എടവണ്ണ: തൃക്കലങ്ങോട് ആമയൂരിലെ ചോലയില്‍ വീട്ടില്‍ അലി അക്ബറിന്റെ കഠിനാധ്വാനത്തിനു ഫലമുണ്ടായി. മലമുകളിലെ റബ്ബര്‍തൈകള്‍ക്ക് ഇടവിളയായിചെയ്ത കരനെല്‍കൃഷിയില്‍ ഇവിടെ നൂറുമേനി വിളവ്. അഞ്ചേക്കര്‍ സ്ഥലത്താണ് നെല്ല് കൊയ്ത്തിനൊരുങ്ങി നില്‍ക്കുന്നത്. നാലുമാസം പ്രായമായ റബ്ബര്‍തൈകള്‍ക്കിടയിലാണ് അലി അക്ബര്‍ നെല്ല് വിതച്ചത്. തൃക്കലങ്ങോട് കൃഷിഭവനില്‍നിന്നുള്ള കരനെല്‍കൃഷി ധനസഹായം പ്രയോജനപ്പെടുത്തിയാണ് ഇദ്ദേഹം ഉമ വിത്തിറക്കിയത്.

കാടുവെട്ടിത്തെളിക്കാനും നിലമൊരുക്കാനും കളപറിക്കാനുമൊക്കെ അസം തൊഴിലാളികളുടെ സഹായംകൂടി തേടിയിരുന്നു. എം.സി.എക്കാരനായ മകനും ഇടയ്‌ക്കൊക്കെ ഉപ്പയെ സഹായിക്കാനെത്തും. നെല്ലിനുപുറമെ പച്ചക്കറി, കവുങ്ങ് തുടങ്ങിയ കൃഷിയുമുണ്ട് ഇദ്ദേഹത്തിന്. ദിവസവും രാവിലെ കൃഷിയിടത്തിലെത്തിയാല്‍ വൈകീട്ടാണ് മടക്കം. കൃഷി നഷ്ടമാണെന്ന വാദം മടിയന്‍മാരുടേതാണെന്നാണ് അലി അക്ബര്‍ പറയുന്നത്.

കഠിനാധ്വനത്തിന് മണ്ണ് കനിയുമെന്നുതന്നെയാണ് ഈ കര്‍ഷകന്റെ അനുഭവം. എന്നാല്‍ വലിയ ലാഭചിന്ത അരുതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കാരക്കുന്ന് ചീനിക്കലിനടുത്ത കുന്നിനുമേലെയാണ് റബ്ബര്‍ തോട്ടത്തിലെ ഈ കരനെല്ല്. ഈമാസം അവസാനത്തോടെ ഇതു കൊയ്‌തെടുക്കാനാകും. ഇനി ആമയൂരിലെ കവുങ്ങിന്‍തോട്ടത്തില്‍ പ്രത്യേക തടങ്ങളൊരുക്കി കൃഷിയിറക്കാനും പദ്ധതിയുണ്ട്. കാര്‍ഷികാനുകൂല്യങ്ങള്‍ യഥാസമയം ലഭ്യമാകുന്നതും പ്രചോദനമാണെന്ന് അലി അക്ബര്‍ പറയുന്നു.