംഘടനകള്‍ ആവശ്യപ്പെടുന്നത്. ആവശ്യത്തിലധികം ഇറക്കുമതി ചെയ്ത് നാട്ടിലെ വിലയിടിക്കുന്ന രീതിയാണ് വന്‍കിട വ്യവസായികള്‍ ചെയ്യുന്നത്.

Content highlights: Rubber,Agriculture, Tapping