കോട്ടയം: ജനിതകമാറ്റം വരുത്തിയ റബ്ബര്‍മരം വളര്‍ത്തിയെടുക്കാന്‍ റബ്ബര്‍ ബോര്‍ഡ് ശ്രമം തുടങ്ങി. ഇതിന് അസം സര്‍ക്കാര്‍ അനുമതി നല്‍കി. ഓരോ പ്രദേശത്തിനും കാലാവസ്ഥയ്ക്കും ചേര്‍ന്ന ഇനങ്ങള്‍ കണ്ടെത്താനുമാകുമെന്നാണ് പ്രതീക്ഷ.

അസമിലെ ഗുവാഹാട്ടിയിലുള്ള സരുതരി ഫാമിലാണ് ജനിതകമാറ്റം വരുത്തിയ റബ്ബര്‍ പരീക്ഷണാടിസ്ഥാനത്തില്‍ വളര്‍ത്തുക. അസമില്‍ 57,000 ഹെക്ടര്‍ സ്ഥലത്ത് റബ്ബര്‍കൃഷിയുണ്ട്.

രാജ്യത്തിന് പ്രതിവര്‍ഷം പത്തുലക്ഷം ടണ്ണോളം സ്വാഭാവിക റബ്ബര്‍ ആവശ്യമുണ്ട്. ഇപ്പോള്‍ ഉത്പാദനം ഏഴുലക്ഷംമാത്രമാണ്. ഈ അന്തരം ചൂണ്ടിക്കാട്ടിയാണ് പലപ്പോഴും വ്യവസായികള്‍ റബ്ബര്‍ ഇറക്കുമതിചെയ്യുന്നത്.

പുതിയ ക്ലോണ്‍ ഇനങ്ങള്‍ കണ്ടെത്തുകയും ഉത്പാദനക്ഷമത കൂട്ടുകയും ചെയ്യുന്നതിലൂടെ ഇറക്കുമതി കുറയ്ക്കാനാകും.

നിലവിലെ നിയമങ്ങളനുസരിച്ച് ജനിതകമാറ്റം വരുത്താന്‍ അനുമതി ആവശ്യമാണ്. ഭക്ഷ്യയോഗ്യമായ വിത്തിനങ്ങളുടെ കാര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍.

ജി.എം.റബ്ബര്‍ എന്നാല്‍

ഓരോ റബ്ബറിനത്തിന്റെയും പ്രത്യേകത, ഒരു പ്രത്യേക ജീനിന്റെ സാന്നിധ്യമോ അഭാവമോകൊണ്ടുള്ളതാണ്. ഉദാഹരണത്തിന്, ഒരിനത്തിന് നല്ല വണ്ണം വെയ്ക്കും; പക്ഷേ, പാല്‍ കുറവായിരിക്കും. ഓരോ കുറവിനും കാരണമായ ജീനുകള്‍ കണ്ടെത്തും. അവ പരമാവധി ഒഴിവാക്കും; ഗുണമുള്ള ജീനുകള്‍ ചേര്‍ക്കും. ഇങ്ങനെ ജനിതകമാറ്റം വരുത്തിയ മെച്ചപ്പെട്ട ഇനങ്ങള്‍ കണ്ടെത്തും.

രാജ്യത്ത് റബ്ബര്‍കൃഷി കൂടുതലും കേരളത്തില്‍

ഇന്ത്യയില്‍ 8.18 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് റബ്ബര്‍കൃഷിയുണ്ട്. ഇതില്‍ 5.51 ലക്ഷം ഹെക്ടറും കേരളത്തിലാണ്.

ഏഴുവര്‍ഷംകൊണ്ട് ഫലം

സാധാരണഗതിയില്‍, ജി.എം. ഇനം ഉള്‍പ്പെടെയുള്ളവ പുതുതായി വളര്‍ത്തിയെടുത്ത് കൃഷിക്കു നല്‍കണമെങ്കില്‍ 23 വര്‍ഷത്തെ പഠനങ്ങള്‍ വേണം. എന്നാല്‍, ഇവ വേഗം വളര്‍ത്തിയെടുത്ത് പഠനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജീനോം സ്വീക്വന്‍സിങ് സഹായിക്കും. ജനിതകരഹസ്യങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള രീതിയാണിത്. ഇതിലൂടെ ഏഴുവര്‍ഷംകൊണ്ട് പുതിയ ഇനം കൃഷിക്കു നല്‍കാനാകും.

ജീനോം ബാങ്കും സഹായകമാകും

റബ്ബറിനങ്ങളുടെ ലോകത്തെ ഏറ്റവും വലിയ ജീനോം ബാങ്ക് ബോര്‍ഡിന്റെ കോട്ടയം പുതുപ്പള്ളിയിലെ റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. ഉത്പാദനക്ഷമത കൂടിയ ഇനങ്ങള്‍ കണ്ടെത്താന്‍ ഈ ജീനോം ബാങ്കും സഹായകമാകും-ഡോ.ജെയിംസ് ജേക്കബ്,! ഡയറക്ടര്‍,റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പുതുപ്പള്ളി.