കൂനൂര്‍: റബ്ബര്‍, കാപ്പി മേഖലയിലെ ഉത്പാദനം കഴിഞ്ഞവര്‍ഷം കുത്തനെ ഇടിഞ്ഞതില്‍ കൂനൂരില്‍ നടന്ന യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഉപാസി) സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. 15 വര്‍ഷത്തിനിടെ റബ്ബര്‍ ഉത്പാദനം ഏറ്റവും കുറവായിരുന്നു പോയവര്‍ഷം. 9.2 ലക്ഷം ടണ്ണില്‍നിന്ന്  5.62 ലക്ഷം ടണ്ണായി ഉത്പാദനം കുറഞ്ഞു.

റബ്ബര്‍ പുനര്‍നടീലിന് സര്‍ക്കാര്‍ സബ്‌സിഡി പരിഷ്‌കരിക്കണം. ഹെക്ടറിന് നിലവില്‍ നല്‍കുന്ന സബ്‌സിഡി 25,000 മുതല്‍ 35,000 രൂപ വരെയാണ്. മറ്റ് റബ്ബര്‍ ഉത്പാദക രാഷ്ട്രങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് തുച്ഛമാണ്. കാപ്പി ഉത്പാദനരംഗത്ത് കഴിഞ്ഞവര്‍ഷം തളര്‍ച്ചയാണ് അനുഭവപ്പെട്ടത്. കീടപ്രതിരോധം ശക്തിപ്പെടുത്തിയും മികച്ച വിളവുതരുന്ന ഇനങ്ങള്‍ സൃഷ്ടിച്ചും കാപ്പി ഉത്പാദനം വര്‍ധിപ്പിക്കേണ്ടതുണ്ട്. തോട്ടംമേഖലയുടെ വളര്‍ച്ചയെക്കരുതി തോട്ടം ഉത്പന്നങ്ങളെ ചരക്കുസേവന നികുതിയില്‍നിന്ന് ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ലോകവിപണി പിടിച്ചടക്കാന്‍ തോട്ടംമേഖല ഗുണനിലവാരത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് ഉപാസിയുടെ 124-ാം സമ്മേളനം ഉദ്ഘാടനംചെയ്ത് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. അമിത രാസവളപ്രയോഗം മണ്ണിന്റെ ആരോഗ്യം തകര്‍ക്കയാണ്. തത്കാലം വിളവുകൂട്ടാന്‍ ഇത് സഹായിക്കുമെങ്കിലും ദീര്‍ഘകാലത്തേക്ക് വിള കുറയാനാണ് ഇത് കാരണമാവുകയെന്നും അദ്ദേഹം പറഞ്ഞു.

തേയില ഉള്‍പ്പെടെയുള്ള തോട്ടംമേഖലയില്‍ പുതിയ വിപണനതന്ത്രങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത കേന്ദ്രമന്ത്രി പര്‍സോത്തംഭായ് രൂപാല അഭിപ്രായപ്പെട്ടു.13 ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക് തോട്ടംമേഖല സ്ഥിരം തൊഴില്‍ നല്‍കുന്നതായി ഉപാസി പ്രസിഡന്റ് ഡി. വിനോദ് ശിവപ്പ പറഞ്ഞു. മേഖലയില്‍ കുറഞ്ഞ വേതനസംവിധാനം കൊണ്ടുവരാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണം. കയര്‍ബോര്‍ഡ് ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന്‍, ഉപാസി വൈസ് പ്രസിഡന്റ് ടി. ജയരാമന്‍ എന്നിവര്‍ സംസാരിച്ചു.